Begin typing your search above and press return to search.
proflie-avatar
Login

മിഠായിക്കട

poem
cancel

െട്രയിനിൽ

എനിക്കഭിമുഖമായി

ഒരു സുന്ദരിയിരിക്കുന്നു.

എന്നേത്തന്നെ

നോക്കിയിരിക്കുന്ന അവളോട്

എന്തേയെന്ന് ഞാൻ

പുരികമുയർത്തി.

ഒന്നു മുഖംമാറ്റിയിട്ട്

വീണ്ടുമവൾ

എന്നെ പാളിനോക്കുന്നു;

ചിരിക്കുന്നു.

എന്റെ മിഠായിക്കടേ...

ഈ ഭരണികളിലെ മിഠായികൾ

എനിക്ക് തരുമോയെന്നവൾ

ചോദിക്കുന്നു...

ഇഷ്ടമുള്ളത്

തുറന്നെടുത്തോയെന്ന് ഞാൻ

ഞാനൊരിക്കലും

കാണാത്ത മിഠായികളാണല്ലോ

ഇവയുടെ പേരു പറയൂ എന്നവൾ.

ഒന്നിൽ ഓർമകൾ

ഒന്നിലിഷ്ടങ്ങൾ

പിന്നെ

ദുഃഖങ്ങൾ

നിലവിളികൾ...

ഓർമകളുടെ

മിഠായിഭരണി

അവൾ തുറന്നതേ

ചുറ്റും പരന്ന സുഗന്ധത്താൽ

എനിക്കുവേണം

എനിക്കുവേണം

എന്നൊരുപാട് കൈകൾ നീളുന്നു.

വേറെയാർക്കും

കൊടുക്കില്ലെന്ന

വാശിയാലവൾ

മുഴുവനായ് തന്നിലേക്ക്

കുടഞ്ഞിട്ടെടുക്കുന്നു.

വല്ലാത്തൊരാർത്തിയോടെ

ഓർമകളും

ഇഷ്ടങ്ങളും

അവൾ സ്വന്തമാക്കി.

ദുഃഖങ്ങളിൽ കൈ​െവച്ചതേ

വേണ്ടാവേണ്ടായെന്നു

ഞാനവളെ വിലക്കി

അതും കുറേ വാരിയെടുത്ത്

എന്നോടൊന്നും മിണ്ടാതെ

അടുത്ത സ്റ്റേഷനിൽ ഇറങ്ങിപ്പോയി.

കണ്ണിൽനിന്നും മറയുംവരെ

നോക്കിനോക്കി നിന്ന ഞാൻ

അവൾ തുറക്കാതിരിക്കാൻ

മുറുക്കിയടച്ചിരുന്ന ഭരണിയിലേക്ക്

തൊണ്ടയിൽകുടുങ്ങിനിന്നവയെ

കുലുക്കിക്കൊള്ളിച്ചു

വീണ്ടും മുറുക്കിയടച്ചു...

നിലവിളികൾ ആർക്കും

പങ്കുവെക്കാനുള്ളതല്ല

അവയെന്റേത് മാത്രമാണ്...


Show More expand_more
News Summary - weekly literature poem