ഒന്നാന്തരം
ചുരിയെൻ ചുവന്നു വരുന്നു
ചന്ദ്രൻ വെളുത്തുവരുന്നു
ഭൂമിയിലേക്കിറങ്ങുവാൻ കോണിപ്പടിയുമായി
പരപരപര പരക്കംപായുന്ന നക്ഷത്രങ്ങളെല്ലാം
കൂട്ടംചേർന്ന് കുടുംബങ്ങളായി ചേർന്ന്
എനിക്ക് രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞപ്പോൾ
എന്റെ അഞ്ചു വിരലുകളിലും
പച്ച മഞ്ഞ നീല വെള്ള ചുവപ്പ്
കറുപ്പ് നിറങ്ങളുള്ള
കാടും കടലും മണലും മണവും മരവും
മനുഷ്യനുമെല്ലാം ജെയ് ജെയ് വിളിച്ച് നടന്നു.
കാടിൻ മണം എന്നും നാടിനോടും
നാടിൻ മണമെന്നും കാടിനോടും
കടലിൻമണമെന്നും പുഴയോടും
തോടിൻമണമെന്നും അരുവിയോടും
ചേർന്ന് ചേർന്ന് ഭൂമിയാവുമ്പോൾ
നിറം മാറുന്ന ഓന്തും മാറാത്ത അരണയും
കൺമുന്നിലുടയുന്ന ചിത്രങ്ങൾക്കരികിലൂടെ
ഇഴഞ്ഞിഴഞ്ഞു പോയപ്പോൾ
രാഷ്ട്രീയമുള്ള കാടിനെ ഞാനറിഞ്ഞു.
നിറമാറ്റം
നീര് പച്ച
വേര് കച്ച
പേര് ഒച്ച
തേര് തെച്ചി
വെട്ട് മുറി
വീട് കുടി.
രണ്ട് കുരുന്നു മരങ്ങളെ വെട്ടി
തുണ്ടം തുണ്ടമാക്കി ലോറിയിൽ കേറ്റി
തീപ്പെട്ടി കാന്തം മിന്നിയുരച്ചപ്പോൾ
ഒരു തെളിന്നീരുംവറ്റി
ഒരു വെയിൽന്നീരും വറ്റി
ഒരു തണൽന്നീരുംവറ്റി
ഒരു കുടിന്നീരും വറ്റി.
ഇതെല്ലാം കണ്ടും കേട്ടുമിരുന്ന
എന്റെയമ്മ അടുക്കളവാതിൽക്കലിരുന്ന്
ഒരു സേർ അരിയിട്ട്
പാറ്റി പാറ്റി പാറ്റി ദേഷ്യത്തിൽ
ഫൂന്ന് ഒറ്റ ഉൗത്തായിരുന്നു.
അമ്മയുടെ കറുത്തവാവുപോലുള്ള
പല്ലുകൾക്കിടയിലൂടെ ഒഴുകുന്ന
പച്ചപുഴകളിലന്ന് മലവേട്ടുവ മക്കൾ
മീൻപിടിച്ച് നല്ല എരിവുള്ള കറിവെച്ച്
വിയർത്തുകുളിച്ച് പറഞ്ഞു, ഒന്നാന്തരം.