ഒരു രാത്രിസഞ്ചാരിയുടെ പെൺരാജ്യങ്ങൾ
വീടാണുങ്ങളെല്ലാം, ഉറക്കത്തിന്റെ
പാതികടന്ന നേരം,
പാതിയടഞ്ഞ കണ്ണുകളോടെ
അവൾ പാതിരയുടെ
കൊട്ടത്തളത്തിൽ ഇരുന്ന്,
ചന്ദ്രനെ കഴുകിമോറി
സൂര്യനെ കമഴ്ത്തിവെക്കുകയായിരിക്കും.
ഇടയ്ക്ക്, രാത്രിയുടെ കരിനീല കണ്ണുകളിലേക്ക്,
അവൾ ഭയത്തിന്റെ
ഒളിനോട്ടമെറിയും.
അവിടെ,
കരിത്തുണിയും,
തുടപ്പ് തുണിയും വിരിച്ചിട്ട അഴയ്ക്കു മുകളിൽ ഒരു
രാത്രിസഞ്ചാരിയുടെ തിളക്കമാർന്ന കണ്ണുകൾ!
ഇരു, കണ്ണുകൾക്ക് നാവുകൾ ഉണ്ടായി.
അവർ ഭൂമിയിലെ അറിയപ്പെടുന്നതും, പെടാത്തതും,
ഇനിയും കണ്ടെത്താത്തതുമായ
രാജ്യങ്ങളെ കുറിച്ച് ഏറെനേരം സംസാരിച്ചു.
ആൺരാജ്യങ്ങളെ കുറിച്ച് മാത്രം സംസാരിച്ചില്ല.
അത് പോകാൻ സമയമായെന്ന്
ചിറക് കുടഞ്ഞു.
എന്നെയും എന്ന് അവൾ യാചിച്ചു.
അതിന് കൊത്തിയെടുക്കാൻ പാകത്തിൽ
അവൾ ഒരു രാത്രിപഴമായി മാറി.
അത് അവളെയും കൊത്തിയെടുത്തുകൊണ്ട്
പെൺരാജ്യത്തേക്ക് പറന്നു.
പിന്നീട്, ആൺരാജ്യക്കാർ
നക്ഷത്രങ്ങളെ തിരഞ്ഞിറങ്ങി.
രാത്രിക്കൊപ്പം കൂട്ട് പോയ
നക്ഷത്രങ്ങൾ പിന്നീട് ഒരിക്കലും
ആൺരാജ്യത്തേക്ക്
തിരിച്ചെത്തിയില്ല.