അരികു പൊട്ടിയ വൃത്തംപോലൊരു കുട്ടി
നോക്കെത്താ ദൂരം നീണ്ടുകിടക്കും വയൽപ്പരപ്പ്. അതിനെ പെറ്റപോൽവയറുന്തി പിന്നിലേയ്ക്ക് കൈചാരിയിരിക്കും പുൽമേട്. അതിനും നെറുകയിൽ,മുരൾച്ചയ്ക്കുള്ളിലെ മുഴക്കം പൂവിട്ട കണക്കെ തിടം വച്ച് തിമിർത്തു നടക്കും പശുക്കൾ. അപ്പുറത്തലസമൊരുമരം. നിർജീവമായ ദിവാസ്വപ്നം തന്നെ അതിൻ തണൽച്ചുവട്ടിൽകുറുകേ ഛേദിച്ചൊരു നെടുവീർപ്പായ് തോന്നുമൊരു ഒറ്റ മനുഷ്യൻ. അയാൾക്കുണ്ണുവാനൊരുകൈപ്പിടി വെള്ളച്ചോറുമായി അരുകുപൊട്ടിയ വൃത്തംപോലൊരു കുട്ടി. ഒര് പുൽമേട്ടിൽനിന്നുംഅടുത്തതിലേയ്ക്ക് ഒഴുകിയിറങ്ങും പൂത്തുമ്പി ചാറൽചാറി, പൈക്കളെ മേയ്ക്കുന്നവർ- ക്കാഹാരമെത്തിക്കലവന്റെ ...
Your Subscription Supports Independent Journalism
View Plansനോക്കെത്താ ദൂരം
നീണ്ടുകിടക്കും
വയൽപ്പരപ്പ്.
അതിനെ പെറ്റപോൽ
വയറുന്തി
പിന്നിലേയ്ക്ക്
കൈചാരിയിരിക്കും
പുൽമേട്.
അതിനും നെറുകയിൽ,
മുരൾച്ചയ്ക്കുള്ളിലെ
മുഴക്കം പൂവിട്ട കണക്കെ
തിടം വച്ച്
തിമിർത്തു നടക്കും
പശുക്കൾ.
അപ്പുറത്തലസമൊരു
മരം.
നിർജീവമായ
ദിവാസ്വപ്നം തന്നെ
അതിൻ തണൽച്ചുവട്ടിൽ
കുറുകേ ഛേദിച്ചൊരു
നെടുവീർപ്പായ്
തോന്നുമൊരു
ഒറ്റ മനുഷ്യൻ.
അയാൾക്കുണ്ണുവാനൊരു
കൈപ്പിടി വെള്ളച്ചോറുമായി
അരുകുപൊട്ടിയ
വൃത്തംപോലൊരു കുട്ടി.
ഒര് പുൽമേട്ടിൽനിന്നും
അടുത്തതിലേയ്ക്ക്
ഒഴുകിയിറങ്ങും
പൂത്തുമ്പി ചാറൽചാറി,
പൈക്കളെ മേയ്ക്കുന്നവർ-
ക്കാഹാരമെത്തിക്കലവന്റെ
ജോലി, കൂലിയില്ല.
മുതിരുമ്പോൾ
ഇടയനാകാമെന്നൊരുറപ്പിൽ
കുതിർന്നവൻ ചെയ്യുന്നത്.
കുന്നുകയറി
തിന്നു തിമിർക്കും
പശുക്കളയവെട്ടുമ്പോൾ
അയവിറക്കുമവൻ,
പശുവായിരുന്നെങ്കിൽ
പതിവായി പുല്ലെങ്കിലും...
ഒരു പശുവിൻ
കവിൾ പിടിച്ച്
മലകയറി,
അതിനെ മേയ്ക്കലാണവന്റെ
ഞരമ്പുകളുണർന്ന്
ത്രസിക്കും സ്വപ്നം.
എത്ര കണ്ടിട്ടുമടുക്കാത്ത
സ്വപ്നത്തെ
സഫലമാക്കാനൊരു
വഴികിട്ടാതൊടുവിൽ
വരണ്ടു തെറ്റിക്കിടക്കും
വഴിത്തോടിനരികെ
വിതുമ്പി നിൽക്കുമൊരു
തെരുവ് പട്ടിയെ
അരുമയായി സ്നേഹിച്ച്
അലിവ് പകർന്നൊപ്പംകൂട്ടി
അതിൻ കവിൾ പിടിച്ചവൻ
മലയേറുന്നു.
അതിപ്പോൾ
ഒരു തെരുവ് പട്ടിയല്ല,
അവന്റേതൊരു സ്വപ്നവും.