നക്ഷത്രങ്ങളില്ലാത്ത ഒരു രാത്രിയിൽ
ഫലസ്തീൻ കവിയും പണ്ഡിതനും ഗസ്സയിൽനിന്നുള്ള ലൈബ്രേറിയനുമായ മുസ്അബ് അബൂ താഹയുടെ 2022ൽ പുറത്തിറങ്ങിയ ‘Things You May Find Hidden in My Ear’ എന്ന ആദ്യ കവിതാസമാഹാരത്തിലെ നാലു കവിതകളുടെ മൊഴിമാറ്റം.1. എന്താണ് വീട്? എന്താണ് വീട്?സ്കൂളിലേക്കുള്ള വഴിയിലെ മരങ്ങളുടെ തണലാണത്,അവ പിഴുതെടുക്കപ്പെടും മുമ്പ്. എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് കല്യാണ ഫോട്ടോയാണത്, ചുമരുകൾ തകരും മുമ്പ്. ഉറുമ്പുകൾ കൂട്ടമായുറങ്ങുന്ന എന്റെ അമ്മാവന്റെ നമസ്കാര പായയാണത്, കട്ടെടുത്ത് മ്യൂസിയത്തിൽ വെക്കപ്പെടുംമുമ്പ്. എന്റെ അമ്മ അപ്പം ചുടുകയും കോഴി വറുക്കുകയും ചെയ്തിരുന്ന അടുപ്പാണത്, ഒരു ബോംബ് ഞങ്ങളുടെ താമസസ്ഥലം...
Your Subscription Supports Independent Journalism
View Plansഫലസ്തീൻ കവിയും പണ്ഡിതനും ഗസ്സയിൽനിന്നുള്ള ലൈബ്രേറിയനുമായ മുസ്അബ് അബൂ താഹയുടെ 2022ൽ പുറത്തിറങ്ങിയ ‘Things You May Find Hidden in My Ear’ എന്ന ആദ്യ കവിതാസമാഹാരത്തിലെ നാലു കവിതകളുടെ മൊഴിമാറ്റം.
1. എന്താണ് വീട്?
എന്താണ് വീട്?
സ്കൂളിലേക്കുള്ള വഴിയിലെ മരങ്ങളുടെ തണലാണത്,
അവ പിഴുതെടുക്കപ്പെടും മുമ്പ്.
എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും
ബ്ലാക്ക് ആൻഡ് വൈറ്റ് കല്യാണ ഫോട്ടോയാണത്,
ചുമരുകൾ തകരും മുമ്പ്.
ഉറുമ്പുകൾ കൂട്ടമായുറങ്ങുന്ന
എന്റെ അമ്മാവന്റെ നമസ്കാര പായയാണത്,
കട്ടെടുത്ത് മ്യൂസിയത്തിൽ വെക്കപ്പെടുംമുമ്പ്.
എന്റെ അമ്മ അപ്പം ചുടുകയും കോഴി വറുക്കുകയും ചെയ്തിരുന്ന അടുപ്പാണത്,
ഒരു ബോംബ് ഞങ്ങളുടെ താമസസ്ഥലം
ചാരമാക്കും മുമ്പ്.
ആ കാപ്പിക്കടയാണത്, ഞാൻ ഫുട്ബാൾ കാണുകയും കളിക്കുകയും ചെയ്തിരുന്നത്.
എന്റെ കുഞ്ഞ് ഇടക്കു
കയറി: ‘‘ഒരൊറ്റ വാക്ക് ഇതിനെയെല്ലാം
അടക്കിവെച്ചിട്ടുണ്ടെന്നോ?’’
2. നക്ഷത്രങ്ങളില്ലാത്ത ഒരു രാത്രിയിൽ
നക്ഷത്രങ്ങളില്ലാത്ത ഒരു രാത്രിയിൽ
ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
ഭൂമി കുലുങ്ങുന്നു.
ഞാൻ കിടക്കയിൽനിന്നും വീഴുന്നു.
ഞാനെന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു.
അയലത്തെ വീട് ഇപ്പോഴവിടെ നിൽക്കുന്നില്ല.
ഭൂമിയുടെ തറയിൽ വിരിച്ച ഒരു
പഴയ പരവതാനി കണക്കെ,
മിസൈലുകളാലും
കാലുപോയ പാദങ്ങളിൽനിന്നും തെറിച്ചുപോയ
തടിച്ച ചെരുപ്പുകളാലും
ചവിട്ടിമെതിക്കപ്പെട്ട്
അതങ്ങനെ കിടക്കുകയാണ്.
എന്റെ അയൽക്കാരുടെ
ആ ചെറിയ ടി.വി ഇപ്പോഴുമുള്ളതും,
ആ പഴയ ചിത്രം ഇപ്പോഴും അവരുടെ
ചുമരിൽ തൂങ്ങിക്കിടപ്പുള്ളതും
അവരുടെ പൂച്ചക്ക് കുഞ്ഞുങ്ങളുള്ളതും
ഞാനറിഞ്ഞിട്ടേയില്ലായിരുന്നു.
3. വിട്ടേച്ചുപോന്ന കുട്ടിക്കാലം
ഞാൻ പോന്നപ്പോൾ
എന്റെ കുട്ടിക്കാലത്തെ
വലിപ്പിലും അടുക്കളമേശയിലും െവച്ചു പോന്നു.
എന്റെ കളിക്കുതിരയെ അതിന്റെ
പ്ലാസ്റ്റിക് സഞ്ചിയിലും െവച്ചു.
ക്ലോക്കിൽ നോക്കാതെയാണ് ഞാൻ പോന്നത്.
അത് ഉച്ചയായിരുന്നോ അതോ
വൈകുന്നേരമായിരുന്നോ
എന്ന് ഓർക്കുന്നില്ല.
ഞങ്ങളുടെ കുതിര രാത്രി ഒറ്റക്ക് കഴിച്ചുകൂട്ടി.
വെള്ളമോ അത്താഴത്തിന് ധാന്യമോ ഇല്ലാതെ.
ഞങ്ങൾ
വൈകിവന്ന വിരുന്നുകാർക്ക് ഭക്ഷണമുണ്ടാക്കാനോ
എന്റെ സഹോദരിയുടെ പത്താം പിറന്നാളിന്
കേക്കുണ്ടാക്കാനോ പോന്നതാണ്
എന്ന് അത് കരുതിക്കാണും.
ഞാൻ എന്റെ സഹോദരിയോടൊപ്പം
അറ്റമില്ലാത്ത ഞങ്ങളുടെ വഴിയിലൂടെ നടന്നു.
ഞങ്ങളൊരു പിറന്നാൾ പാട്ട് പാടി.
സ്വർഗത്തിന് കുറുകെ യുദ്ധവിമാനങ്ങളിരമ്പി.
എന്റെ അച്ഛനും അമ്മയും ക്ഷീണിതരായി
പുറകെ നടന്നു,
എന്റെ അച്ഛൻ വീടിന്റെയും കുതിരലായത്തിന്റെയും താക്കോലുകൾ നെഞ്ചോട് ചേർത്ത് മുറുകെപ്പിടിച്ച്.
ഞങ്ങൾ ഒരു രക്ഷാകേന്ദ്രത്തിലെത്തി.
വ്യോമാക്രമണത്തിന്റെ വാർത്ത റേഡിയോയിലലറി.
ഞാൻ മരണത്തെ വെറുത്തു,
എന്നാൽ, ഞാൻ ജീവിതത്തെയും വെറുത്തു,
വലിച്ചുനീട്ടപ്പെട്ട ഞങ്ങളുടെ മരണത്തിലേക്ക്,
ഒരിക്കലും തീരാത്ത സങ്കീർത്തനം പാടി
നടന്നുനീങ്ങേണ്ടതിനാൽ.
4. ഒച്ചയില്ലാത്ത തേങ്ങൽ
ഉണർന്നെണീക്കുമ്പോൾ
ദിവസം മുഴുവൻ വൈദ്യുതിയുള്ളതായി
കാണാനായെങ്കിൽ
എന്ന് ഞാൻ കൊതിക്കുന്നു.
വെടിവെപ്പും ഡ്രോണുകളുടെ മൂളലുമില്ലാതെ
കിളികൾ പാടുന്നത് കേൾക്കാനായെങ്കിലെന്ന്
ഞാൻ കൊതിക്കുന്നു.
പേന പിടിക്കാനും എഴുതാനും
അല്ലെങ്കിൽ ഒരു നോവൽ വായിച്ചെത്തിക്കാനോ
ഒരു കവിതയിലൂടെ പിന്നെയും കടന്നുപോകാനോ ഒരു നാടകം വായിക്കാനോ ആയി
എന്റെ എഴുത്തുമേശ എന്നെ
വിളിച്ചെങ്കിലെന്ന് ഞാൻ കൊതിക്കുന്നു.
ഒച്ചയില്ലാതെ തേങ്ങുന്ന ആളുകളും
നിശ്ശബ്ദമായ ചുമരുകളുമല്ലാതെ
മറ്റൊന്നുമില്ല എന്റെ ചുറ്റും.
(മൊഴിമാറ്റം: ഡോ. ഷെറിൻ കെ. റഹിമാൻ)
==================
മുസ്അബ് അബൂ താഹ
2023 നവംബർ 19ന്, ഗസ്സ മുനമ്പിൽനിന്ന് കുടുംബത്തോടൊപ്പം ഒഴിപ്പിക്കാനുള്ള ശ്രമത്തിൽ റഫാ അതിർത്തി ക്രോസിങ്ങിലേക്ക് പോകുന്നതിനിടെ അബൂ താഹയെ ഇസ്രായേൽ പ്രതിരോധസേന തടഞ്ഞുെവച്ചു. അദ്ദേഹത്തിന്റെ സമീപകാല രചനകളാണ് ഇതിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. നവംബർ 20ന് അബൂ താഹയെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു.
നവംബർ 21ന്, നെഗേവിലെ ഇസ്രായേൽ ജയിലിലേക്ക് കൊണ്ടുപോയി മർദിച്ചശേഷം മോചിപ്പിച്ചതായി, ഫലസ്തീൻ-കനേഡിയൻ അഭിഭാഷകയായ ഡയാന ബുട്ടുവിന്റെ പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഒരു കുറിപ്പ് അനുസരിച്ച്, അദ്ദേഹം ഇപ്പോൾ കുടുംബത്തോടൊപ്പം ഈജിപ്തിലെ കൈറോയിലാണ്.