ഗർഭ പാത്രത്തിൽനിന്ന് നാടുകടത്തപ്പെടുന്നവർ
ഞാന്‍ നഗരത്തില്‍നിന്ന് നാടുകടത്തപ്പെടും,
ഇരുട്ടും മുമ്പ്.
അവര്‍ അവകാശപ്പെടും,
ശ്വാസവായുവിനുള്ള പണം; നല്‍കില്ലെന്ന് ഞാന്‍.
ഞാന്‍ നഗരത്തില്‍നിന്ന് നാടുകടത്തപ്പെടും,
സന്ധ്യ മായും മുമ്പ്.
അവര്‍ അവകാശപ്പെടും,
സൂര്യനുള്ള വാടകയും; ഞാന്‍ കൊടുത്തില്ല.
മേഘങ്ങള്‍ക്ക് യാതൊരു നിരക്കും നല്‍കിയിരുന്നില്ല.
ഞാന്‍ നഗരത്തില്‍നിന്ന് പുറത്താക്കപ്പെടും,
സൂര്യനുദിക്കും മുമ്പ്.
ഞാന്‍ രാത്രിയെ ദുഃഖത്തിലാഴ്ത്തി,
എന്റെ സ്തുതിഗീതങ്ങള്‍
നക്ഷത്ര വിതാനങ്ങളിലേക്കുയര്‍ത്തുന്നതില്‍
സ്വയം പരാജിതനായി.
ഞാന്‍ നഗരത്തില്‍നിന്ന് പുറംതള്ളപ്പെടും,
ഗര്‍ഭപാത്രത്തില്‍നിന്നു തന്നെ.
കാരണം ഏഴു മാസമായി,
ഞാന്‍ അതിജീവനത്തിനായി കവിതയെഴുതുകയായിരുന്നു.
ഞാന്‍ എന്നില്‍നിന്നും പുറത്താക്കപ്പെടും,
കാരണം ഞാന്‍ ശൂന്യതയിലാണ്.
ഞാന്‍ ശൂന്യതയില്‍നിന്നും നാടുകടത്തപ്പെടും,
എന്റെ സംശയാസ്പദമായ അദൃശ്യബന്ധത്തിന്.
ശൂന്യതയില്‍നിന്നു മാത്രമല്ല,
അസ്തിത്വത്തില്‍ നിന്നും ഞാന്‍ രാജ്യഭ്രഷ്ടനാകും,
കാരണം ഞാന്‍ ഭൂജാതനായത് എന്തോ ആയിത്തീരാനാണ്.
ഞാന്‍ നാടുകടത്തപ്പെടും.
(മൊഴിമാറ്റം: അശ്റഫ് തൂണേരി)
=================
(ലോക പ്രശസ്ത ഫലസ്തീന്‍ യുവ കവി നജ്‌വാന്‍ ദര്‍വീശിന്റെ ‘ഫോബിയ’
എന്ന അറബി കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)