വി. അഭിവർണയുടെ കവിതകൾ
1. മറയില്ല ഗ്രാമത്തിൽനിന്ന് മൺമണം ഉദയസൂര്യകിരണമേറ്റ്മഞ്ഞുകണങ്ങൾ പൂവിതളുകളിൽ വീണുചിതറുമ്പോൾ ഈ ഭൂമി, തനിത്തങ്കമെന്നു തന്നെത്തോന്നും. ഈ മണ്ണിൽ ഭ്രമിപ്പിക്കും പ്രകൃതിയിൽ മോഹനം ഗ്രാമജീവിതം. പ്രായപൂർത്തിയായ പെൺകുട്ടികളെപ്പോലെ കതിർക്കുലകൾ തലചായ്ച്ചു വരൾമണ്ണിനെത്തൊടുമ്പോൾ ചുംബനമേറ്റെന്നപോൽ മണ്ണിൽ ജീവസ്സോടി പടരുന്നതു കാണുന്നതും മനോഹരം. ചെമ്മണ്ണു വീഴ്ത്തിയഉള്ളിത്തോട്ടത്തിൽ മുഖപടമിട്ടപോൽ പെണ്ണമ്മ കൊണ്ടുവരും മീൻചോറിന്...
Your Subscription Supports Independent Journalism
View Plans1. മറയില്ല ഗ്രാമത്തിൽനിന്ന് മൺമണം
ഉദയസൂര്യകിരണമേറ്റ്
മഞ്ഞുകണങ്ങൾ
പൂവിതളുകളിൽ
വീണുചിതറുമ്പോൾ
ഈ ഭൂമി,
തനിത്തങ്കമെന്നു
തന്നെത്തോന്നും.
ഈ മണ്ണിൽ
ഭ്രമിപ്പിക്കും പ്രകൃതിയിൽ
മോഹനം ഗ്രാമജീവിതം.
പ്രായപൂർത്തിയായ
പെൺകുട്ടികളെപ്പോലെ
കതിർക്കുലകൾ
തലചായ്ച്ചു
വരൾമണ്ണിനെത്തൊടുമ്പോൾ
ചുംബനമേറ്റെന്നപോൽ
മണ്ണിൽ ജീവസ്സോടി പടരുന്നതു
കാണുന്നതും മനോഹരം.
ചെമ്മണ്ണു വീഴ്ത്തിയ
ഉള്ളിത്തോട്ടത്തിൽ
മുഖപടമിട്ടപോൽ
പെണ്ണമ്മ കൊണ്ടുവരും
മീൻചോറിന് ഏതാണ് ജാതി?
അതു തിന്നാൽ
തീരും പശി-
അതു മാത്രമാണു
ലോകത്തിൽ ഉണ്മ.
വിഭവങ്ങൾക്കില്ല കുറവുകൾ
കാണില്ലെങ്ങും പഞ്ഞം
മിച്ചം വന്നതൊക്കെയും നൽകി
കുടിയേറിവരുന്നൊരെ
ഉയിരിൻ പൊരുളറിയിക്കും
മഹനീയമീ ഗ്രാമത്തിലെങ്ങും
ഉയർന്നുനിൽക്കും കെട്ടിടങ്ങളിൽ
സർവനാശം വിതപ്പതേ
ഇന്നിൻ ക്രൂരകൃത്യം.
2. ചിറകുകൾ
ദൂരെയുയരുന്ന അലകളെ
ആസ്വദിക്കാനാവാത്ത
അപരാധികളുടെ പട്ടികയിൽ
എന്നെയും ചേർത്തുവിടുന്നതിൽ
എന്താണു ന്യായം?
കരയിൽ വസിക്കുന്ന ഞണ്ടുകളുടെ
പൊത്തുകളിൽനിന്ന്
വെളിയിലേക്കിറങ്ങാൻ
കനിവു ചൊറിയാത്ത ഈ കാലത്തിൽ
ഇനിയും നല്ല നേരം കാത്തിരിക്കുന്നു.
ഒരു ചെറുകൈവീശലാൽ
ജടായുവിൻ ഛേദിക്കപ്പെട്ട
ഇരു ചിറകുകളും
കൂട്ടിച്ചേർക്കുന്നു ഞാൻ.
ദൂരെ
ഒരു ദ്വീപ്
നശിച്ചുപോകാത്ത
ഒരു നക്ഷത്രം
കാലുകളെത്തഴുകും
അലകൾ.
മിച്ചമായ ദൂരത്തിൽ
വീണ്ടെടുക്കാനിനിയില്ല ഒന്നും,
ഉറക്കം
വന്നുമൂടുന്നു; കീഴടക്കുന്നു.
ഇരുചിറകുകൾ
ചുരുക്കിവെക്കാൻ
ഇല്ല; എളുപ്പവഴിയൊന്നും.
3. ഞാനും ദൈവവും
എന്നോടു ഞാൻ
സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
അതു കേട്ടുകൊണ്ടേയിരിക്കുന്നു
ദൈവം.
കേൾക്കുന്നീല ദൈവം
പ്രാർഥനകളും പരിഹാരങ്ങളും
കേൾക്കുന്നത് എന്റെ
പേരൊന്നു മാത്രം.
വഴിപാടുകൾ വേണ്ടെന്നു ദൈവം
വസ്തുക്കൾ വേണ്ടതു
നിനക്കെന്നും ദൈവം.
മറുപടി പറഞ്ഞയുടൻ
അടുത്തെത്തി
സ്നേഹത്തോടെ ചിരിച്ച്
എന്നെ കടന്നുപോയി.
എന്നോടു ഞാൻ
സംസാരിക്കുമ്പോൾ
അത് കേട്ടുകൊണ്ടേയിരിക്കുന്നു
ദൈവം.
(മൊഴിമാറ്റം: പി.എസ്. മനോജ്കുമാർ)
========