ഹ്യൂമൻസ്യൂ
പ്രതീക്ഷ സ്വിച്ചിട്ടപോലെ പ്രകാശിച്ചു നിന്നു
ഹോട്ടലുകൾ വീട്ടുമുറികളിലേക്കെത്തി
ചിലർ ബാറുകളെ വിളിച്ചുവരുത്തി
തെരുവുകളിലെ ഒഴിഞ്ഞ ഇടങ്ങളിലെന്നപോലെ
ചെറുപ്പക്കാരിരുന്നു
മൊബൈലുകളിൽ കോളുകളായി
ഒന്നു രണ്ടു പേർ സഞ്ചരിച്ചു
അൽപം സിനിമാ തിയറ്ററുകളും
അൽപം പാർക്കുകളും പ്രത്യക്ഷമായി
സഞ്ചാരയോഗ്യമല്ലാത്ത വഴികൾ
ഇടയ്ക്കുണ്ടായെങ്കിലും
റേപ്പുകളോ അബ്യൂസുകളോ റിപ്പോർട്ടു ചെയ്തില്ല
കുട്ടികൾ അനിമൽ പ്ലാനറ്റിൽനിന്നു
പുറത്തുവന്ന് മൃഗങ്ങളെ അന്വേഷിക്കാൻ തുടങ്ങി
വൃദ്ധൻമാർ ഗുളികകളുമായി വരുന്ന നഴ്സുമ്മാരെയും
ട്രാഫിക്കില്ലാത്ത നാൽക്കവല
പോലെയായിരുന്നു അവിടം
ഒരു വഴിക്ക് വാഹനങ്ങൾ
ഒരു വഴിക്ക് യാത്രക്കാർ
അതിനിടയിൽ ഒരു നായ കടന്നുപോയെങ്കിലും
അപകടമൊന്നുമുണ്ടായില്ല
ഇടക്കിടെ ആകാശം മേഘാവൃതമായതിന്റെ
സൂചനകൾ ലഭിച്ചിരുന്നു
ചക്രവാത ചുഴിയായിരിക്കാം
മേഘസ്ഫോടനമായിരിക്കാം
എന്നെല്ലാം കരുതിയെങ്കിലും
ഒരു പുഞ്ചിരിയിൽ എല്ലാം ഒത്തുതീർപ്പായി
പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും
സയാമീസ് ഇരട്ടകളെപ്പോലെ
അവർ ഉറങ്ങാൻ തുടങ്ങി
അടുത്ത മുറിയിൽ ഹിന്ദുസ്ഥാനിയും
റാപ്പും കലർന്നു കലമ്പി
ചിരിച്ചുറങ്ങുന്ന ശരീരങ്ങളെ ആദ്യമായി കണ്ടു
ഏതാനും സിഗരറ്റു കുറ്റികളും
അപരിചിതഗന്ധങ്ങളും തങ്ങിനിന്നു
അവയവങ്ങൾ നഷ്ടപ്പെട്ട ഇരുട്ട്
വസ്ത്രമന്വേഷിച്ച് നടക്കുന്നുണ്ടായിരുന്നു
എല്ലാം നോക്കി അരക്ഷിതമായി
ചന്ദ്രൻ പോപ്പ്കോൺ കൊറിച്ചു
ആരോ സ്വിച്ച് ഓഫ് ചെയ്തപോലെ
നിശ്ശബ്ദത കടന്നുവന്നു
ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ
സ്വർണനിറത്തിൽ ഒരു ബലൂൺ പ്രകാശിച്ചു
മുറികൾ ഒന്നൊന്നായി തുറന്നു
ഒന്നിൽ ഹൃദയമുള്ള ഒരു വസ്തു ഇരിക്കുന്നു
മറ്റൊന്നിൽ തലച്ചോറുള്ള മറ്റൊരു വസ്തു
അടുത്തതിൽ ഡയാലിസിസിനു
വിധേയമായൊരു വസ്തു
അങ്ങനെ അവയവങ്ങളുള്ള നിരവധി
വസ്തുക്കൾ അവിടെ ഉണ്ടായിരുന്നു
അതിൽ
പ്രതീക്ഷയുടെ ഭാരം അറിയുന്ന
ഒരു യന്ത്രം മാത്രം ചലിച്ചുകൊണ്ടിരുന്നു.