തേനീച്ചക്കുപ്പായം
ഇരുകയ്യിലെ പഫിലും നികക്കെ നെഞ്ചിലും വിലങ്ങനെ കുത്തനെയെന്ന് ഞൊറികൾ അടുപ്പിച്ച് വെച്ച് ഇളം പിങ്ക് നിറമുള്ള ഫ്രില്ലുകൾ നിറഞ്ഞ തേനീച്ചക്കൂട് പോലൊരുടുപ്പിട്ട് അവളംഗനവാടിയിലേക്ക് കേറിവന്ന ആ ദിവസം ക്ലാസിലൊന്നാകെഒരു തേനീച്ചക്കൂട്ടമിരമ്പി മരയഴിവെച്ച ക്ലാസിനു പുറത്തുലച്ചിലുമായി വന്നമഴയിലും വേഗത്തിൽ ക്ലാസൊന്നടങ്കം അവൾക്ക് ചുറ്റും കൂടി മണത്ത അവളുടെ എളാപ്പ കൊണ്ടന്ന ഫോറിൻ ഗന്ധം നിറമുള്ള പെൻസിൽ മായ്ക്കാ റബ്ബർ അവളുടെ കാൽമുട്ടിനെകവിഞ്ഞിറങ്ങി നിന്ന ലേസുകൾ മുത്തുകൾ ഹോ! അംഗനവാടി കഴിഞ്ഞ്ചെറിയൊന്ന് വലിയൊന്ന് മദ്രസകൾ കഴിഞ്ഞ് ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് മൂന്നാം ക്ലാസിൽ...
Your Subscription Supports Independent Journalism
View Plansഇരുകയ്യിലെ പഫിലും
നികക്കെ നെഞ്ചിലും
വിലങ്ങനെ കുത്തനെയെന്ന്
ഞൊറികൾ അടുപ്പിച്ച് വെച്ച്
ഇളം പിങ്ക് നിറമുള്ള ഫ്രില്ലുകൾ നിറഞ്ഞ
തേനീച്ചക്കൂട് പോലൊരുടുപ്പിട്ട്
അവളംഗനവാടിയിലേക്ക്
കേറിവന്ന ആ ദിവസം
ക്ലാസിലൊന്നാകെ
ഒരു തേനീച്ചക്കൂട്ടമിരമ്പി
മരയഴിവെച്ച ക്ലാസിനു പുറത്തുലച്ചിലുമായി വന്ന
മഴയിലും വേഗത്തിൽ
ക്ലാസൊന്നടങ്കം
അവൾക്ക് ചുറ്റും കൂടി മണത്ത
അവളുടെ എളാപ്പ കൊണ്ടന്ന
ഫോറിൻ ഗന്ധം
നിറമുള്ള പെൻസിൽ
മായ്ക്കാ റബ്ബർ
അവളുടെ കാൽമുട്ടിനെ
കവിഞ്ഞിറങ്ങി നിന്ന ലേസുകൾ മുത്തുകൾ
ഹോ!
അംഗനവാടി കഴിഞ്ഞ്
ചെറിയൊന്ന് വലിയൊന്ന്
മദ്രസകൾ കഴിഞ്ഞ്
ഒന്നാം ക്ലാസ്
രണ്ടാം ക്ലാസ്
മൂന്നാം ക്ലാസിൽ വല്ല്യ സ്കൂളിലേക്ക്
പള്ളിത്തൊടി മുറിച്ച് വഴി കടന്ന് പോരാറായിട്ടും
അവൾക്കടുത്തേക്ക് പോകാനാവാതെ
മാറിയിരുന്ന് ഞാനവളെ നോക്കി
പഴയ ഇളം പിങ്ക് തേനീച്ചക്കുപ്പായം
അവളിലേക്കപ്പഴേക്കും പാകമായി
പാകത്തിലേറെയായി
കാൽമുട്ടിന് മുകളിലേക്കെത്തിയിരുന്നു
അടിവിട്ട തുന്നലുകൾ
ഈണം തെറ്റിയ മൂളലുകളായ്
ഇണക്കിപ്പിടിച്ചിരിക്കുന്നു
ചുമരിലേക്ക് ചാരിയിരുന്നിടത്ത്
കുരുകുരു കുത്തിയിരിക്കുന്നു
ഒരു സൂക്ഷ്മനോട്ടത്തിൽ കരിമ്പനൊളിക്കുന്നു
പഴയ ഫോറിൻമണമെന്നപോലെ
അവളിൽനിന്നൊരു തേനീച്ചക്കൂട്ടം
ഒഴിഞ്ഞുപോയിരിക്കുന്നു
ഒരാരവം അകന്ന് പോയിട്ടും
ബാക്കി നിന്ന റാണിയുടെ മൂളിച്ച
കേട്ട് ഞാൻ അവളിലേക്ക് പാളി നോക്കും
അവളെ നോക്കുമ്പഴൊക്കെയും ഞാൻ,
പണ്ട് അവളെക്കാത്ത് അംഗനവാടിയിൽ
പഴയ ഹീറോ സൈക്കിളിൽ
മുന്നിലവൾക്കിരിക്കാൻ പാകത്തിൽ
കുഞ്ഞൊരു സീറ്റ് പിടിപ്പിച്ച്
കുപ്പായമിടാതെ
ഒരു തോർത്ത് തോളത്തേക്കിട്ട്
നിറഞ്ഞ ചിരിയുമായ് വരുന്നൊരാളെക്കൂടെ കാണും
നടന്ന് പോകുമ്പോൾ വഴിയിൽ
പീടികത്തിണ്ണയിൽ നിന്ന്
കൈമാടി വിളിച്ച്
സ്ഫടിക ഭരണിയിൽനിന്നവൾക്കായി
മിഠായി തിരയുന്നൊരുപ്പയെക്കാണും
അയാളെ കാണുമ്പഴൊക്കെയും
അവളംഗനവാടിയിലേക്ക്
ആദ്യമായി തേനീച്ചക്കുപ്പായമിട്ട് വന്ന
ആ പഴയ പെൺകുട്ടിയാവും
അത് കാണുമ്പോൾ
എന്റെ ഉള്ളിലൊരു കടച്ചിലിളകും
ഞാനെന്റെ പതിഞ്ഞ പിൻെബഞ്ചിലെ
ഏറ്റവുമറ്റത്തെ സീറ്റിലേക്കൊതുങ്ങും,
ഉള്ളാകെ
തേനീച്ചക്കുത്തുകൾ നിറയും.