കീഴ്പ്പെടൽ
വെറും ആൾക്കൂട്ടങ്ങളല്ല...
വർത്തമാനത്തിന്റെ
നീതിബോധത്തെ ബാധിച്ച
ഉഷ്ണവ്രണങ്ങൾ.
വിശന്നു ചത്തവനു മരണശിക്ഷയും
സ്വത്വം നഷ്ടപ്പെട്ടവൾക്ക്
അപമൃത്യുവിന്റെ
മേലങ്കിയും
പ്രണയിച്ചുപോയ തെറ്റിന്
ജീവൻ പറിച്ചെടുക്കാൻ
കൽപിക്കുന്ന
ഇരുട്ടിന്റെ സന്തതികൾ.
ആകാശംപോലെ
ആശിച്ചതല്ലേ..?
കടൽപോലെ
മോഹിച്ചതല്ലേ?
കുന്നോളം പ്രതീക്ഷിച്ചതല്ലേ?
ഒരു തുണ്ടു മേഘക്കീറായി
ഒരു തുള്ളി തീർഥമായി
ഒരു കുന്നിക്കുരുവോളം
ജീവിതമെങ്കിലും...
ഇല്ല, നിഷേധികളുടെ
നിഘണ്ടുവിൽ
ദയയുടെ കണികപോലും..!
ഓർമയില്ലേ ആ മുറിവ്...
എന്റേയും നിങ്ങളുടേയും
പ്രബുദ്ധതയ്ക്കേറ്റ ആ മുറിവ്?
അന്ന്,
ജാതിവെറിയുടെ ഇര
രോഹിത് വെമുല,
ഇന്നലെ,
വിശപ്പ് ദംശിച്ച കാടിന്റെ സന്തതി...
ഇന്ന്,
ഊതിവീർപ്പിച്ച ആദർശത്തിന്റെ
ബലിമൃഗം.
നാളെ നമ്മളിലൊരാൾ..!
കേൾക്കാം എനിക്ക് പിന്നിൽ
പകലിന്റെ ഇരുൾ പൊന്തകളിൽ
ഒരു ഇലയനക്കം.
കണ്ണും കാതും തുറന്നുവെയ്ക്കണം...
ഓരോ നിഴലനക്കങ്ങൾക്കുമപ്പുറം
പേ പിടിച്ച കാലത്തിന്റെ അത്താഴവിരുന്നിൽ
പ്രാണനെ ഒറ്റിക്കൊടുത്ത
ആ ഒറ്റുകാരനുണ്ടാകും...
വഴിതെറ്റിയ വിപ്ലവം
ഉന്മാദിയാക്കുന്ന അധികാരദണ്ഡും
സിംഹാസനവും.
വേട്ടക്കാരനും നയിക്കുന്നവനും
ഒരേ സ്വരമാകുമ്പോൾ
ഇരയുടെ
സ്വാതന്ത്ര്യമെന്നത്
പ്രതിരോധമോ പ്രതിഷേധമോ അല്ല
കീഴ്പ്പെടൽ മാത്രം.