Begin typing your search above and press return to search.
ചിലപ്പോൾ
Posted On date_range 11 Feb 2024 12:29 PM IST
Updated On date_range 11 Feb 2024 12:33 PM IST
കവിത വന്ന് മുന്നിൽ നിൽക്കും
ചില രാത്രികളിൽ.
ഉടൻ സ്വീകരിച്ചിരുത്തണം,
അല്ലെങ്കിൽ പിണങ്ങിപ്പോകും.
ഓർമകൾകൊണ്ട് വിളിച്ചാലും
തിരിച്ചുവരില്ല.
ചിലപ്പോൾ ഉറക്കറയിൽ
നല്ല കുട്ടിയായി വന്നുനിൽക്കും.
താൽപര്യമില്ലാതെ
ഉറക്കത്തിലേക്ക് വീണാൽ
ഉണരുമ്പോൾ
ഒരടയാളംപോലും തരാതെ
കാണാമറയത്തിരിക്കും.
ചിലപ്പോൾ
പണിയെടുക്കുമ്പോൾ,
ചിലപ്പോൾ യാത്രകളിൽ
കാഴ്ചകളിൽ നിന്നിറങ്ങി വരും.
അപ്പോഴൊക്കെ
തയാറെടുപ്പില്ലാതെ
പിന്നെക്കാണാമെന്ന് പറഞ്ഞാൽ
സ്വന്തം ജോലി നോക്കിപ്പോകും.
വേഷഭൂഷാദികളോടെ,
അലങ്കാരങ്ങളോടെ, ഒരുങ്ങിനിൽക്കുന്ന
കവിതയെ ചേർത്തുപിടിച്ച് കിടന്നാൽ
ഉറങ്ങിയുണരുമ്പോൾ
പുതിയൊരു ഉന്മേഷമുണ്ടാകും.
എങ്കിലും
കവിതക്കൊരു മേൽവിലാസം
കൊടുക്കേണ്ടവർ
ഉപേക്ഷിച്ച് പോയാൽ
കവിത അനാഥമായലയും.
അപ്പോൾ
ഒരു തെളിവുപോലുമവശേഷിപ്പിക്കാതെ
നിഷ്‌കരുണം കൊല്ലേണ്ടി വരും.