പെൺകവിത
പത്രാധിപർ വിളിച്ചു ഇറങ്ങാൻ പോകുന്ന പെൺപതിപ്പിലേക്ക് ഒരു കവിത വേണം ആദ്യവരി കുറിച്ചപ്പോൾസ്വർഗത്തിൽനിന്ന് നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ചിതറി വീണു രണ്ടാം വരി മനസ്സിലൂറിയപ്പോൾ കാട് പച്ചപ്പുടുത്ത് നാട്ടിലേക്ക് നടന്നുവരുന്നു മൂന്നാം വരിയിലെത്തിയപ്പോൾ പാറ പിളർന്നു ജലം പരന്നൊഴുകി ഒരു തെളിനീർ തടാകം ഉരുവംകൊള്ളുന്നു നാലാമത്തെ വരി എഴുതും മുമ്പ് അയാൾ വെറുതെ ജാലകം ചാരിനിന്ന് പുറത്തേക്ക് നോക്കി ചന്ദ്രിക ഒരായിരം ചന്ദ്രക്കലകളായി ആകാശത്ത്...
Your Subscription Supports Independent Journalism
View Plansപത്രാധിപർ വിളിച്ചു
ഇറങ്ങാൻ പോകുന്ന പെൺപതിപ്പിലേക്ക്
ഒരു കവിത വേണം
ആദ്യവരി കുറിച്ചപ്പോൾ
സ്വർഗത്തിൽനിന്ന് നക്ഷത്രങ്ങൾ
ഭൂമിയിലേക്ക് ചിതറി വീണു
രണ്ടാം വരി മനസ്സിലൂറിയപ്പോൾ
കാട് പച്ചപ്പുടുത്ത് നാട്ടിലേക്ക് നടന്നുവരുന്നു
മൂന്നാം വരിയിലെത്തിയപ്പോൾ
പാറ പിളർന്നു ജലം പരന്നൊഴുകി
ഒരു തെളിനീർ തടാകം ഉരുവംകൊള്ളുന്നു
നാലാമത്തെ വരി എഴുതും മുമ്പ്
അയാൾ വെറുതെ ജാലകം ചാരിനിന്ന്
പുറത്തേക്ക് നോക്കി
ചന്ദ്രിക ഒരായിരം ചന്ദ്രക്കലകളായി
ആകാശത്ത് നൃത്തംചെയ്യുന്ന അപൂർവ ദൃശ്യം
ആമ്പൽപ്പൂക്കൾ ഇതളുകളായി തെറിച്ചുവീണ്
ആ തടാകം നിറയുകയാണെന്ന് അയാൾക്ക് തോന്നി
തുടർന്നുള്ള വരികളിൽ നിറഞ്ഞുനിന്നു
പൂവണിഞ്ഞ മരുഭൂമികൾ
പൊന്നുടുത്ത ചെമ്പകക്കാട്
ഓടിക്കളിക്കുന്ന മുയൽ കുഞ്ഞുങ്ങൾ
പിന്നീടെപ്പോഴോ
അയാളുടെ ആത്മാവിനു ബോധം നഷ്ടമായി
ഒടുവിലത്തെ വരി
അഗ്നിയായി ആളിപ്പടർന്നു
ഇരുളിന്റെ മൂർച്ഛയിൽ
പൂർത്തിയാക്കിയ പെൺകവിത
പി.ഡി.എഫ് ഫോർമാറ്റിലേക്ക്
എക്സ്പോർട്ട് ചെയ്യപ്പെട്ടു!