Begin typing your search above and press return to search.
മരണമറിയിക്കാൻ വന്നയാൾ
Posted On date_range 26 Feb 2024 8:45 AM IST
Updated On date_range 26 Feb 2024 8:45 AM IST
ഏറ്റവും പതുക്കെ
പടികൾ കടന്ന്
മന്ദാരം മണത്ത്
ചെടികളിൽ തഴുകി
മുറ്റത്ത് നിന്നു.
ഒറ്റക്കൊരാൾ
മരണമറിയിക്കാൻ
ഒട്ടും ധൃതിയില്ലാതെ വന്നിരിക്കുന്നു.
വെയിൽ പിരിഞ്ഞുപോയ
സന്ധ്യക്ക്
പക്ഷികൾ മടങ്ങിപ്പോയ നേരത്ത്...
അയാൾക്കുള്ളിലെ
മരിച്ചയാളിന്റെ വേവ്
പെരക്ക് ചുറ്റും തിളച്ചു.
മരണമറിയിക്കാൻ
മലയിറങ്ങി വന്നവനെ നോക്കി വീട്
വേദനയുടെ മുറുക്കം കൂട്ടി.
വിയർത്തൊലിച്ച്
ഭൂതകാലത്തിന്റെ ഏതോ
കുരുക്കിലാണെന്നപോലെ
അയാൾ
കണ്ണുകൾ ചലിപ്പിച്ചു.
മുഷിഞ്ഞ വസ്ത്രങ്ങളിൽ
തെരുപ്പിടിച്ച്
ഒരേ ഓർമയെ ഉരുവിട്ട് നിന്നു.
അകത്തു നിന്ന് പെരുത്ത്
വന്നൊരു കരച്ചിൽ
തൊടുന്ന മാത്രയിൽ
അയാൾ പടി കടന്നുപോയി.
കടലതിന്റെ വെള്ളമാകെത്തളിച്ച്
കരയെത്തൊടുമ്പോലെ
ധൃതിയിൽ...
അയാൾ നിന്നിടത്തെ
തണുപ്പിലിരുട്ടിലപ്പോൾ
നക്ഷത്രങ്ങൾ പൊടിഞ്ഞു തുടങ്ങി.