ആരോ നമ്മളെ അനുകരിക്കുന്നു
നമ്മുടെ രഹസ്യസങ്കേതങ്ങളിൽ
അവർ വന്നുപോയതിനു ശേഷം
ഗേറ്റിനു മേല്‍ പടർന്ന
ശംഖുപുഷ്പ വള്ളികൾ,
മേശമേല്‍ പാതി നിറഞ്ഞ
കാപ്പി കപ്പുകൾ,
കിടക്കവിരികളിലെ
ഉദ്യാനങ്ങളിലെ വണ്ടുകൾ
നിരന്തരം പറയുന്നു:
ആരോ നിങ്ങളെ അനുകരിക്കുന്നു,
കാറ്റായിരിക്കാം, കാറ്റായിരിക്കാം.
ബോട്ടുജെട്ടിയിലേക്ക് നടക്കുമ്പോള്‍
വഴിയിലെ അലങ്കാര വിളക്കുകൾ
നിന്നില്‍നിന്നും പറന്നുപോവുന്ന
രാപ്പാടികളുടെ ശബ്ദത്തെ
എന്നിലെ വെളിച്ചംകൊണ്ട്
അനുകരിക്കുന്നു:
നോക്കൂ, കാറ്റല്ല
അത് കാറ്റായിരുന്നില്ല,
പറന്നുപോവുന്നതിൽനിന്നും
അവിടമാകെ പ്രസരിക്കുന്ന മഞ്ഞയിൽ
നമ്മൾ ശരിവെക്കേണ്ടിയിരുന്ന ബോട്ടുകൾ
മണലിൽ കാൽ പുതഞ്ഞ
നമ്മുടെ അനുകർത്താക്കളുമായി
ദൂരെയൊരു തുരുത്തിൽനിന്നും
പുതുവർഷമാഘോഷിക്കാൻ വരുന്നു.
നമ്മൾ പുറപ്പെടുന്നതിനു മുമ്പ്
അവർ ബോട്ടിൽനിന്നിറങ്ങി
കരയിലേക്കു പടരുന്നു
അടുത്തു വരുമ്പോൾ
സൂക്ഷിച്ചു നോക്കുന്നതിനനുസരിച്ച്
അവർ നമ്മളല്ലാതാവുന്നു
അടുത്ത ബോട്ടിനു കാത്തിരിക്കുമ്പോൾ
എന്നെയടുപ്പിച്ചുനിർത്തി
നീ എന്‍റെ ചെവിയിൽ പറയുന്നു:
ഇവരല്ല, എങ്കിലും ആരോ
മറ്റാരോ നമ്മളെ അനുകരിക്കുന്നു
നിനക്ക് തോന്നുന്നില്ലേ?
കാറ്റിലതില്ലേ?