ശംഖുമുഖം
ശംഖുംമുഖത്തെ തീരത്തേറെക്കാലം കണ്ടൂ മണലിൽ നീളെക്കാലടികൾ അതുമായ്ച്ചു കളഞ്ഞുമടങ്ങും തിരകൾ, വീണ്ടും കാലടി, തിരകൾ, മായൽ. ഒന്നിനു പിറകേയൊന്നായെത്തിയ കുട്ടികളുല്ലാസത്തൊടു തീരത്തോടിനടക്കും തിരയുടെ തുമ്പിൽത്തുള്ളിക്കടലല കോരിയെടുത്തു തിമിർക്കും കൂവും. വാത്സല്യത്തിൻ നുരകൾ ചിന്നും മിഴിവിൽസന്ധ്യകൾ കാഴ്ചകൾ വെറുതെ...
Your Subscription Supports Independent Journalism
View Plansശംഖുംമുഖത്തെ തീരത്തേറെക്കാലം
കണ്ടൂ മണലിൽ നീളെക്കാലടികൾ
അതുമായ്ച്ചു കളഞ്ഞുമടങ്ങും
തിരകൾ, വീണ്ടും കാലടി, തിരകൾ, മായൽ.
ഒന്നിനു പിറകേയൊന്നായെത്തിയ കുട്ടിക
ളുല്ലാസത്തൊടു തീരത്തോടിനടക്കും
തിരയുടെ തുമ്പിൽത്തുള്ളിക്കടലല
കോരിയെടുത്തു തിമിർക്കും കൂവും.
വാത്സല്യത്തിൻ നുരകൾ ചിന്നും മിഴിവിൽ
സന്ധ്യകൾ കാഴ്ചകൾ വെറുതെ കാലുക
ളെന്നും വൈകുന്നേരത്തവിടേക്കെത്തി
ചുറ്റിവരിഞ്ഞു മുറുക്കി കാറ്റല സുഖകരമായി.
തിരയുടെ കൈകളിലേറി വിദൂരം
മീൻതോണികളും, അപ്പുറമേതോ യാനം
ആഴക്കടലിൽ ജീവിതസംഗ്രാമത്തിൻ
വേഗം കോർക്കും കൈയുകൾ നിത്യം.
തീരം കടല കൊറിച്ചും ചായ കുടിച്ചും പല
വിധ ചന്തങ്ങൾ തൻ തിക്കുതിരക്കിൽ
ഞാനോ പതിയെയാൾക്കൂട്ടത്തിൽനിന്നും
മാറി, സിന്ദൂരം മായുന്നതു കണ്ടു മടങ്ങും.
ശംഖുംമുഖത്തെപ്പട്ടണ സീമയിൽനിന്നൊരു
നാൾ ഞാൻ മറ്റൊരു ദേശത്തേക്കു പറന്നു
ഇടവേളകളിൽ വന്നും പോയും തീരം കണ്ടു
കരയോ ശോഷിച്ചില്ലാതാകു,ന്നുള്ളു കലങ്ങി.
തിരയിൽനിന്നും കരയെക്കാക്കാൻ പുലി
മുട്ടിൻനിര, കൂറ്റൻകല്ലുകൾ, കെട്ടുകൾ-
കുതറിക്കയറിത്തിരകളതിന്നും മീതേ, തിട്ട
കളൊന്നൊന്നായ്ത്തരിമണലിന്നലയായ്...
കപ്പൽച്ചാലും തുറമുഖവും തിരകുത്തിക്കേറാൻ
കാരണ,മതിനാൽ നിർത്തണമപ്പണി, വഴിയാധാരം കടലിൻമക്കള,വർക്കുകിടപ്പാടം, തൊഴിൽ നഷ്ടം-
പലവിധ മുദ്രാവാക്യം, സമരം, തീർപ്പുകൾ...
ഓരോ ഋതുവിനുമോരോ ഗതി, യതിലേറ്റ
മിറക്കം തലകീഴാകും ഭൂചക്രം - പുക, ധ്രുവ
ങ്ങളിലെക്കൂറ്റൻ മഞ്ഞിൻപാളിയുരുക്കം,
കടലടിപൊന്തൽ, താഴും കിണറുകൾ,
അതിശൈത്യം-വേനൽ, തിളയ്ക്കൽ, പ്പെരുമഴ,
വെള്ളപ്പൊക്കം, ചുഴലി, വാനം പിളരും മിന്നൽ,
പ്പാരുകിടുക്കും ഇടിയുടെ ശബ്ദം, കാടിൻ
കത്തൽ ജീവനമതിദുരിതം വെന്തിടറുന്നു
അണുജീവികളും കരടികളും മദകൊമ്പന്മാരും
കാടുപൊളിച്ചു നിരത്തിലിറങ്ങിത്താളംതെറ്റി
ക്കുന്നു സ്വാസ്ഥ്യം, കൊലനിലമായി ഭൂമിയെ
മാറ്റും ദുരയുടെ ശേഷിപ്പിൻ വിളയാടൽ
തുടരേ കരയിടിയുന്നു, കടൽ കയറുന്നു
ശംഖുംമുഖം മുഖമില്ലാതായിട്ടോർമയിലൊരു
തീരത്തി,ന്നെല്ലിൻകൂടുകണക്കെ വേച്ചുവിറ
ച്ചെന്തും തിന്നാൻ നാവും നീട്ടി വരുന്നൊരു ജന്തു.
ഫോസിൽ തുരക്കും ഖനികളിൽനിന്നും
പൊക്കിയെടുക്കാമിത്തരമെല്ലിൻകൂടുകൾ, കുട്ടിക
ളോടിനടന്നു കളിച്ചതിനസ്ഥികൾ കാലടി
മാഞ്ഞുകലങ്ങിയ കാലത്തിൻ നെടുവീർപ്പുകൾ.