പല്ല് മുറിയാത്തോർ
ഒരു ഭാസ്‌കരേട്ടൻ ണ്ടായിരുന്നു...
നടും
നനക്കും
എല്ല് മുറിയെ പണിയെടുക്കും
പല്ല് മുറിയെ,
പള്ള നിറയെ തിന്നാനില്ലാതെ
കടം കേറി
ചത്തുപോയി.
അമ്മിണിയേടത്തി,
ആയ കാലത്ത്
ആവോളം നയിച്ച്
ആവതില്ലാത്ത കാലത്തും നയിച്ച്
നാടിനപ്പുറം കാണാതെ മലച്ച് പോയി.
ഓറെ അയൽവാസി,
എട്ത്താ പൊന്തുന്ന കാലം തൊട്ട്
വയല്ന്ന് കേറാതെ
കാറ്റ് പിടിച്ച വാഴന്റെ
കയറ് പിടിച്ച് തീർന്ന് പോയി.
ആളെ ചെങ്ങായി,
കപ്പച്ചോട്ടില് എലിമട പരതി
കുനിഞ്ഞ് നീരാതെ
മണ്ണ് മാത്രം കണ്ട് മണ്ണിലായിപ്പോയി.
മഞ്ഞളിപ്പ്, പോള വാട്ടം
ആയിരം കണ്ണി
തുരുമ്പ് കേട്
ചീച്ചിൽ
ഊരൻ, എലപ്പേൻ
തുരിശ്, കുമ്മായം
ടൈകോഡർമ
കണ, കൊണ...
ഓർക്ക് കോഡ് ഭാഷ,
കോഡ് സങ്കടങ്ങൾ,
ലോഡ് നഷ്ടങ്ങളും.
‘ഇപ്രാവശ്യം ഒത്ത്’
പുഴുകുത്താത്ത
സീസണിന്റെ പെരിയ ചിരി.
കണ്ടം, കുന്ന്
മഴ, പൊഴ
വെള്ളക്കേറ്റം
ചാല് വറ്റൽ
കടല് പോലും കാണാതെ
കരക്കടിഞ്ഞ്
പത്തെഴുപത് കൊല്ലോം കൊണ്ട്
കാഞ്ഞ് പോവും
പൊറം
വെയിൽക്കിണ്ണം
കരിങ്കല്ല് നാട്ടി, മേലെ
ഉപ്പ്പാടമുടൽ
തിരി കൂട്ടാത്ത
ചിമ്മിനിക്കണ്ണ്
പാറോത്തിനില അമർന്ന കയ്യ്
കണ്ടം പൊള്ളുമ്പോ ഓരും
കാന ഒലിക്കുമ്പോ ഓരും
പെണഞ്ഞ് പെണഞ്ഞ്...
പോട്ടെ
പള്ള നെറച്ച്, പത്രം തൊറന്നപ്പൊ
അതിലിണ്ട് ഇക്കൂട്ടർ...
പകലുറക്കത്തിന്റെ നേരല്ലേ
ഓർത്തുപോയി
അത്രെന്നെ.