Begin typing your search above and press return to search.
proflie-avatar
Login

കരിപ്പക്കാർത്തി

കരിപ്പക്കാർത്തി
cancel

ചാനെകി മലെക്ക് കൊള്ളിക്ക് പോയ്ന്ത് കരിപ്പക്കാർത്തി പൊണ്ണടിയത്തി തുലാത്തില് പെയ്യ്ണ മിന്നെലും മഴെയും ഒന്തും കാര്യാക്കേലവാ വേട്ടേൻ വയ്യെല്ലെങ്കിലും അവക്കെന്തനാ പേടിക്കുവാ ചൂര്യല്ല ചുറുമില്ലീ ചാനെകി മലെയില്ണ്ട് കൂളി പോണേര്ണ വയ്യ് തെറ്റിച്ച് ഏഴ് മലെക്ക് അപ്പറത്ത് എത്തിച്ച്ട്ട് പ്രാന്താക്കി വിട്ണ എച്ചീ ആടെക്കാണ് കരിപ്പക്കാരി ചുറുമി പോക്ണത് മോന്തി ആയിറ്റും വന്തില്ലവാ ഇര്ട്ട് വീണ് കയിഞ്ചാണ് അവ വന്തത് കൂക്കിരി നായിയു വയ്യേണ്ട് കൊണ്ട് വന്ത കൊള്ളി നിലത്ത്ട്ണ കേട്ട്ന്ത് വേട്ടേ കലമ്പ്ണത് കേക്കാത്ത പോലവാ കട്ടെൻ ചായെ പാർന്ത് കുടിച്ച്ണ്ട് ചാനെകി മലക്ക്ത്ത കൂളി ആ...

Your Subscription Supports Independent Journalism

View Plans

ചാനെകി മലെക്ക്

കൊള്ളിക്ക് പോയ്ന്ത്

കരിപ്പക്കാർത്തി പൊണ്ണടിയത്തി

തുലാത്തില് പെയ്യ്ണ

മിന്നെലും മഴെയും

ഒന്തും കാര്യാക്കേലവാ

വേട്ടേൻ വയ്യെല്ലെങ്കിലും

അവക്കെന്തനാ പേടിക്കുവാ

ചൂര്യല്ല ചുറുമില്ലീ

ചാനെകി മലെയില്ണ്ട്

കൂളി

പോണേര്ണ വയ്യ് തെറ്റിച്ച്

ഏഴ് മലെക്ക് അപ്പറത്ത്

എത്തിച്ച്ട്ട് പ്രാന്താക്കി വിട്ണ

എച്ചീ

ആടെക്കാണ് കരിപ്പക്കാരി

ചുറുമി പോക്ണത്

മോന്തി ആയിറ്റും

വന്തില്ലവാ

ഇര്ട്ട് വീണ് കയിഞ്ചാണ് അവ വന്തത്

കൂക്കിരി നായിയു വയ്യേണ്ട്

കൊണ്ട് വന്ത കൊള്ളി

നിലത്ത്ട്ണ കേട്ട്ന്ത്

വേട്ടേ കലമ്പ്ണത്

കേക്കാത്ത പോലവാ

കട്ടെൻ ചായെ പാർന്ത്

കുടിച്ച്ണ്ട്

ചാനെകി മലക്ക്ത്ത കൂളി

ആ ചുറുമിന കണ്ടില്ലേ

കണ്ടാലു അടുക്കെയ്ലേ

വെല്ല്യ കൂളീന വരെ പിടിച്ചു കെട്ട്ണ

കൂളിക്കാരത്തിയാണ് അവടെ പെറ്റമ്മേ

പിന്നെങ്ങണേ അവക്ക് പേടിണ്ടാകുവാ.

മലയാള മൊഴിമാറ്റം

ജാനകി മലയ്ക്ക് വിറകിനു പോയി

ഗർഭിണിയായൊരു പെൺകുട്ടി

തുലാമാസത്തിൽ പെയ്യുന്ന

മിന്നലും, മഴയും

ഒന്നും കാര്യമാക്കില്ലവൾ

ഭർത്താവ് കൂടെയില്ലെങ്കിലും

അവൾക്കെന്ത് പേടിക്കുവാൻ

ഉശിരുള്ള പെണ്ണല്ലേ

ജാനകിമലയിൽ ഉണ്ടൊരു യക്ഷി

പോവുന്നവരെ

വഴിതെറ്റിച്ച് ഏഴ് മലയ്ക്ക് അപ്പുറത്ത്

എത്തിച്ച് ഭ്രാന്താക്കി വിടുന്ന യക്ഷി

അവിടേക്കാണ് ഗർഭിണിയായ

പെണ്ണ് പോവുന്നത്

സന്ധ്യ ആയിട്ടും വന്നില്ല അവൾ

ഇരുട്ട് വീണ് കഴിഞ്ഞാണ് അവൾ വന്നത്

അവളുടെ നായക്കുട്ടിയും കൂടെയുണ്ട്

കൊണ്ട് വന്ന വിറക്

നിലത്തിടുന്നത് കേട്ടു

ഭർത്താവിന്റെ ശകാരങ്ങൾ

കേൾക്കാത്ത പോലവൾ

കട്ടൻ ചായ ഒഴിച്ചു കുടിച്ചു

ജാനകി മലെക്ക്ത്ത കൂളി

ആ പെണ്ണിനെ കണ്ടില്ല

കണ്ടാലും അവളോടടുക്കില്ല

വലിയ യക്ഷിയെപ്പോലും

പിടിച്ചു കെട്ടുന്ന

കൂളിക്കാരത്തിയാണ് അവളുടെ പെറ്റമ്മ

പിന്നെങ്ങനെ അവൾക്ക് പേടിയുണ്ടാവും.

======

കൂളിക്കാരത്തി: (കൂളി/ പ്രേതം/ യക്ഷി)

പ്രേതത്തെ തളക്കുന്ന വ്യക്തിയെ വിളിക്കുന്ന പേര്)

പാർന്ത്: ഒഴിച്ച്

ചുറുമി: പെണ്ണ്

വേട്ടേൻ: ഭർത്താവ്

കലമ്പ്: വഴക്ക്


News Summary - weekly literature poem