ആമയും കെട്ട്യോളും
വീട്ടുപറമ്പിലെ
തോട്ടത്തിൽനിന്നും
എനിക്കൊരു ആമയെ കിട്ടി;
വർണ പകിട്ടിലും
കൈയിലൊതുങ്ങും
വലുപ്പത്തിലും,
തല
കഴുത്ത്
ഉടൽ
എന്നിവ വിവിധ
വർണങ്ങളിലുമുള്ളൊരു
ആമ!
എന്നെ കണ്ടിട്ടും
ഭയപ്പാടോ
തല അകത്തിട്ട്
രക്ഷപ്പെടാനുള്ള
ശ്രമമോ കണ്ടില്ല!
ഇടക്കിടെ ആമ ഒളികണ്ണിട്ട്
എന്നെ നോക്കുന്നുണ്ട്
എന്തായാലും
പോറ്റി വളർത്താമെന്ന
തോന്നലിൽ,
ആമയെ തൊടിയിലെ
ആമ്പൽകുളത്തിൽ
കൊണ്ടിട്ടു.
പതിയെ, ആമ
കുളവുമായി പൊരുത്തപ്പെട്ടു.
ആമയെ
പരിപാലിക്കുകയും
നിരീക്ഷിക്കുകയും,
അതിന്റെ സൗന്ദര്യവും
വളർച്ചയും
ഒളിഞ്ഞുനോട്ടവും
നോക്കിയിരുന്ന്
ദിനങ്ങൾ കടന്നു...
ഇതെല്ലാം നിരീക്ഷിക്കുന്ന
കെട്ട്യോൾ
പതിവിന്ന് വിപരീതമായി
എന്നിലുള്ള മാറ്റവും
ആഹ്ലാദവും അവളെ
ചൊടിപ്പിച്ചു:
ആമയെ പരിപാലിക്കുന്നതും
അതിന്റെ തല,
കഴുത്ത്,
ഉടൽ, എന്നിവയുടെ
സൗന്ദര്യ, വർണനയും
ഒട്ടും സഹിക്കുന്നില്ല!
ഇത്രയും കാലമായിട്ടും,
അവളുടെ തല,
കഴുത്ത്,
ഉടൽ, എന്നിവ
ഒന്നിനോടും ഉപമിക്കുകയോ,
വർണിക്കുകയോ
ഉണ്ടാവാത്തത്
അവളുടെ പല്ലിറുമ്മലിൽ
വ്യക്തമാവുന്നുണ്ട്..!
ഇന്നവൾ,
ഉച്ചയൂണിന്
തീൻമേശയിൽ
തല,
കഴുത്ത്,
ഉടൽ, എന്നിവ
കുരുമുളകിട്ട്
പാകപ്പെടുത്തി വെച്ചിരിക്കുന്നു!