ശ്വസിക്കുന്ന വീട്
ചെത്തിച്ചോപ്പുള്ള അതിരിൽ വെണ്ണിലാവ് പോലെ വിരിഞ്ഞുനിൽക്കുന്ന മന്ദാരങ്ങൾ. പച്ചപ്പായൽ ഇഴുകിച്ചേർന്ന കൽപ്പടവിനുമപ്പുറം ചിതറിയ നക്ഷത്രങ്ങൾപോലെ ചരൽ നിറഞ്ഞ മുറ്റം. തൊട്ടാൽ ചിണുങ്ങാനൊരുങ്ങിനിൽക്കുന്ന പിച്ചള മണി. ഉമ്മറക്കോലായിൽ പറ്റിച്ചേർന്നിരിക്കുന്ന കുപ്പിയിൽ ലക്കി ബാംബൂ. അകത്തളത്തിൽനിന്നും അതാ ഒരു...
Your Subscription Supports Independent Journalism
View Plansചെത്തിച്ചോപ്പുള്ള
അതിരിൽ
വെണ്ണിലാവ് പോലെ
വിരിഞ്ഞുനിൽക്കുന്ന
മന്ദാരങ്ങൾ.
പച്ചപ്പായൽ ഇഴുകിച്ചേർന്ന
കൽപ്പടവിനുമപ്പുറം
ചിതറിയ
നക്ഷത്രങ്ങൾപോലെ
ചരൽ നിറഞ്ഞ മുറ്റം.
തൊട്ടാൽ ചിണുങ്ങാനൊരുങ്ങി
നിൽക്കുന്ന പിച്ചള മണി. ഉമ്മറക്കോലായിൽ
പറ്റിച്ചേർന്നിരിക്കുന്ന
കുപ്പിയിൽ ലക്കി ബാംബൂ.
അകത്തളത്തിൽനിന്നും
അതാ ഒരു ഗസൽ
ഒഴുകുന്നു.
അതിരിനുമപ്പുറത്തെ അരുവിയിൽനിന്നാവണം
തലക്കനമില്ലാത്ത ഒരു കാറ്റ്
അനുവാദം തേടാതെ
ചുറ്റിപ്പിടിച്ച് ഭ്രമിപ്പിച്ചു.
ഓരോ അറകളിലും
ആനന്ദം നിറഞ്ഞു
തുളുമ്പുന്നയിടത്തിന്
ചേർന്ന പേര്
‘ശ്വസിക്കുന്ന വീട്’
ഇതാണ് എന്റെ വീടെന്നവൻ
ആൾത്തിരക്കിൽ
തലപൊക്കി നിന്നു.
വിയർപ്പ് രുചിച്ച്
വെയിലേറ്റ് വാടി
പലിശയും കൂട്ടുപലിശയും
തീർക്കാൻ.
എന്നിട്ടും
തീരുന്നില്ലത്രെ
വീടിന്റെ വില!
അടച്ചുവീട്ടുകയീ കുടിശ്ശിക.
അതുവരെയും ഇത്
ബാങ്കിന്റെ ആസ്തി.
തർക്കം വേണ്ട,
താഴിട്ടു പൂട്ടുന്നു.
നിന്റെ വീടെന്നിനി പുലമ്പേണ്ട.
ഇറങ്ങിയേക്കുക.
തകർത്തെറിഞ്ഞയാ
വാക്കുകളുടെ
മാലകോർത്ത് അവനൊരു കുരുക്കിട്ടു.
ശ്വസിക്കുന്ന വീടിന്
അന്നാദ്യമായി ശ്വാസംമുട്ടി.
എന്റെ, എന്റെയെന്നു ദിനവുമോതിയോൻ
പടിയിറങ്ങാതെ
പിടഞ്ഞു നിന്ന പോലേയൊരു
ജപ്തി നോട്ടീസ്
വീടിന്റെ നെഞ്ചിൽ
തൂങ്ങിയാടി.