ചിൻസൂറ നിന്നെയോർക്കുമ്പോൾ
അത്രമേലേകാന്തമായൊരുപുലരിയിൽ ബിമൽ മിത്രയെ വായിക്കവേ വീണ്ടും നിന്നെയോർത്തു. ഒരു കാരണവുമില്ലാതെആകാശമിരുണ്ടു! വളവിൽ,മലഞ്ചെരുവിൽ, ഒരു കാറ്റു പറന്നുവന്നു. കരിയിലകൾ കിലുങ്ങി മഴ വന്നുപോയി! നീയെവിടെയാണ്?തിരക്കിലകപ്പെട്ട ചിൻസൂറയിൽ,വെയിൽതിന്നു കരിഞ്ഞ ഞാൻഅത്രയൊന്നും പഴകിയിട്ടില്ലാത്ത നിന്റെ ചിരികളെയെങ്ങനെ മറന്നുപോകുമെന്നാണ്! ഓർമകളിൽ,തെളിഞ്ഞ പുഴയുടെ സുതാര്യത. ചിരിക്കുന്ന വെള്ളാരങ്കല്ലുകളിൽനിന്റെ കണ്ണുകൾ. ഇരുട്ടിലേക്കു...
Your Subscription Supports Independent Journalism
View Plansഅത്രമേലേകാന്തമായൊരു
പുലരിയിൽ
ബിമൽ മിത്രയെ വായിക്കവേ
വീണ്ടും നിന്നെയോർത്തു.
ഒരു കാരണവുമില്ലാതെ
ആകാശമിരുണ്ടു!
വളവിൽ,
മലഞ്ചെരുവിൽ,
ഒരു കാറ്റു പറന്നുവന്നു.
കരിയിലകൾ കിലുങ്ങി
മഴ വന്നുപോയി!
നീയെവിടെയാണ്?
തിരക്കിലകപ്പെട്ട ചിൻസൂറയിൽ,
വെയിൽതിന്നു കരിഞ്ഞ ഞാൻ
അത്രയൊന്നും പഴകിയിട്ടില്ലാത്ത
നിന്റെ ചിരികളെയെങ്ങനെ മറന്നുപോകുമെന്നാണ്!
ഓർമകളിൽ,
തെളിഞ്ഞ പുഴയുടെ സുതാര്യത.
ചിരിക്കുന്ന വെള്ളാരങ്കല്ലുകളിൽ
നിന്റെ കണ്ണുകൾ.
ഇരുട്ടിലേക്കു നോക്കി
നീയിരിക്കാറുള്ള ചൂരൽക്കസേര!
നോക്കിനിൽക്കേ
ഉടലഴിഞ്ഞ മീനുകൾ
കാലുകളിൽ ഇക്കിളിയിട്ടു!
അന്നുവരെയും
പുഴയടക്കിവെച്ച രഹസ്യങ്ങളത്രയും
ഓളങ്ങളിൽ പിണഞ്ഞുകെട്ടി,
കവിതയായി
നിന്നെത്തേടിയൊഴുകി!
ഒരൊറ്റ വാക്ക്,
പൂക്കാത്ത മരങ്ങൾ,
നീയില്ലാത്തതുകൊണ്ടു മാത്രം
എന്റെയല്ലാത്ത നഗരം,
മഴയും വെയിലും മഞ്ഞുമേറ്റ്
കാലത്തിനപ്പുറത്തും നീ!
നിന്നെയും കാത്ത്
അത്രമേലേകാന്തമായി വീട്,
അറ്റമില്ലാത്ത പാത,
സദാ വിഷാദം മീട്ടുന്ന ഏക്താര!
കണ്ണുചിമ്മിയില്ല
സെമിത്തേരിപ്പാതയിൽ
ഏതോ വിരഹിയുടെ ബാവുൾ!
നീയെന്നെയൊരിക്കലും സ്നേഹിച്ചിരുന്നില്ലേ?
പിന്നെയെന്തിനാണ്,
പൊടിക്കാറ്റിൽ,
പുലരിയിൽ,
കൂരിരുട്ടിൽ,
ഒരിലയൊച്ചയിൽ,
ഇത്രമേൽ കനത്ത ജീവിതത്തിൽ,
എന്റെ കവിതകളിൽ,
എല്ലായിടത്തും നീ?
മറ്റാരുടേതുമാകാനിഷ്ടമില്ലാതെ ഞാൻ..?