രാത്രി സന്ദർശനം
പാത്തിലാത്തയുടെയും എലനോറിന്റെയും കണ്ടുമുട്ടലുകൾ അതീവ രസകരമായിരിക്കുന്ന ഒന്നാണ്. പാത്തിലാത്ത കോഓപ്പറേറ്റീവ് ബാങ്കിലെ തൂപ്പുകാരിയും ലോൺ കിട്ടിയാൽ പെരപണി തീർക്കാമെന്നു സ്വപ്നം കണ്ടിരുന്നവളും എലനോർ വേൾഡ് ഇക്കോണമി യെക്കുറിച്ച് മാത്രം ഉപാസിച്ചവളുമാണ്. രണ്ടുപേർ രണ്ടുകാലത്തിനിടയിൽമരിച്ചുപോവുകയും ആത്മാക്കൾ രണ്ടു ദേശങ്ങളിൽ നിന്ന് ഒന്നിലേക്ക് വിസയോ പാസ്പോർട്ടോ കൂടാതെ സന്ദർശകരാവുകയും ചെയ്യുന്നു. അവരവരുടെ...
Your Subscription Supports Independent Journalism
View Plansപാത്തിലാത്തയുടെയും
എലനോറിന്റെയും
കണ്ടുമുട്ടലുകൾ
അതീവ രസകരമായിരിക്കുന്ന
ഒന്നാണ്.
പാത്തിലാത്ത
കോഓപ്പറേറ്റീവ് ബാങ്കിലെ
തൂപ്പുകാരിയും
ലോൺ കിട്ടിയാൽ
പെരപണി തീർക്കാമെന്നു
സ്വപ്നം കണ്ടിരുന്നവളും
എലനോർ വേൾഡ് ഇക്കോണമി
യെക്കുറിച്ച് മാത്രം ഉപാസിച്ചവളുമാണ്.
രണ്ടുപേർ രണ്ടുകാലത്തിനിടയിൽ
മരിച്ചുപോവുകയും
ആത്മാക്കൾ രണ്ടു ദേശങ്ങളിൽ
നിന്ന് ഒന്നിലേക്ക്
വിസയോ പാസ്പോർട്ടോ
കൂടാതെ
സന്ദർശകരാവുകയും ചെയ്യുന്നു.
അവരവരുടെ പേരുകളിൽ
അതിർത്തികളിൽ
അവർ തടയപ്പെടുന്നില്ല.
കാപ്പിയുണ്ടാക്കുന്നതിനിടയിൽ
ഹൃദയം പൊട്ടി പാത്തിലാ മരിക്കുകയും
കാപ്പിയിൽ വിഷം കലർത്തി എലനോർ
മരിക്കുകയും ചെയ്യുന്നത്
ആത്മാക്കൾ
സൗഹൃദപ്പെടുന്നതിനൊരു
കാരണമാവുകയും
ഒരു ബാങ്കിന്റെ പരിസരം
അവരുടെ
കണ്ടുമുട്ടലുകൾക്കൊരു തുരുത്ത്
ആവുകയും ചെയ്യുന്നു
എന്നുള്ളതൊരു സിസി ടീവി ദൃശ്യമായി
അവരറിയാതെ
പതിയുന്നുണ്ട്.
‘‘പൊരേക്കൂടലു കാണാതെ പോകണ്ടിവന്നൂന്നൊള്ളു എലനോരെ
അല്ലാണ്ടിപ്പോ എനിക്കെന്ത് സങ്കടം.’’
പാത്തിലാത്തയുടെ തട്ടത്തിലെ
മിനുക്കുകൾ തിളങ്ങി.
സീഗെ !സീഗെ!
എല്ലാരും ജയിക്കട്ടെ!
എലനോർ കണ്ണടച്ചു.
പ്രണയത്തിൽ തോറ്റുപോയവർ
ഭൂമിയുള്ള കാലത്തോളം
അനശ്വരപ്പെടട്ടെ!
‘‘മോഗെ ഡീ ലിബേ സീഗെ!*’’
രണ്ടുപേരും തമാശ പറഞ്ഞു
ചിരിക്കുന്നതിനിടയിൽ
ചിരി കേട്ട് ബോധം
കെടാനെന്താപ്പോന്ന്
പാത്തിലാത്ത അരിശപ്പെട്ട്
രാത്രികാവൽക്കാരനെ നോക്കുന്നുണ്ട്.
ജീവിച്ച കാലമത്രയും
ചിരിക്കാനൊരു
കാരണമില്ലാതെ
വേവലാതിപ്പെട്ടോടിയ
നേരത്തെയോർത്തു
പാത്തിലാത്ത
നെടുവീർപ്പിട്ടു.
‘‘ലാസ് ഡെയിൻ കോണിഗ്രവ് കുമൺ!’’
നിന്റെ രാജ്യം വരേണമേ!
നിന്റെ രാജ്യം വരേണമേ!
എലനോർ കൈകൾ
മേൽപ്പോട്ടുയർത്തി.
അപ്പന്റെ കുഴിമാടത്തിലെ
ഒടുക്കത്തെ കാറ്റു പഠിപ്പിച്ച
ഇക്കോണമിയെ എലനോർ
കീറി പറത്തി.
രണ്ടുപേർ ചേർന്നൊരു
കാപ്പിയുണ്ടാക്കി
രണ്ടുപേർ ചേർന്നൊരു
കടലാസ് കപ്പലുണ്ടാക്കി.
കാലദേശങ്ങളെക്കുറിച്ച്
ഭയപ്പാടില്ലാത്ത വിധം
അവർ സ്വതന്ത്രരാക്കപ്പെട്ടിരുന്നു.
ഡിലീറ്റ് ചെയ്യപ്പെട്ട രാത്രികാഴ്ചയെക്കുറിച്ച്
കാവൽക്കാരൻ
ആരോടൊട്ടു പറഞ്ഞതും ഇല്ല.
========
(*പ്രേമം ജയിക്കട്ടെ)