പ്രണയമൊരു മൂങ്ങ പറക്കലാണ്
പൂച്ചയെ പോലെ പമ്മിയും
മൂങ്ങ പറക്കലിനെയനുകരിച്ചും
രഹസ്യമായൊരേര്‍പ്പാടാകാറുണ്ട്,
പ്രണയം.
രാത്രിയില്‍ ഇരപിടിക്കാനിറങ്ങുന്ന
മൂങ്ങയെ പോലെ,
നിശ്ശബ്ദത അതിന്റെ ഹൃദയമാണ്.
ഒരൊറ്റ മൂളലിനാല്‍,
ഭയത്തിന്റെ
തെയ്യക്കോലമെടുപ്പിക്കുന്ന
മൂങ്ങയെ പോലെ
ലോകം പ്രണയികളെ നോക്കുന്നു.
സിരകളില്‍ പെറ്റുകൂട്ടുന്ന വെറുപ്പ്,
മന്ത്രോച്ചാരണംപോലെ
തെരുവിലേക്കിറങ്ങി
പ്രണയികളെ തേടുന്നു,
ഹിംസകൊണ്ടതിരിടുന്നു.
പ്രണയികളുടെ ഭരണഘടനയില്‍
പുതിയ അനുച്ഛേദങ്ങളെഴുതപ്പെടുന്നു.
തലകീഴായി കെട്ടിത്തൂക്കപ്പെട്ട
അവരുടെ ലോകത്ത്,
പകലിനേക്കാള്‍ തെളിച്ചം
രാത്രിക്കാണ്.
മൂങ്ങയുടെ മൂളലില്‍നിന്ന്
കടമെടുത്തൊരു
പ്രണയഭാഷയില്‍
അവര്‍ ചേര്‍ന്നുനില്‍ക്കുന്നു,
ചുംബിക്കുന്നു.
ഒരു ചില്ലയില്‍നിന്ന് മറ്റൊന്നിലേക്കോ,
മരത്തിലേക്കോ
പറക്കുന്ന മൂങ്ങയെ പോലെ
ശബ്ദത്തിന്റെ ചെറുകണികപോലുമില്ലാതെ
പ്രണയമതിന്റെ ലക്ഷ്യത്തെ തൊടുന്നു.