രണ്ട് കവിതകൾ
1. നോട്ടം
എന്റെ നോട്ടം തറച്ചിരിക്കുന്ന
അവളുടെ വീടിനുമെനിക്കുമിടയില്
ഒരു വരണ്ട പാടം.
പാടത്ത് കുട്ടികള്‍ ഫുട്ബാള്‍ കളിക്കുന്നു
അതിനപ്പുറം തീവണ്ടിപ്പാത
പാത വളയുന്നയിടത്ത്
സിഗ്നല്ത്തൂണില് പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു
മലബാര്‍ എക്സ്പ്രസ് ഇപ്പോള്‍ കടന്നുപോകും
തീവണ്ടിപ്പാതക്കപ്പുറം നെടുമ്പാത
നെടുമ്പാതയോരത്തൊരു പുളിമരം
പാതക്കപ്പുറം അവളുടെ വീട്
വീട്ടിന്മുറ്റത്ത് തുണി അയയിലിടുന്നത്
അവളോ അവളുടെയിരട്ടയോ?
2. ത്രികോണം
അദൃശ്യമായ
ഒരു ത്രികോണത്തിലെ
ബിന്ദുവാണ് ഞാനിപ്പോള്‍
ത്രികോണത്തിന്റെ കോണളവ്
എത്രയാണെന്ന് തിട്ടമില്ല
വശങ്ങളുടെ നീളമെത്രയാണെന്ന
നിശ്ചയവുമില്ല
മൂന്നു ജീവബിന്ദുക്കള്‍
ഞാന്‍
അവള്
മരച്ചില്ലയിലൊരു പക്ഷി.