Begin typing your search above and press return to search.
proflie-avatar
Login

പുഴയെപ്പോലൊരുവൾ

പുഴയെപ്പോലൊരുവൾ
cancel

മെഴുക്കും വിഴുപ്പും സോപ്പുപതയും കൂട്ടിക്കുഴച്ച് അമ്മുവേട്‌ത്തി. ജനിച്ച കാലം മുതലേഅലക്കുകല്ലുമായി പതം പറഞ്ഞ്, ചിരിച്ച് വീടുകൾ കയറിയിറങ്ങിയോൾ. തീട്ടത്തുണിയോടുംമൂത്രം വറ്റിയ, വരണ്ട മുഖത്തുണങ്ങിയ ചുളിവുകളോടും ഒരേ വിചാരം. ഒരേ വികാരം. തിളച്ചുമറിയുന്ന വിശപ്പിന്റെഅഞ്ചൽവഴികളിൽ മണങ്ങളേയവൾ പുഴയിലേയ്ക്കൊഴുക്കും. വെന്തുവരുന്ന ചോറിന്റെ മണമാണ് പിന്നെ. തിളക്കുന്ന മീഞ്ചാറിനിടയിൽ കാത്തുനിൽക്കുന്ന അഞ്ചെട്ടു കണ്ണുകൾ. ചെറുപ്പത്തിന്റെ കനൽവഴികളിൽകൂടെക്കൂട്ടിയതാണ് കവുങ്ങുകളിൽനിന്നും കവുങ്ങുകളിലേക്ക് ചാഞ്ചാടുന്ന ദാമുവേട്ടനെ. മക്കളഞ്ചായപ്പോൾ മനസ്സു ചാഞ്ചാടി മറ്റൊന്നിലേക്ക്...

Your Subscription Supports Independent Journalism

View Plans

മെഴുക്കും വിഴുപ്പും സോപ്പുപതയും

കൂട്ടിക്കുഴച്ച്

അമ്മുവേട്‌ത്തി.

ജനിച്ച കാലം മുതലേ

അലക്കുകല്ലുമായി

പതം പറഞ്ഞ്,

ചിരിച്ച്

വീടുകൾ കയറിയിറങ്ങിയോൾ.

തീട്ടത്തുണിയോടും

മൂത്രം വറ്റിയ,

വരണ്ട മുഖത്തുണങ്ങിയ

ചുളിവുകളോടും

ഒരേ വിചാരം.

ഒരേ വികാരം.

തിളച്ചുമറിയുന്ന വിശപ്പിന്റെ

അഞ്ചൽവഴികളിൽ

മണങ്ങളേയവൾ

പുഴയിലേയ്ക്കൊഴുക്കും.

വെന്തുവരുന്ന

ചോറിന്റെ മണമാണ് പിന്നെ.

തിളക്കുന്ന മീഞ്ചാറിനിടയിൽ

കാത്തുനിൽക്കുന്ന

അഞ്ചെട്ടു കണ്ണുകൾ.

ചെറുപ്പത്തിന്റെ കനൽവഴികളിൽ

കൂടെക്കൂട്ടിയതാണ്

കവുങ്ങുകളിൽനിന്നും

കവുങ്ങുകളിലേക്ക്

ചാഞ്ചാടുന്ന ദാമുവേട്ടനെ.

മക്കളഞ്ചായപ്പോൾ

മനസ്സു ചാഞ്ചാടി

മറ്റൊന്നിലേക്ക് പോയോൻ.

കനൽചിമിഴുകൾ ചവിട്ടി

തിരിഞ്ഞുനിന്നു കരയുമ്പോൾ

പുറകിൽനിന്ന്,

ചൂടേറിയ ദേഹത്തിലേക്ക്

തണുപ്പലകളാൽ

ഓളങ്ങളുരുമ്മും.

നടവഴികളിൽ

ചരൽകല്ലുകൾ

അലക്കുകല്ലെന്നപോലെ നോക്കും.

അപ്പോഴവയെ

കാലുകൊണ്ട് തട്ടിത്തെറിപ്പിക്കും.

ചോര പൊടിയാറുണ്ടെങ്കിലും

കമ്യൂണിസ്റ്റ് പച്ചകൊണ്ടു

തൂത്തുതുടയ്ക്കും.

ചിലന്തിവലകൾ

കൂടുതീർക്കുന്ന

മുറികൾ

മുറുക്കിയടച്ച്

ഇരുളിന്റെയൊച്ചകൾക്ക്

കാതുകൊടുക്കാതെ

അമ്മുവേട്ത്തി

കുഞ്ഞുങ്ങളെ മുറുകെ പിടിക്കും.

നാടടച്ചുള്ള

അടിയന്തിരങ്ങൾക്കും

കല്യാണങ്ങൾക്കും

അമ്മുവേട്ത്തിയുണ്ടാകും.

പുഴയോടൊപ്പം...

അലക്കുകല്ലിനോടൊപ്പം...

പരതിപ്പോയ പഴഞ്ചൊല്ലുകളിൽ

പതിരു കണ്ടെത്തിയവർ

അമ്മുവേട്ത്തിയുടെ

അരക്കെട്ടിൽ

പൂത്ത കാടു കണ്ടു.

കാട് പച്ചയാണെന്നും

പച്ചക്കുള്ളിൽ ഇരുട്ടാണെന്നും

ഇരുട്ടിൽ വെട്ടം

തുഴയുന്നവരുണ്ടെന്നും

അവർക്കറിയില്ലല്ലോ...

അലക്കുകല്ല് തേഞ്ഞുതീർന്നു.

പുഴവറ്റി.

കനൽച്ചൂടിനാൽ കാടു വെന്തു.

നൊന്ത കാറ്റിന്റെ മർമരങ്ങളിൽ

വെന്ത കാട്ടിൽനിന്നും

അമ്മുവേട്ത്തി മാത്രം

തിരിച്ചുപോന്നു.

പുഴയാകാൻ...

അലക്കുകല്ലാകാൻ...

വീടുവീടാന്തരം കയറിയിറങ്ങാൻ...


News Summary - weekly literature poem