ചില വേനൽക്കുറിപ്പുകൾ
1.
മേശപ്പുറത്തെ മൺകൂജയിൽ
മൂക്കുരുമ്മി
ഉറങ്ങുകയാണ് വെയിൽ.
പതുങ്ങിവന്ന്
ജാലകത്തിനപ്പുറത്തെ
അതിന്റെ വാലിനെ
കുസൃതിയിൽ തോണ്ടിക്കളിക്കുന്നു
മരത്തിന്റെ നിഴലുകൾ.
വെയിലെണീറ്റ് മടങ്ങുമ്പോൾ
കൂജയിലെ തണുപ്പ്
അതിന്റെ മൂക്കിൻതുമ്പത്തിരുന്ന്
കൂടെപ്പോകുന്നു.
2.
സന്ധ്യക്ക് യാത്രപറഞ്ഞു പോയിട്ടും
മറന്നുെവച്ചതെന്തോ എടുക്കാനെന്നപോലെ
ഇടിമിന്നലായി തിരിച്ചുവന്ന്
ഭൂമിയെപ്പുണർന്ന്
ഉമ്മ െവക്കുകയാണ് വെയിൽ.
ഓർക്കാപ്പുറത്തെ
കോരിത്തരിപ്പിൽ
എഴുന്നുനിൽക്കുന്നു
കൊയ്ത്തു കഴിഞ്ഞ പാടത്തെ
നെൽക്കുറ്റികൾ.
3.
കുളിച്ചു കാൽനീട്ടിയിരുന്ന്
തിരകളെയൽപം പൊക്കി
വെയിലിന്
അമ്മിഞ്ഞ കൊടുക്കുകയാണ്
കടൽ.
ജലത്തിന്റെ ഈറ്റുകാലമാണ് വേനൽ.
രോമകൂപങ്ങൾതോറും
ഇറ്റുകയാണ്
കുഞ്ഞു കടലുകൾ.