ഗബേബായുടെ കവിതകള്‍
ദക്ഷിണാഫ്രിക്കക്കാരിയായ ഗബേബാ ബാദറൂണിന്റെ കവിതകളാണ് മൊഴിമാറ്റത്തിലൂടെ ഇത്തവണ ‘കവിതക്കൊരു വീട്’ എന്ന തന്റെ പ്രതിമാസ പംക്തിയിലൂടെ കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പരിചയപ്പെടുത്തുന്നത്. സൂക്ഷ്മമായി കൊത്തിയെടുത്ത കലാസൃഷ്ടികളാണ് ഗബേബായുടെ കവിതകള്‍ എന്നും സച്ചിദാനന്ദൻ അടിവരയിടുന്നു.1. തുടക്കക്കാര്‍ക്ക് ഒരു കവിതതുടക്കക്കാര്ക്കുള്ള വൈകുന്നേരത്തെകവിതാക്ലാസില് ഒരിക്കലും ഊരാത്ത കട്ടിയുള്ള തവിട്ടുകോട്ടുമായി ഒരു പെണ്‍കുട്ടി. അവള് ഒരു നീണ്ട ശ്വാസമെടുത്ത്,പേടിച്ച് എന്തോ...
Your Subscription Supports Independent Journalism
View Plansദക്ഷിണാഫ്രിക്കക്കാരിയായ ഗബേബാ ബാദറൂണിന്റെ കവിതകളാണ് മൊഴിമാറ്റത്തിലൂടെ ഇത്തവണ ‘കവിതക്കൊരു വീട്’ എന്ന തന്റെ പ്രതിമാസ പംക്തിയിലൂടെ കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പരിചയപ്പെടുത്തുന്നത്. സൂക്ഷ്മമായി കൊത്തിയെടുത്ത കലാസൃഷ്ടികളാണ് ഗബേബായുടെ കവിതകള്‍ എന്നും സച്ചിദാനന്ദൻ അടിവരയിടുന്നു.
1. തുടക്കക്കാര്‍ക്ക് ഒരു കവിത
തുടക്കക്കാര്‍ക്കുള്ള വൈകുന്നേരത്തെ
കവിതാക്ലാസില്
ഒരിക്കലും ഊരാത്ത കട്ടിയുള്ള
തവിട്ടുകോട്ടുമായി
ഒരു പെണ്‍കുട്ടി.
അവള് ഒരു നീണ്ട ശ്വാസമെടുത്ത്,
പേടിച്ച് എന്തോ പറയുന്നു
എന്റെ ബോയ്ഫ്രണ്ട് ജയിലിലാണ്
അവന് അഴികള്‍ക്കിടയിലൂടെ എങ്ങനെ
സന്ദേശം അയക്കാം എന്ന്
കണ്ടെത്താനാണ് ഞാന്‍ ഇവിടെ വന്നത്.
അപ്പോള്‍ ആരോ പൊട്ടിച്ചിരിച്ചു
അവള് കോട്ടിന്നുള്ളിലേക്ക് തല വലിച്ചു,
ഉള്ളില്‍നിന്ന് ഞങ്ങള്‍ക്കും
അപ്പുറത്തേക്ക് നോക്കി
പിന്നത്തെ ആഴ്ച അവള് വന്നില്ല
ഞാന്‍ വര്‍ഷങ്ങളായി അവളെക്കുറിച്ച്
ആലോചിക്കുന്നു, കവിത എന്നാല്‍
എന്താണ് എന്നും.
അതായിരുന്നു എന്റെ ഉദ്ഭവം,
കവിത വിപത്കരമാകുന്നിടത്ത്,
അത് ഒറ്റിക്കൊടുക്കല്‍ ആകുന്നിടത്ത്.
പിന്നെ അവളുടെ ആദ്യത്തെ
ചോദ്യത്തിന്റെ ഓർമയും:
എങ്ങനെ ഒറ്റക്കാകാതിരിക്കാമെന്ന്.
2. കല്ത്തൊലി
കോട്ടക്കുള്ളില്‍ പ്രതിമകള്‍
പൂർണതകൊണ്ട് മരവിക്കുന്നു.
കല്ച്ചുവരുകള്ക്ക് പുറത്ത്
സെനഗാളില്‍നിന്ന് വന്ന കുടിയേറ്റക്കാര്‍
പനിനീര്‍പ്പൂക്കളും ഭാഗ്യവും നിറഞ്ഞ
കൈകള്‍ നീട്ടുന്നു
കുട്ടി, അനശ്വരമായ,
ലാഘവമാര്‍ന്ന വെണ്ണക്കല്ലില്‍
അവന്റെ കൊച്ചു കാലടി വെക്കുന്നു
വിശുദ്ധമറിയം അവളുടെ മടിയില്‍
അവന്റെ ശിരസ്സ് മെല്ലെ താങ്ങുന്നു
പുറത്തു കൈകളുടെ ആംഗ്യം
സുന്ദരമല്ല, നിശ്ശബ്ദവുമല്ല.
രാത്രി കന്മതില് അതിന്റെ സ്ഥാനത്ത്
ഉറച്ചുനില്‍ക്കുന്നു, പുറത്തോ,
മൗനം, വളരുന്ന മൗനം.
3. അടുത്ത്
ഒരു ചെറിയ കട്ടിലും
കാല്ക്കല് ഒരു ടി.വിയുമുള്ള
ഒരു കുടുസ്സുമുറിയിലായിരുന്നു എന്റെ താമസം
കതകിനു പിറകില്‍
ഒരു കണ്ണാടി തൂങ്ങിക്കിടന്നു
ഞാന്‍ അതിന്റെ ചെറുപ്പത്തിന്നനുസരിച്ചാണ്
ജീവിച്ചുപോന്നത്.
ഇപ്പോള്‍ ഞാന്‍ ഇതാ
നിന്റെ തൊട്ടടുത്ത് കിടക്കുന്നു
ചുവരുകളില്നിന്നുള്ള അകലം
ഇപ്പോഴെനിക്കറിയാം
നിന്നെ ഞാന്‍ ഒന്നു ചേര്‍ത്തുപിടിച്ചാല്‍
നാം ഒരു കൊച്ചു കിടക്കയില്‍ കൊള്ളും.
4. മഴ പെയ്യുന്നു, അമൂര്‍ത്തമായ ലോകത്തില്‍
മഴ പെയ്യുന്നു,
കല്ലുകളുടെ മേല്‍, രാത്രിക്കു മേല്‍.
മഴ ഓവുചാലുകളില്‍ പെയ്യുന്നു,
കുഴിയിലേക്കൊഴുകുന്നു
മഴ മേല്‍ക്കൂരകളെക്കാള്‍
ചെരിഞ്ഞു പെയ്യുന്നു
മഴ ഷട്ടറുകളുടെ പലകകള്‍ക്കു മേല്‍ വീഴുന്നു
ജനലുകളുടെ ഇരുട്ടിന്മേലും
മഴ വീഴുന്നു, വാതിലുകളില്‍,
ഒഴിഞ്ഞ വരാന്തകളില്‍,
മഴ വീഴുന്നു,
ലോകത്തിന്റെ ഏകാന്തതക്കു മേല്‍
ഒന്നും അതുതന്നെ ആയിരിക്കാതാവും വരെ
മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു.
5. കേപ് ടൗണ്‍, ജാക്സണ് തുറമുഖം
പുറത്തുനിന്നു വന്ന വറ്റല്ചെടി,
പാവങ്ങളുടെ, വേഗം വളരുന്ന, ചുള്ളിവിറക്,
അസ്തമയങ്ങള്‍ ചുകപ്പിക്കുന്ന നീറ്റുന്ന പുക.
ആ കാട്ടുചെടിയുടെ വയലുകളില്‍
ഇരുപതു കുട്ടികള്‍ കിടക്കുന്നു
സ്ത്രീകള്‍ എല്ലാ വര്‍ഷവും കരയുന്നു,
അവരുടെ മക്കള്‍ അപ്രത്യക്ഷരായ
അതേ നാളും നാഴികയും നോക്കി.
6. പറ്റം
എന്റെ മുന്നിലൂടെ
ഒരു പുരുഷനും സ്ത്രീയും പതുക്കെ നടക്കുന്നു,
പരസ്പരം അരയില്‍ കൈ വെച്ച്,
ഇടയില്‍ സ്ഥലംവിടാതെ ഒട്ടിച്ചേര്‍ന്ന്.
പെട്ടെന്ന് അവര്‍ നടത്തം നിര്‍ത്തുന്നു.
അവര്‍ സംസാരിക്കയാണോ, പറയാന്‍ പറ്റുന്നില്ല
അയാള്‍ മെലിഞ്ഞിട്ടാണ്, അവളുടെ അരക്കെട്ട്
അയാളുടെ അല്‍പ്പം പിന്നിലേക്കു ഉന്തിനില്ക്കുന്നു.
പിന്നെ അവര്‍ വേഗം
അവരുടെ വാതില്ക്കലേക്കു നടക്കുന്നു,
അവരുടെ സമയം കഴിഞ്ഞു എന്നപോലെ.
അവിടെനിന്ന് രണ്ടു വാതില്‍ അകലെ
നരച്ചുതുടങ്ങിയ താടിയുള്ള ഒരാള്‍
ആ ഇണകളെ നോക്കി
സ്വന്തം കതകിനു പുറത്തുനിന്ന് സിഗരറ്റ് വലിക്കുന്നു
കതകിലുള്ള അയാളുടെ പിടുത്തം കണ്ടാലറിയാം,
അത് അയാളുടെ വീടാണെന്ന്.
അവര്‍ അകത്തു കയറുമ്പോള്‍
അയാള്‍ സിഗരറ്റ് വലിച്ചെറിഞ്ഞ്
ഷൂസ് കൊണ്ട് അത് ഞെരിച്ചുകളയുന്നു.
മൂന്നു വാതിലുകള്‍ക്കുമപ്പുറം
കറുത്ത തൂവാല തലയിലിട്ട ഒരു സ്ത്രീ
ഒരു വെളുത്ത വാതിലില്‍ പതുക്കെ മുട്ടുന്നു
അവള് അദൃശ്യമായ ഇറയത്തേക്കു
തിരിഞ്ഞാണ് നില്‍ക്കുന്നത്,
ആരും തന്നെ നോക്കാതിരിക്കാന്‍.
അവളുടെ ശരീരം പറയുന്നത് ഇതാണ്:
എന്റെ ഏകാകിതയെ ആരും നോക്കല്ലേ.
അപ്പോള്‍ ഞാന്‍ എന്റെതന്നെ വാതിൽക്കലാണ്,
പൂട്ട് രണ്ടു തവണ പൂട്ടി എന്നുറപ്പിക്കാന്‍.
എന്റെ വീട്ടുടമ സ്വകാര്യം പറയുന്നു, ഓ,
ഇവിടെ അവറ്റ ഒരുപാടുണ്ട്,
ഒരുപറ്റം അപ്പാടെ.
അത് നല്ലതല്ല.
ഇതാകുന്നു ഭാവി,
കതകുകളുടെ ഈ അടക്കലും
തുറക്കലും.
7. കറുത്ത തുമ്പികള്‍
രാവിലെ ‘സില്‍വര്‍ മൈനി’ലൂടെ
നടക്കുമ്പോള്‍ മരങ്ങള്‍ ആകാശത്തിനു കുറുകെ
കറുത്ത ഒരു വലപോലെ
ഞങ്ങളുടെ മുട്ടിന്നരികില്
വിജാഗിരികള്പോലെ
നിഴലുകളുടെ നിഴലുകള്‍
ഒറ്റയ്ക്കൊറ്റയ്ക്കു പറക്കുന്നു
ഇരട്ടയായ അർധവൃത്തങ്ങള്‍,
പതിരായുടെ ശകലങ്ങള്‍പോലെ
നമ്മുടെ കാല്ക്കലേക്ക് പറന്നിറങ്ങി
അവ പിന്നെയും പൊങ്ങുന്നു.
(മൊഴിമാറ്റം- സച്ചിദാനന്ദൻ)
==========
സച്ചിദാനന്ദൻ
ദക്ഷിണാഫ്രിക്കക്കാരിയായ ഗബേബാ ബാദറൂണ്‍ നാലു കവിതാസമാഹാരങ്ങളുടെയും ഒരു മോണോഗ്രാഫിന്റെയും രചയിതാവാണ്. ‘Dream in the Next Body’, ‘The Museum of Ordinary Life’, ‘A Hundred Silences’, ‘The History of Intimacy’ എന്നിവയാണ് കവിതാസമാഹാരങ്ങള്‍. മോണോഗ്രാഫിന്റെ ശീര്‍ഷകം Regarding Muslims: from Slavery to Post-apartheid എന്നാണ്. അലിഷ്യാ ഡെക്കറുമൊത്ത് പെൻസൽവേനിയ സർവകലാശാലയിലെ ആഫ്രിക്കന്‍ ഫെമിനിസ്റ്റ് ഇനീേഷ്യറ്റിവ് എന്ന വകുപ്പിന്റെ ഒരു ഡയറക്ടര്‍ ആണ് ഗബേബാ. അവര്‍ അവിടെ ലിംഗ-ലൈംഗികതാ പഠനത്തിന്റെ അധ്യാപികയുമാണ്.
ആഫ്രിക്കന്‍ പോയട്രി ഫ്രണ്ടിന്റെ ഒരു എഡിറ്ററും ഡെയിംലര്‍ ക്രിസ് ലര്‍ പുരസ്കാര ജേതാവുമാണ്. സ്റ്റെല്ലന്‍ബോഷ് സർവകലാശാലയില്‍ വിദഗ്ധ പ്രഫസറും അവിടത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡിയിലെ ഫെലോയും. കവിതകള്‍ ലോകത്തെ പ്രധാന ഇംഗ്ലീഷ് കവിതാ മാസികകളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂക്ഷ്മമായി കൊത്തിയെടുത്ത കലാസൃഷ്ടികളാണ് ഗബേബായുടെ കവിതകള്‍ എന്നും വികാരവും വിചാരവുംകൊണ്ട് അവ സമ്പന്നമാണെന്നും ക്വാമേ ഡേവിസ്.