ഒരു അട്ടഹാസക്കഥ
ഈ അട്ടഹാസം
നാം അറിയുന്നതാണ്-
1922ലെ റോമില്‍
ഒരു അഞ്ചരയടിക്കാരന്‍ രാഷ്ട്രഭ്രാന്തനായി,
1933ലെ ബര്‍ലിനില്‍
ഒരു തീവ്രാതിവാദ പ്രഭാഷകനായി,
1973ലെ ചിലിയില്‍
ഒരു കുടിലന്‍ ജനറലായി,
1992ലെ അയോധ്യയില്‍
ഇരുമ്പ്കൂടങ്ങളുടെ വേദോച്ചാരണമായി,
ഈ അട്ടഹാസം,
അനാദിയായൊരു ചുഴലി കണക്കെ,
ഇരുകാലിക്കുളിരുകളെ
ലഹരിയില്‍ മുക്കി.
പിന്നെ,
പ്രതിഷ്ഠകളെല്ലാം
തീകൊണ്ടായി.
അര്‍ച്ചനകളെല്ലാം
വെറുപ്പുകള്‍കൊണ്ടായി.
നിവേദ്യങ്ങളെല്ലാം
മനുഷ്യജഡങ്ങള്‍കൊണ്ടായി.
അഭിഷേകങ്ങളെല്ലാം
ചോരച്ചാലുകള്‍കൊണ്ടായി.
സ്േതാത്രങ്ങളെല്ലാം
ഐതിഹ്യങ്ങള്‍കൊണ്ടായി.
പിന്നെ,
നുണ
ദിവസങ്ങള്‍ തുറക്കുന്ന താക്കോലായി.
കഥകള്‍
ആരെയും കൊല്ലാനുള്ള വഴിയായി.
പക
എല്ലാവരും അറിയുന്ന വസ്ത്രമായി.
സ്നേഹം
മരീചികകളുടെ പര്യായമായി
ആഹ്ലാദം
കൂട്ടക്കരച്ചില്‍ പണിയുന്ന ഫാക്ടറികളായി.
പിന്നെ,
ഉണ്ടായതെല്ലാം
ചരിത്രമാണെന്നാണ് പറയുന്നത്.
അതിലേക്ക് തന്നെ തിരിച്ചുപോകുന്ന
ഗുഹപോലൊരു വാഹനത്തില്‍
കോടിക്കണക്കായ ഒരു കൂട്ടത്തില്‍
സ്വന്തം നഖം തിന്ന്
കുനിഞ്ഞിരിക്കുകയാണ് ഞാനും.
ഈ അട്ടഹാസത്തിന്റെ
അകമ്പടിയുമുണ്ട്, ചുറ്റും.