വൈക്കോലും മാമ്പൂക്കളും
ചരിത്രം ചിലപ്പോൾ
പിന്തിരിഞ്ഞു നിൽക്കും
അതെല്ലാം മറന്നുകഴിഞ്ഞെന്നും
ഒരിലയിളക്കംകൊണ്ടു പോലും
കടന്നുപോയ കോളിളക്കങ്ങളെ
അനുസ്മരിക്കുന്നില്ലെന്നും നാം കരുതും
പഴയ കെട്ടിടങ്ങൾക്കു മേൽ
പുതിയ മന്ദിരങ്ങളുയർത്തി
അതിനെ കുഴിച്ചുമൂടാമെന്ന് മോഹിക്കും
പുതിയതിന് ആയിരം ശാഖകൾ
പൊട്ടിമുളയ്ക്കുമെന്നും
അവ ആൽവേരുകൾപോലെ
നാടെങ്ങും പടരുമെന്നും
അണലിപ്പാമ്പുപോലെ
പുതിയ ചരിത്രത്തെ
പെറ്റു കൂട്ടുമെന്നും കൊതിക്കും
വിഷമേറ്റ കാലം
കലങ്ങി നീലിച്ച ദംശനത്താൽ
ലോകത്തെയാകെ
നീലയാക്കുമെന്നാശിക്കും
വെറുതെയാണ്
മന്ദിരത്തിന്റെ ഏതോ കോണിൽ
ആരാരുമറിയാതെയോർക്കാതെ
ചെറിയൊരു വിത്തു വീഴും
അത് മുളച്ച് വിടവുകളിൽ വേരാഴ്ത്തും
വിള്ളലുകളിൽ ഗോതമ്പുപാടങ്ങൾ വളരും
ജനലുകളിൽ വനമുല്ലകൾ പടരും
വാതിൽപ്പടികളിൽ ആപ്പിളുകൾ വിളയും
അത് വീണ്ടും ചരിത്രത്തിന്റെ വീടാകും
വയലുകൾ നൽകിയ പൊടികൊണ്ട്
മനുഷ്യരതിനെ ശുദ്ധീകരിക്കും
സ്നേഹത്തിന്റെ ജലംകൊണ്ട് നനച്ചുണക്കും
വയ്ക്കോലും മാമ്പൂക്കളും കൊണ്ടലങ്കരിക്കും
അവിടെ ഓർമയുടെ നദിയൊഴുകും
പഴയതോർത്ത് കാലം ആർത്തുചിരിക്കും.