Begin typing your search above and press return to search.
proflie-avatar
Login

ബേനിച്ചൊങ്കന്‍

ബേനിച്ചൊങ്കന്‍
cancel

വീത്കുന്ന് വയലിലെ 1 മേലേരിക്കുമുന്നില്‍ കത്തിയെരിഞ്ഞോ- രരയോടയിലന്ന് ഉള്ളുപൊള്ളി കനം വെച്ച് സിംഹരൂപം പൂണ്ടലറി കുഞ്ഞാരക്കനലാടി 2‘‘ഇഡുവിലെ തീക്കുന്ന് തച്ചുടച്ചിട്ടുംമതിവരാന്നുള്ളൊരു തോന്നലുള്ളത്തില്‍ കനല്‍ക്കട്ടയായി കത്തിനിപ്പുണ്ടോ 3കാര്‍ന്നോന്‍?’’ പെരുമീനുദിക്കുംകാലംമലങ്കാറ്റ് വീശുന്നേരം 4കനലാടിമാരെക്കുടഞ്ഞ് മേലേരിയേറ്റു കോലം നെഞ്ച്‌കൊണ്ട് 5നിരിപ്പുടച്ച് നൂറ്റൊന്ന് വാവട്ടംവീണ്ടും കമിഴ്ന്നും മലര്‍ന്നും നിരങ്ങിയും കനല്‍വീണ് വയറുപൊള്ളുമ്പോള്‍ സിംഹശബ്ദം മുരണ്ടു തലപ്പാളി കത്തിനെഞ്ചാങ്കൂട് കത്തി ഇടതുകാലിന്‍ പെരുവിരലുകത്തി ചാരപ്പുക ചുമച്ച് തുപ്പി വയല്‍...

Your Subscription Supports Independent Journalism

View Plans

വീത്കുന്ന് വയലിലെ

1 മേലേരിക്കുമുന്നില്‍

കത്തിയെരിഞ്ഞോ-

രരയോടയിലന്ന്

ഉള്ളുപൊള്ളി കനം വെച്ച്

സിംഹരൂപം പൂണ്ടലറി

കുഞ്ഞാരക്കനലാടി

2‘‘ഇഡുവിലെ തീക്കുന്ന് തച്ചുടച്ചിട്ടും

മതിവരാന്നുള്ളൊരു തോന്നലുള്ളത്തില്‍

കനല്‍ക്കട്ടയായി കത്തിനിപ്പുണ്ടോ

3കാര്‍ന്നോന്‍?’’

പെരുമീനുദിക്കുംകാലം

മലങ്കാറ്റ് വീശുന്നേരം

4കനലാടിമാരെക്കുടഞ്ഞ്

മേലേരിയേറ്റു കോലം

നെഞ്ച്‌കൊണ്ട് 5നിരിപ്പുടച്ച്

നൂറ്റൊന്ന് വാവട്ടംവീണ്ടും

കമിഴ്ന്നും മലര്‍ന്നും നിരങ്ങിയും

കനല്‍വീണ് വയറുപൊള്ളുമ്പോള്‍

സിംഹശബ്ദം മുരണ്ടു

തലപ്പാളി കത്തി

നെഞ്ചാങ്കൂട് കത്തി

ഇടതുകാലിന്‍

പെരുവിരലുകത്തി

ചാരപ്പുക ചുമച്ച് തുപ്പി

വയല്‍ നിലത്തുവീണു

പാതികത്തിയ തീചാമുണ്ഡി

6ജമ്മകണിശന്‍ കവടി നിരത്തി

രാശിയില്‍ കരടുകണ്ടു

കർമംപിഴച്ചോന്‍ മലയന്‍

പ്രായശ്ചിത്തം പിഴപ്പണംകെട്ടി

ദേവനു മുമ്പില്‍ മാപ്പിരക്കേണം

7വിളക്കിലരി കഴിഞ്ഞ്

8പേളിക തലയിലേറ്റുമ്പോള്‍

സ്ഥാനികന്‍ ഓശാരം ചൊല്ലി

‘‘അഞ്ഞൂറ്റൊന്നുണ്ട് ബാക്കി

പിഴപ്പണം കഴിച്ച് 9കോളില്‍’’

ചാരം പൊതിഞ്ഞുവന്നൊരു വാക്ക്

കുഞ്ഞാരന്‍ തുപ്പി

‘‘ഞാങ്ങള്‍ക്കത് വേണ്ട കാര്‍ന്നോന്‍’’

ഉച്ചസൂര്യനുച്ചിയില്‍ കത്തുംന്നേരം

പേളികയിറക്കിയയാള്‍

ജമ്മാധാരം കിട്ടിയ പുരയില്‍

വീണല്ലോ വിറകുകൊള്ളിപോല്‍

പാതികത്തിയോരടുപ്പിന്‍ വായില്‍

കനല്‍കെട്ടൊരു പടുകൊള്ളി പുകഞ്ഞു

‘‘പാറുപോയിട്ടിന്നേദിന-

മൊരാണ്ടു തികഞ്ഞില്ലേ പണിക്കരെ...’’

മുറ്റത്തെ തോട്ടിലൊന്നു മുങ്ങിനീര്‍ന്നു

നെഞ്ചുപൊള്ളിയതില്‍ പരലുകള്‍ കൊത്തി

ചാരമൊഴിഞ്ഞ് ചോന്നവായ്കാട്ടി

പെരുവിരല്‍ മുറിവില്‍ കത്തലുയര്‍ന്നു

അന്തിവെളിച്ചം കാവില്‍ നിറയെ

പേളിക വീണ്ടുമെടുത്തു കനലാടി

താഴെക്കാട്ടില്ലത്ത് മൂവാണ്ട് തിറയല്ലോ

മൂന്നുനാള്‍ കളിയാട്ടം നാലുനാട് കൂടുമല്ലോ

ഇല്ലമുറ്റത്ത് തീണ്ടല്‍ വിലക്കുണ്ട്

നാട്ടു ജനത്തിനും തീണ്ടലുണ്ട്

ഇല്ലത്തിന്‍ മുറ്റം തീണ്ടാതൊഴിയാന്‍

കളിയാട്ടപ്പെരുംകളം

അരമതില്‍ പുറകിലൊരുക്കി

ചെണ്ടമേളത്തിന്‍ രൗദ്രാങ്കണത്തില്‍

അരിച്ചാന്ത് തേച്ച് മുഖപ്പാള വെച്ച്

പുലപ്പൊട്ടനാടി കുഞ്ഞാരക്കനലാടി

ചെമ്പകപ്പുളിമരനിരിപ്പില്‍നിന്നൊരു

കനല്‍ വാക്കെടുത്ത് പൊട്ടനെറിഞ്ഞു

തന്ത്രിജനത്തിന്‍ ചെവിക്കൂട് പൊട്ടിച്ച്

പൊട്ടഞ്ചിരിയത് കതിനപോല്‍ മുഴങ്ങി

‘‘നാങ്കളെ കൊത്ത്യാലും ചോരേല്ലേ...’’

10നടുക്കളിയാട്ടത്തിന്നാരംഭനേരത്ത്

ഘോരരൂപം പൂണ്ട ചാമുണ്ഡിയായയാള്‍

വട്ടമുടികെട്ടി തെയ്യമലറി

കൈതാങ്ങും കനലാടിക്കൂട്ടം പിടഞ്ഞു

തന്ത്രിമുഖ്യന്മാര്‍ക്കിരിപ്പിടം തെറിച്ചുപോയ്

ജ്വലിച്ച കണ്ണുകാട്ടി

ചുവന്ന നാക്ക് നീട്ടി

അസുരവാദ്യപ്പെരുങ്കൂറ്റില്‍

ചിലമ്പിട്ട തെയ്യമലറി

‘‘പറിച്ചു നട്ടേടത്തും കരിച്ചു വാളിയേടത്തും

പത്തിനു പതിനാറായി പൊലിപ്പിച്ചോളല്ലോ ഞാന്‍

നിന്റെ പടിഞ്ഞാറ്റേലെന്നുമമരുന്നോള്‍ക്ക്

മിറ്റം തീണ്ടാകാര്യമോ തന്ത്രീ..?’’

കനല്‍ക്കട്ട മുഖംതാഴ്ത്തി

തന്ത്രിമാര്‍ ജ്വലിക്കുന്നു

തീണ്ടാപ്പാടകലത്താ-

യിരിക്കുമവര്‍ണസ്ഥാനീകന്മാര്‍

മുഖംചോന്നുവിറയ്ക്കുന്ന

തന്ത്രിവാക്കവരെതിരേറ്റു

‘‘ഊരു വിലക്കണം മലയനെ

പാഠം പഠിക്കണം പരിഷകള്‍’’

ഒഴിയേണം പെരുമലയന്‍ പട്ടം

ഒഴിയേണം ജമ്മപ്പുരയും

കൂട്ടിന്കൂടരുതാരും

ചത്താല്‍ ശവംപോലും

തൊട്ടേക്കരുത്

ചതുപ്പാം പുറമ്പോക്കില്‍

കുടിലുകെട്ടി കനലാടി

നാട്ടുകാര്‍ മിണ്ടാതായി

പൊള്ളിയ കാല്‍വിരല്‍

ചലത്താല്‍ കനം വെച്ചു

ആതുരാലയത്തില്‍പോവാന്‍

ആളുകള്‍ തുണയില്ലാതായ്

പച്ചോലയീര്‍ന്നീടുന്ന

പിച്ചാത്തി കൊണ്ടന്നയാള്‍

വെട്ടിയെടുത്തു വിരല്‍

ചോരച്ച ചലം മൂത്ത്

കോശങ്ങള്‍ ചത്തൂ നാറ്റം

പ്രാണന്‍ പിടയും നേരം

മൂക്കിനെ ചുകപ്പിച്ചു

അടുപ്പില്‍നിന്നൊരു കൊള്ളി

വലിച്ചെടുത്തേനയാള്‍

നിമിഷം പ്രാർഥിച്ചല്‍പ്പം

വലിച്ചെറിഞ്ഞല്ലോ കൊള്ളി

വീശുന്നു കാറ്റുമുഗ്രം

തീക്കുകൈ സഹായമായി

ചാടിത്തിമര്‍ത്തേനപ്പോള്‍

ചെറ്റപ്പുരയില്‍ പടര്‍ന്നഗ്നി

ചോന്ന തീ നാളങ്ങള്‍ വാനില്‍

ചെന്തീയമരയ്ക്കുമ്പോള്‍

തീപ്പോതിക്കോലം പോലെ

മെയ്കത്തി കനലാടി

തന്ത്രിമാര്‍ സ്ഥാനീകരു-

മോരോന്നായവരെത്തി

കഷ്ടമെന്നോതിയന്നു

നാട്ടുകാരിടഞ്ഞപ്പോള്‍

തെക്കു തെക്കേ ദിക്കില്‍നിന്നും

വീശിയ കാറ്റിന്‍ ചൂട്ടില്‍

തീചാമുണ്ഡി 11വാചാലുപോല്‍

കനലാടിക്കൂറ്റു കേട്ടു

‘‘വന്നവരു നിന്നു...

നിന്നവരിരുന്നു...

ഇരുന്നവരു മുഷിഞ്ഞുവല്ലോ തന്ത്രീ...

നിഷേധികളെക്കാലവും

വെട്ടിവീഴ്ത്തും മരങ്ങളല്ലോ!

ദിവാകര നിശാചരരായ

അര്‍ക്കചന്ദ്രന്മാര്‍

ഒരുഭാഗേയുദിച്ച്

മറുഭാഗേ അസ്തമിക്കുംപ്രകാരം

പടിഞ്ഞാറല്ലോ അസ്തമാനം...

ഊവ്വേ...’’

കത്തുന്നോരുച്ചവെയില്‍

കടുംതട്ടകത്തില്‍

കുഞ്ഞാരക്കരിങ്കോലം കാറ്റില്‍

ചെമ്പട്ടുടുത്തൂ ചാരം.

==========

* വേനലില്‍ മാത്രം പൂത്ത് ചുവക്കുന്നത് (വാകമരം)

പഴയകാലത്ത് തെയ്യം കലാകാരന്മാരെ ഇങ്ങനെ വിളിച്ചിരുന്നു

1. തീക്കൂന

2. വിഷ്ണുമൂര്‍ത്തിയുടെ സ്ഥാനത്തിന് മുന്നില്‍

മണ്ണ് കൊണ്ട് തീര്‍ക്കുന്ന കോട്ട (ഹിരണ്യന്‍കോട്ട)

3. സ്ഥാനികന്‍

4. തെയ്യംകെട്ടുന്നവര്‍

5. തീക്കൂന

6. പാരമ്പര്യമായി കൽപിച്ചുകൊടുക്കുന്ന അധികാരം

7. തെയ്യം ചടങ്ങിന്റെ അവസാന ഘട്ടം

8. തെയ്യച്ചമയങ്ങള്‍ ഇട്ടു​വെക്കുന്ന പെട്ടി

9. തെയ്യക്കൂലി

10. രണ്ടാം ദിനത്തെ കളിയാട്ടം

11. തെയ്യത്തിന്റെ മൊഴി

* * *

കടപ്പാട്: ബേനിച്ചൊങ്കന്‍; കുഞ്ഞാര കനലാടി -അനുഭവം

വി.കെ. അനില്‍ കുമാര്‍



News Summary - weekly literature poem