Begin typing your search above and press return to search.
proflie-avatar
Login

മധ്യവയസ്സിൽ ബാത്‌റൂമിൽ പാടുമ്പോൾ

മധ്യവയസ്സിൽ ബാത്‌റൂമിൽ പാടുമ്പോൾ
cancel

മധ്യവയസ്സിൽ ബാത്‌റൂമിൽ ഒരാൾ താഴ്ന്ന ശബ്ദത്തിൽ പാടുന്നു. അപ്പുറത്തെ മുറിയിലെഭാര്യയോ മക്കളോ കേൾക്കരുതെന്ന കരുതലോടെ തന്റെ തന്നെ പരുക്കൻ ശബ്ദത്തിൽ പഴയൊരു പാട്ട് അയാളുടെ തൊണ്ടയിൽ കുരുങ്ങുന്നു. ഷവറിന്റെ നേർത്ത ശബ്ദത്തിൽവീഴുന്ന വെള്ളത്തിൽ, വിഷാദം കണ്ണീരായി പെയ്യുന്നു, അയാൾ നിശ്ശബ്ദം വിതുമ്പുന്നു. പറയാതെ പോയ പഴയൊരിഷ്‌ടത്തെ, പ്രണയമെന്ന് വിളിക്കുവാനാവാതെ, പാട്ടിന്റെ വരികൾ അയാൾ ഓർമയായി കൊരുത്തുവെക്കുന്നു. ഇടയ്ക്ക് വെള്ളത്തിൽ കുളിച്ചതന്റെ ശരീരത്തിൽ, മറ്റൊരാളുടെ നിഴൽ കണ്ട് ഞെട്ടി തെറിയ്ക്കുന്നു. പാട്ടിന്റെ വിഷാദ ഛായയിൽ,ഒരു പുഞ്ചിരിയുടെ നിഴൽ ചേർത്ത്, മുഹമ്മദ് റാഫിയോ കിഷോർ കുമാറോ അയാളെ...

Your Subscription Supports Independent Journalism

View Plans

മധ്യവയസ്സിൽ ബാത്‌റൂമിൽ ഒരാൾ

താഴ്ന്ന ശബ്ദത്തിൽ പാടുന്നു.

അപ്പുറത്തെ മുറിയിലെ

ഭാര്യയോ മക്കളോ

കേൾക്കരുതെന്ന കരുതലോടെ

തന്റെ തന്നെ പരുക്കൻ ശബ്ദത്തിൽ

പഴയൊരു പാട്ട് അയാളുടെ

തൊണ്ടയിൽ കുരുങ്ങുന്നു.

ഷവറിന്റെ നേർത്ത ശബ്ദത്തിൽ

വീഴുന്ന വെള്ളത്തിൽ,

വിഷാദം കണ്ണീരായി പെയ്യുന്നു,

അയാൾ നിശ്ശബ്ദം വിതുമ്പുന്നു.

പറയാതെ പോയ പഴയൊരിഷ്‌ടത്തെ,

പ്രണയമെന്ന് വിളിക്കുവാനാവാതെ,

പാട്ടിന്റെ വരികൾ അയാൾ

ഓർമയായി കൊരുത്തുവെക്കുന്നു.

ഇടയ്ക്ക് വെള്ളത്തിൽ കുളിച്ച

തന്റെ ശരീരത്തിൽ,

മറ്റൊരാളുടെ നിഴൽ കണ്ട്

ഞെട്ടി തെറിയ്ക്കുന്നു.

പാട്ടിന്റെ വിഷാദ ഛായയിൽ,

ഒരു പുഞ്ചിരിയുടെ നിഴൽ ചേർത്ത്,

മുഹമ്മദ് റാഫിയോ കിഷോർ കുമാറോ

അയാളെ നോക്കി സൗഹൃദം നടിക്കുന്നു.

പരസ്പരം കാണാതെ പോയ

ഒരു നോട്ടത്തിന്റെ മറുപുറത്ത്

സ്ത്രീ രൂപമാർന്ന ഒരു സ്വരം

അയാളുടെ പാട്ട് ഏറ്റുപാടുന്നു.

മരം ചുറ്റി ഓടുന്ന ഒരു യുഗ്മ ഗാനത്തിൽ

അയാൾക്ക് വേഗത്തിൽ ചെറുപ്പമാവുന്നു.

കുളിമുറി ഒരു പൂങ്കാവനമായി മാറുന്നു,

ഷവറിലെ മഴയിൽ ഒരു മാരിവില്ല് വിടരുന്നു.

ആ മാരിവില്ലിലേക്ക് കൈകൾ നീട്ടുമ്പോൾ

അയാളുടെ ചെറുപ്പം സോപ്പിനൊപ്പം

വെള്ളത്തിൽ നനഞ്ഞ് കുതിർന്ന്

കുളിമുറിയുടെ തറയിൽ പരന്നൊരുക്കുന്നു.

യുഗ്മ ഗാനത്തിൽ അയാൾക്കൊപ്പം

മരം ചുറ്റിയ സ്ത്രീ രൂപം

അതിന്റെ മുഖം, നിറം, ഗന്ധം

ഓർമയിൽനിന്നും ഒലിച്ചുപോവുന്നു.

വരികൾ പൂർത്തിയാക്കാതെ പതറിനിൽക്കുന്ന

പാട്ട് കഴിഞ്ഞുള്ള മൗനത്തിൽ,

നാളെ മറ്റൊരു പാട്ടിന്റെ

ആരോഹണത്തിൽ ആ സ്ത്രീ ഉടലിൽ

ചേർന്ന മുഗ്‌ധ സ്നേഹത്തെ,

കണ്ടെടുക്കാമെന്ന പ്രത്യാശയിൽ

മുഹമ്മദ് റാഫിയോ കിഷോർ കുമാറോ

അയാളെ നോക്കി പുഞ്ചിരിക്കുന്നു.


News Summary - weekly literature poem