ഉറക്കം തൊടാത്ത ഉടലിൽ സ്വപ്നം തീണ്ടുന്ന ഉയിർ!
ഉറക്കത്തിന്റെ മുട്ടയിൽ അടയിരിക്കുന്നൊരു കറുത്തപക്ഷി ചിറകുകൾക്കുള്ളിലൊരു സൂര്യനെ പൊതിഞ്ഞു വെക്കുന്നു! ‘‘രാവേ... രാവേ...എന്റെ ഇരുളേ...’’ എന്ന് കിതക്കുന്ന പകലിൽനിന്ന് ആൾക്കൂട്ടത്തിലേക്ക് ഞാൻ വഴുതി പോകുന്നു. ഇരുട്ടിന്റെ വഴിയിൽഉറക്കമേ... ഉറക്കമേ... എന്നെന്റെ കണ്ണുകൾ ചിമ്മി തുറക്കുന്നു. കണ്ണുകളിൽ,പിറക്കാത്ത കവിത ചുമന്നു- പോകുന്നതിന്റെ ഭാരം, നെഞ്ചിൽ, ചുരത്താനാവാത്ത ഉറവകളുടെ ശൂന്യത! കാടേ... കടലേ...എന്റെ കരളേ... എന്നൊച്ചവെക്കുന്നൂ ആടാൻ മറന്ന നൂപുരങ്ങൾ. ഉറക്കുപാട്ടിന്റെ ഈരടികളിലേക്ക്കാതോർത്തിരിക്കേ... ഹൃദയത്തിൽ അലയില്ലാ കടലിന്റെ മിടിപ്പ്! വെയിൽക്കറപിടിച്ചപകലിന്റെ വഴിയിൽ വേച്ച് വേച്ച് ...
Your Subscription Supports Independent Journalism
View Plansഉറക്കത്തിന്റെ മുട്ടയിൽ
അടയിരിക്കുന്നൊരു കറുത്തപക്ഷി
ചിറകുകൾക്കുള്ളിലൊരു സൂര്യനെ
പൊതിഞ്ഞു വെക്കുന്നു!
‘‘രാവേ... രാവേ...
എന്റെ ഇരുളേ...’’
എന്ന് കിതക്കുന്ന പകലിൽനിന്ന്
ആൾക്കൂട്ടത്തിലേക്ക് ഞാൻ വഴുതി പോകുന്നു.
ഇരുട്ടിന്റെ വഴിയിൽ
ഉറക്കമേ... ഉറക്കമേ...
എന്നെന്റെ കണ്ണുകൾ
ചിമ്മി തുറക്കുന്നു.
കണ്ണുകളിൽ,
പിറക്കാത്ത കവിത ചുമന്നു-
പോകുന്നതിന്റെ ഭാരം,
നെഞ്ചിൽ,
ചുരത്താനാവാത്ത
ഉറവകളുടെ ശൂന്യത!
കാടേ... കടലേ...
എന്റെ കരളേ...
എന്നൊച്ചവെക്കുന്നൂ
ആടാൻ മറന്ന നൂപുരങ്ങൾ.
ഉറക്കുപാട്ടിന്റെ ഈരടികളിലേക്ക്
കാതോർത്തിരിക്കേ...
ഹൃദയത്തിൽ
അലയില്ലാ കടലിന്റെ മിടിപ്പ്!
വെയിൽക്കറപിടിച്ച
പകലിന്റെ വഴിയിൽ വേച്ച് വേച്ച്
പിറവിയുടെ പൊരുളു തേടി
എന്റെ ശ്വാസംപോലെ
അലയുന്നൊരു കാറ്റ്!
സമയം തെറ്റാതെ കുത്തിനോവിച്ച് അടിവയറ്റിൽ
ചുവന്ന പക്ഷികൾ കൂത്താടുന്നു.
ചുമക്കാത്ത ഭാരത്തിന്റെ
ശൂന്യതയിൽ,
കൈകൾ അടിവയറ്റിൽ ചേർത്തുവെക്കുന്നു.
കാട് പൊതിഞ്ഞുവെച്ചൊരു
ഇലയിൽനിന്ന് പൂക്കളുടെ നിലവിളി,
ആൾക്കൂട്ടത്തിൽ
കാട്ടാറിന്റെ കണ്ണുകളുടെ ഭാരം
എങ്ങനെ ഇറക്കിവെക്കും?
ഉറക്കം തൊടാത്ത ഉടലിൽ
സ്വപ്നം തീണ്ടുന്ന ഉയിർ!
കാലത്തിന്റെ വിരിപ്പിൽ
ഉണരാത്ത സ്വപ്നത്തിന്റെ
നീലിച്ച തൂവലുകൾ.
നോക്കൂ...
ഉറക്കത്തിന്റെ മുട്ടയിൽനിന്ന്
ഉയർന്ന് പൊങ്ങുന്നു
വെയിൽചിറകുള്ള
സൂര്യന്റെ പക്ഷികൾ.
വിരിയാത്ത മുട്ടകളിൽനിന്ന്
പറന്നു പോകുന്നു
ആദിമമായ ജീവന്റെ തുടിപ്പ്!