പേടിയെപ്പറ്റി ചില കുറിപ്പുകൾ
1
ഓർക്കാപ്പുറത്തു നനഞ്ഞു
വിറച്ചു ചൂളിയിരിക്കും
പൂച്ചക്കുഞ്ഞിനെപ്പോലെ തോന്നുന്നു
ചിലപ്പോഴെങ്കിലും എന്നെ!
പേടിയെപ്പറ്റി മറ്റൊരാളോടു പറഞ്ഞ
എന്നെ കൊല്ലാൻ തോന്നുന്നു.
ഞാൻ
എവിടെപ്പോയി?
2
ഉടഞ്ഞ പാത്രംപോലെ ചിതറിപ്പോയ ഞാൻ
എങ്ങനെയാണ് മറ്റൊരാളെ നോക്കുക?
3
വലിയവരുടെ ഹുങ്കാരവംപോലെ കടൽത്തിര ആർക്കുമ്പോൾ
തീരത്തെ മണലിൽ നിഴൽവീഴ്ത്തും പരുന്തുകൾ
എന്നെ കൊത്തിക്കൊണ്ടുപോകുമോ
എന്നു ഞാൻ ഭയന്നു.
മാളങ്ങൾ തേടി അലയുന്ന
ഞണ്ടായിരുന്നു
ഞാനപ്പോൾ!
4
കടലിലേക്കോടിയിറങ്ങും പട്ടികൾ
തിളങ്ങുന്ന കണ്ണുകൾകൊണ്ടെന്നെ നോക്കി.
കണ്ണുപൊട്ടി
ഒറ്റക്കണ്ണു മാത്രമുള്ള കാക്കയായ്
ഞാനവയെ നോക്കി.
കല്ലേറേറ്റ
കണ്ണിൽനിന്നും
ചോരയൊഴുകി
5
കാക്കകൾക്ക്
കടലിലിറങ്ങി മുങ്ങി
ആത്മഹത്യചെയ്യാൻ കഴിയുമോ?
ഒടിഞ്ഞ ചിറകിനെത്തഴുകിത്തിരകൾ
കപ്പൽപ്പായപോലെ നിവർത്തുമോ?
കപ്പൽപ്പായ നിവരുംപോലെ വലിയ ചിറകുകളുമായ്
ഞാനെപ്പോഴാണ്
തിരകൾക്കുമേൽ പറക്കുക?
6
പേടിക്കേണ്ടെന്ന്
മുതുകിൽത്തഴുകും
സഹതാപ വിരലുകളുടെ
ഔദാര്യത്തെ
ഞാൻ വെറുക്കുന്നു.
മുതുകിൽപ്പതിഞ്ഞ നനവിനെ
കുടഞ്ഞു കളയാൻ തോന്നുന്നു!