നിലാവ് നെയ്ത നീല മേഘങ്ങൾ
സ്നേഹത്തിന്റെ ചെറുതുരുത്തിൽനിലാവിനെ പതിവെച്ച് വിരിയിച്ചതാണ് നീലമേഘങ്ങൾ അന്തിമാനത്തെ ചെമ്പരത്തിപ്പൂക്കളിറുത്ത് ഇരുട്ട് മാല കോർത്തപ്പോൾ അത് നക്ഷത്രങ്ങളായെന്ന്! പൊടിമണ്ണിന്റെ നേർത്തയിതളുകൾ നിഴൽച്ചിത്രങ്ങളെഴുതി- കറുമ്പിരാവിന്റെ കവിൾത്തുടുപ്പിനെ കളിയാക്കി. പാതിരാപ്പുറത്തെ പൂക്കൈത ഇടംവീശി, വലംവീശി അടുക്കുചേർത്ത്, നിലാവ് നെയ്തെടുത്തൂ- പുഴയതൊന്ന്! ഇടമുറിഞ്ഞ് ഇടിവെട്ടി മഴ ചിണുങ്ങിയപ്പോൾ...
Your Subscription Supports Independent Journalism
View Plansസ്നേഹത്തിന്റെ ചെറുതുരുത്തിൽ
നിലാവിനെ പതിവെച്ച് വിരിയിച്ചതാണ്
നീലമേഘങ്ങൾ
അന്തിമാനത്തെ ചെമ്പരത്തിപ്പൂക്കളിറുത്ത്
ഇരുട്ട് മാല കോർത്തപ്പോൾ
അത് നക്ഷത്രങ്ങളായെന്ന്!
പൊടിമണ്ണിന്റെ നേർത്തയിതളുകൾ
നിഴൽച്ചിത്രങ്ങളെഴുതി-
കറുമ്പിരാവിന്റെ കവിൾത്തുടുപ്പിനെ
കളിയാക്കി.
പാതിരാപ്പുറത്തെ പൂക്കൈത
ഇടംവീശി, വലംവീശി
അടുക്കുചേർത്ത്,
നിലാവ് നെയ്തെടുത്തൂ-
പുഴയതൊന്ന്!
ഇടമുറിഞ്ഞ് ഇടിവെട്ടി
മഴ ചിണുങ്ങിയപ്പോൾ
നീലമേഘമതൊരുതുണ്ട്
നിലാപ്പുഴയിൽ നീന്തിനിവർന്നു.
അടിത്തട്ടിൽ,
അഴകൻ പരലിനെ കെറുവിച്ച്
മേൽപ്പുരയ്ക്കൽ മഴവില്ല് വിരിച്ച്
നനഞ്ഞൊട്ടിയൊതുങ്ങി നിന്നു.
ഇറ്റു ചൂടുമായ് മിന്നാമിന്നികൾ
അവിടെ മേൽകായാൻ വന്നു.
പുഴയുടെയൊഴുക്കപ്പോൾ
അതിതാരസ്ഥായിയിൽ അലയിളകിയഴിഞ്ഞു
ഗൃഹാതുരതയിൽ നീലമേഘങ്ങൾ
അമ്പിളിത്താളിൽ
നിലാമുനയാൽ കവിതകുറിക്കുന്നു
നെടിയമണൽപ്പരപ്പിൽ
കെട്ടുവള്ളത്തിൽ
തെളിനീരുതേടി തുഴയെറിയുന്നു
മകരം കടന്ന്,
പൂക്കാതെ മടിച്ച മാങ്കൊമ്പിനെ
മീനച്ചൂടിൽ തെരുതെരെ കലമ്പുന്നു*
പെയ്യാതെ പമ്മുന്ന മഴയെ
പുന്നാരംചൊല്ലി പാട്ടിലാക്കാൻ നോക്കുന്നു
തിളച്ച് തൂവിയ വെയിലിനെ
അണച്ചു നിന്നനുതപിക്കുന്നു
കൈയെത്താത്ത കളിമൺ കുടുക്കയിൽ
ഏഴ് വൻകരകളെ, പഞ്ചമഹാസമുദ്രങ്ങളെ
കുലുക്കിയിട്ട് കിലുങ്ങിച്ചിരിക്കുന്നു!
======
കലമ്പുക - വഴക്ക് പറയുക