സൈനികർ
കിടക്കയിൽ യൂനിഫോമണിഞ്ഞു നാം കിടന്നു. ഞാൻ, സ്വർണത്തലമുടിയുള്ള ഒരു ജർമൻകാരൻ. നീ, രോമത്തൊപ്പി വെച്ച ഒരു റഷ്യക്കാരൻ. ഒരുപാടു വർഷങ്ങൾ യുദ്ധസന്നദ്ധരായി നാമങ്ങനെ കിടന്നു.ഒരു നിമിഷം ഞാൻ മയക്കത്തിൽ വീണതും നീ തോക്ക് എന്റെ തലക്കു നേരെ ചൂണ്ടി. ‘‘ഒരു പുക താ, വഷളൻ നാസീ’’, നീ ആവശ്യപ്പെട്ടു. ‘‘നിന്റെ കുണ്ടിക്കാണ് പുക, വൃത്തികെട്ട ഇവാനേ’’ അനങ്ങാതെ ഞാൻ മറുപടി കൊടുത്തു. ഒരു കൈകൊണ്ട് നീയെന്നെ കടന്നുപിടിച്ചു. യൂനിഫോമിന്റെ മുൻവശം വലിച്ചുകീറി –പണ്ടാറടങ്ങട്ടെ. എന്റെ നാസി യൂനിഫോമിനടിയിൽ ഒരു ക്യൂബൻ പട്ടാളക്കാരന്റെ യൂനിഫോം! പിന്നിലേക്കാഞ്ഞ് നീയെന്നെ തറപ്പിച്ചുനോക്കി. ഞാനൊരു ക്യൂബക്കാരനായിക്കഴിഞ്ഞിരുന്നു: മുറ്റിയ...
Your Subscription Supports Independent Journalism
View Plansകിടക്കയിൽ യൂനിഫോമണിഞ്ഞു നാം കിടന്നു. ഞാൻ, സ്വർണത്തലമുടിയുള്ള ഒരു ജർമൻകാരൻ. നീ, രോമത്തൊപ്പി വെച്ച ഒരു റഷ്യക്കാരൻ. ഒരുപാടു വർഷങ്ങൾ യുദ്ധസന്നദ്ധരായി നാമങ്ങനെ കിടന്നു.
ഒരു നിമിഷം ഞാൻ മയക്കത്തിൽ വീണതും നീ തോക്ക് എന്റെ തലക്കു നേരെ ചൂണ്ടി. ‘‘ഒരു പുക താ, വഷളൻ നാസീ’’, നീ ആവശ്യപ്പെട്ടു. ‘‘നിന്റെ കുണ്ടിക്കാണ് പുക, വൃത്തികെട്ട ഇവാനേ’’ അനങ്ങാതെ ഞാൻ മറുപടി കൊടുത്തു.
ഒരു കൈകൊണ്ട് നീയെന്നെ കടന്നുപിടിച്ചു. യൂനിഫോമിന്റെ മുൻവശം വലിച്ചുകീറി –പണ്ടാറടങ്ങട്ടെ. എന്റെ നാസി യൂനിഫോമിനടിയിൽ ഒരു ക്യൂബൻ പട്ടാളക്കാരന്റെ യൂനിഫോം!
പിന്നിലേക്കാഞ്ഞ് നീയെന്നെ തറപ്പിച്ചുനോക്കി. ഞാനൊരു ക്യൂബക്കാരനായിക്കഴിഞ്ഞിരുന്നു: മുറ്റിയ താടി, തിളങ്ങുന്ന കണ്ണുകൾ, ചെവിക്കു പിന്നിൽ ഒരു സിഗരറ്റ്.
നീ നിന്റെ തോക്കു വലിച്ചെറിഞ്ഞ് സന്തോഷക്കണ്ണീരോടെ അലറിക്കരഞ്ഞു: ‘‘അല്ലെങ്കിലും എനിക്കറിയാം, എന്റെ ഹൃദയത്തിന്റെ ആഴത്തിലറിയാം എന്റെ തൊട്ടടുത്തു കിടക്കുന്നത് സുഹൃത്താണ്, സഖാവാണ് എന്ന്.’’
‘‘വിപ്ലവം ജയിക്കട്ടെ!’’ നിന്റെ കഴുത്തിൽ ചുംബിച്ചുകൊണ്ട് ഞാൻ മന്ത്രിച്ചു. ‘‘ഞാനിതാ കീഴടങ്ങുന്നു!’’ ശാന്തമായ കുറുകലോടെ, നിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ നീയെന്നെ അനുവദിച്ചു.
എന്നാൽ, നിന്റെ യൂനിഫോമിന്റെ കുടുക്കഴിക്കേ, അവിശ്വാസത്തോടെ ഞാൻ പിന്നിലേക്കു മാറി. റഷ്യൻ യൂനിഫോമിനടിയിൽ നീ അണിഞ്ഞിരുന്നത് ഒരമേരിക്കൻ നാവിക യൂനിഫോം!
നോക്കുമ്പോൾ എന്റെയടുത്തു കിടക്കുന്നത് ശരിക്കുമൊരു അമേരിക്കക്കാരൻ. പല്ലു കാട്ടിയുള്ള പരന്ന ചിരി, ചവക്കുന്ന ച്യൂയിങ്ഗം.
ഞാനൊരു കത്തി കടന്നെടുത്ത് നിന്റെ തൊണ്ടയോടു ചേർത്തുവെച്ചു. നീ പക്ഷേ ഇളിച്ചുകൊണ്ടിരിക്കുന്നു: ‘‘എന്റിഷ്ടാ, ഇതൊന്നും അത്ര എളുപ്പമല്ല.’’
വടിക്കാത്ത നിന്റെ അമേരിക്കൻ താടിമേൽ എന്റെ കത്തിമുന നേരിയ ഒരു ചോപ്പുവര വീഴ്ത്തി. ‘‘നിനക്കു രക്ഷയില്ല, മുതലാളിത്തപ്പന്നീ...’’ പല്ലിറുമ്മിക്കൊണ്ടു ഞാൻ പറഞ്ഞു. എന്നാൽ നീ ചുമ്മാ ചിരിച്ചു: ‘‘വിഡ്‌ഢി മതഭ്രാന്താ, വിടില്ല ഞാൻ നിന്നെ.’’
കിടക്കയിൽ യൂനിഫോമണിഞ്ഞു നാം കിടന്നു. ഞാൻ താടിയുള്ള ക്യൂബക്കാരൻ. നീ ചിരിക്കുന്ന അമേരിക്കക്കാരൻ. യുദ്ധസന്നദ്ധരാണു നാം. കിടക്കക്കടിയിൽ നിറയെ സിഗരറ്റു കുറ്റികളും ചവച്ചുതുപ്പി ഉരുട്ടിവെച്ച ച്യൂയിങ്ഗമ്മും.
2. തത്സമയം
കച്ചേരി കേൾക്കാൻ പോകുന്നവരിൽ
ഗിറ്റാറിന്റെ ആദ്യ മീട്ടലിൽതന്നെ
പാട്ടു തിരിച്ചറിയുന്നവരുണ്ട്.
അപ്പോളവർ ആർത്തലറും
ആദ്യവരി തുടങ്ങുമ്പൊഴേ
തിരിച്ചറിയുന്ന കാണികളുണ്ട്.
അപ്പോളവർ ആർത്തലറും.
പല്ലവി
നാലാം തവണ ആവർത്തിച്ചശേഷം മാത്രം
തിരിച്ചറിയുന്നവരുണ്ട്
അപ്പോളവർ ആർത്തലറും.
ഒരു വസ്തു തിരിച്ചറിയാത്തവരുണ്ട്
ഒന്നും കേൾക്കാതെ കാണാതെ
മൂലയ്ക്കടിയുന്നവർ
കാവൽക്കാർ അവരെ പിടിച്ചു പുറത്തിടും
അപ്പോളവർ ആർത്തലറും.
(മൊഴിമാറ്റം: പി. രാമൻ)
========
കാർലിസ് വെർഡിൻസ്
(ലാത് വിയ, ജനനം: 1979)