ചാച്ചന്റെ ബൈനോക്കുലർ
ഡിസംബർ കഴിയുമ്പോൾചിന്നാറ്റീന്ന് ചാച്ചൻ വരും; കാപ്പിക്കുരു പറിക്കാൻ കാപ്പിക്കാട്ടിലെകനത്ത തണുപ്പിലുറങ്ങുന്ന ചാത്തന്മാർക്ക് പിന്നെ ഇരിക്കപ്പൊറുതിയില്ല ആള് ചാടിക്കയറിയും ഓടിക്കയറിയും കാപ്പിക്കുരു മഴ പെയ്യിക്കും വൈകുന്നേരങ്ങളിൽകട്ടനും കപ്പയും പണ്ടത്തെക്കഥയും... ചാച്ചന്കടലുകടത്തിക്കൊണ്ടുവന്ന ഒരു ബൈനോക്കുലറുണ്ട് രാത്രിയിൽ ഞങ്ങൾ ചന്ദ്രനെ നോക്കും; പിന്നേം...
Your Subscription Supports Independent Journalism
View Plansഡിസംബർ കഴിയുമ്പോൾ
ചിന്നാറ്റീന്ന്
ചാച്ചൻ വരും;
കാപ്പിക്കുരു പറിക്കാൻ
കാപ്പിക്കാട്ടിലെ
കനത്ത തണുപ്പിലുറങ്ങുന്ന
ചാത്തന്മാർക്ക് പിന്നെ
ഇരിക്കപ്പൊറുതിയില്ല
ആള് ചാടിക്കയറിയും
ഓടിക്കയറിയും
കാപ്പിക്കുരു മഴ പെയ്യിക്കും
വൈകുന്നേരങ്ങളിൽ
കട്ടനും കപ്പയും
പണ്ടത്തെക്കഥയും...
ചാച്ചന്
കടലുകടത്തിക്കൊണ്ടുവന്ന
ഒരു ബൈനോക്കുലറുണ്ട്
രാത്രിയിൽ ഞങ്ങൾ
ചന്ദ്രനെ നോക്കും; പിന്നേം പിന്നേം
അമ്മച്ചി നോക്കിയിട്ട്
ഉണ്ണീശോയെയും മാതാവിനെയും
കാലിത്തൊഴുത്തിനേയും കണ്ട്
വെന്തിങ്ങയിൽ
പിടിച്ച് കണ്ണുതുടയ്ക്കും
ത്രേത്യേട്ടത്തിക്ക്
പേടിയാണ്
പൊന്തക്കാട്ടിൽ പതിയിരിക്കുന്ന
നിഴലിനെക്കണ്ട് തൊണ്ട വരളും
എനിക്ക്
അടുത്തുവന്ന് ചിരിക്കുന്ന
ക്രിസ്തുമസ്
പാപ്പാഞ്ഞിയെ കാണാമായിരുന്നു
അപ്പനാണേൽ ഏറെനേരം
നോക്കിയിരിക്കും
കട്ടൻബീഡി വലിച്ച്
കാപ്പിക്കാടും
പറിക്കാനാളില്ലാതെ കിടക്കുന്ന മൂത്തുപഴുത്ത കാപ്പിക്കുരുവും
കണ്ട് ചങ്കുതിരുമ്മും...
മുറ്റത്തു ചിക്കിയ
കാപ്പിക്കുരുപ്പായയിൽ
ഞങ്ങളിരിക്കുന്ന രാത്രിയെ
അപ്പോൾ ചന്ദ്രനും
ഒറ്റക്കുഴലിലൂടെ നോക്കും.