കിടക്ക പിരിയല്‍
പേറൊക്കെ കഴിഞ്ഞെന്നും
കുട്ടികള്‍ വലുതായെന്നും തോന്നിയ കാലത്ത്,
പങ്കജം അയാളുടെ കൂടെയുള്ള
കിടപ്പവസാനിപ്പിച്ചു.
മുറുക്കിതുപ്പല്‍ കോളാമ്പിയില്നിന്നുള്ള മണം
ഇനി ശ്വസിച്ച് കിടക്കണ്ടല്ലോ
എന്ന് ആശ്വസിച്ചെങ്കിലും–
അങ്ങേരൊരു പാവമാണെന്നും
ആ നിമിഷം അവര്‍ക്ക് തോന്നി.
ഇപ്പോഴും ഉറക്കത്തില്‍ കരയുന്ന,
ചിരിക്കുന്ന ഒരു കുഞ്ഞ്.
കെട്ട്യോനോടുള്ള ഇത്തരം അമ്മത്തം
അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
കൊച്ചുങ്ങളൊക്കെ മുലകള്‍ക്ക് കീഴേന്ന് പോയി.
അലേല്ലും അവര്‍ക്കൊക്കെ പിള്ളേരായി
ഇനിയെന്ത് അമ്മത്തം.
പേരക്കുട്ടികളോട് വാത്സല്യത്തേക്കാളേറെ,
എന്തൊരു തെറിച്ച പിള്ളേരെന്ന്
ഈര്‍ഷ്യ തോന്നാറുണ്ട്.
പണ്ട് അമ്മയാവുന്നതിന് മുമ്പ്–
ഇങ്ങേരെന്റെ കുഞ്ഞായിരുന്നു.
പിന്നെ പിന്നെ എല്ലാ വെമ്പലും കെട്ടടങ്ങി.
പ്രസവം, മുലകൊടുക്കല്‍,
അടുക്കളപ്പണി, അപ്പികോരല്...
ജീവിതം ഒരു രസവുമില്ലാതെ
അങ്ങനെ കുത്തിയൊഴുകിവന്നു.
ജീവിതം പകല്വെളിച്ചത്തിലങ്ങനെ വെളിപ്പെട്ടു.
മൈലാഞ്ചി ഇലകള്‍ അരക്കാതെയായി.
താളിയുണ്ടാക്കല്‍ അനാവശ്യമായി.
മഞ്ഞളും കയ്യോന്നി എണ്ണയും വേണ്ടെന്നായി.
ചേരില്‍ കുടമ്പുളി ഉണക്കാന്‍ വെച്ചു.
വെയിലില്‍ നെല്ല് ചിക്കിയിട്ടു.
തകരപ്പാട്ടയില്‍ മുട്ടി തത്തകളെ ഓടിച്ചു.
ഏറ്റവും പ്രിയപ്പെട്ട രുചികള്‍ നിർവികാരത തന്നു.
ഏറ്റവും പ്രിയപ്പെട്ട മണങ്ങള്‍ മറന്നുപോയി.
ചാന്ത് തൊടാതെ ഉണങ്ങി പൊടിഞ്ഞു.
ഇങ്ങേരും ഞാനും ഒരുമിച്ചായിരിക്കുമോ
പ്രേമം മറന്നത്?
ചെറിയ ജനാലയുള്ള ഭിത്തിക്കരികില്‍
പങ്കജം കട്ടിലിട്ടു.
ചെറിയ ജനാലയിലൂടെ
നിലാവ് അവരെ വന്നുതൊട്ടു.
പണ്ട് നിലാവ് കണ്ട് അന്തംവിട്ടുനിന്ന
ഒരു പഴയ കുട്ടിയെ അങ്ങ് പുഴക്കരികിലെ
വീട്ടില്‍ മറന്നുവെച്ചുവന്നത്
അവര്ക്കോർമവന്നു.