ഇലയിറങ്ങിപ്പോയിട്ടും
ഇലയൂരിക്കളഞ്ഞ്
ഒറ്റനിൽപായിരുന്നു.
വെള്ളിടിവെട്ടിയ പാതിരാത്രിയിൽ
ഉടലിൽ ചുറ്റിപ്പിണഞ്ഞ
ഇരുട്ടിൻ വഴുവഴുപ്പുകളെ കുടഞ്ഞിട്ട്
നഗ്നതയേറെ വെളിപ്പെട്ട്...
ജീവിതം മടുത്തെന്ന്
പറഞ്ഞതേയില്ല,
വിരലുകളിൽ ഒരില
കിളിർക്കുമെന്ന് മഴക്കാലത്തിന്
വാക്ക് കൈമാറിയതുമില്ല.
ആകാശത്തേക്ക് കൈയുയർത്തി
പ്രാർഥിക്കാനെന്ന വണ്ണം നിന്ന
ആ പകലന്തികളിൽ
വെയിലും നിലാവും
ചില്ലമേൽ തൂങ്ങിയാടി.
കാറ്റ് ഇക്കിളിയിട്ടതും
ജീവനുണ്ടെന്ന് തലയാട്ടി,
വെൺനിലാവിൽ നൃത്തമാടിയത്
അയ്യോ ഞാനല്ലെന്ന മട്ട്.
പൊള്ളുന്ന വേനലെടുത്ത്
ഉടലാകെ വരഞ്ഞ്
ചായംതേച്ച തെയ്യം കണക്കെ
ഏകാന്തത വാരിപ്പൊത്തി
ഒറ്റ നിൽപ്.
അടർത്തിയിട്ട ചില്ലയിൽ പണ്ടെന്നോ
പക്ഷികളിരുന്ന പാട്
പാടിയ പാട്ട്
കൂട്ടിയ കൂട്
കൂവിയ കൂക്ക്.
കൊണ്ട മഴയുടെ വഴുക്കൽ
ഏറ്റ വെയിലിന്റെ പൊള്ളൽ
ഇറ്റിയ മഞ്ഞുകാലത്തിങ്കുളിര്.
പാറിവന്നൊരു കിളി
ചിറകിനാൽ വട്ടംപിടിച്ച്
കൊക്കിനാലതിന്റെ ഏകാന്തതകളിൽ
ആഞ്ഞുകൊത്തി
നഖമുനയാൽ തലോടി
പറഞ്ഞതെന്തായിരിക്കും?
അതിൽപ്പിന്നെ
ആകാശയിടവഴികളിലേക്കൊരു
ചില്ല നാട്ടി
ഇലയെടുത്തണിയാൻ
തുടങ്ങിയതിന്റെ കാരണമെന്തായിരിക്കും?
ഇങ്ങനൊക്കെയാണ്
ഏകാന്തതയിൽ
ഒരാൾ വാടുന്നതും
കിളിർക്കുന്നതും.