തഴപ്പായ
ഇന്നലത്തെ മഴ
കഴുകിവെച്ച കലങ്ങൾ
തഴുകിനിന്ന നിലങ്ങൾ.
ചില ചില്ലറക്കാർ വന്നിരുന്ന
പഴംചുരുൾ പായകൾക്കുള്ളിൽ
പാതിവെന്ത ഹൃദയങ്ങൾ.
പാറാവിനാരുമില്ലേന്ന്
ചാവേറണികൾ.
ഇന്ന് പെയ്യുന്ന
വെയിലിന്റെ യീണങ്ങൾ
വെട്ടിയിട്ട കൈതോലകൾ
ഉണങ്ങാത്ത മുറിവുകൾ
നക്കിയുണർത്തുന്നു.
കൂരിരുൾ നാമ്പുകൾ
അരിഞ്ഞിട്ട
തഴകളെല്ലാം നരച്ചു.
അരയാൾ പൊക്കത്തിൽ
അമ്പിളി വരുന്നേരം
അരങ്ങത്തേക്കൊരു കൈത്തിരി
തെറുക്കുവാൻ
അടിമകളാരും മറക്കേണ്ട.
ഇക്കണ്ട മുള്ളിനോളം വലുപ്പം
മുനകൂർത്ത ദൈന്യതക്ക്
പാവുനെയ്യുവാൻ
ഊടൊരുക്കുന്നരിയായി.
വേണ്ട, വേണ്ടയിപ്പാതകം
പാതിരാവണ്ടി
പതക്കോളിളക്കുന്നു.
പാതകക്കടും കല്ലിന്റെയുള്ളിലും
പായ വിരിച്ചുറങ്ങുന്നു
വിരോധികൾ.