ഇല്ലാത്ത കസേര
അവളുടെ വീടന്വേഷിച്ചു ചെന്നു
മുറ്റത്ത് അലസം കിടക്കുകയായിരുന്ന പൂച്ച
എന്നെ കണ്ടതും, ഉമ്മറത്തെ കസേരയിൽ
ചാടിക്കയറിയിരുന്ന് കൂർത്ത നോട്ടം തന്നു
അതിന്റെ കണ്ണിൽനിന്നും തിരിച്ചു
കയറാനാവാതെ, കൈകാലുകൾ തളർന്ന്
നിലവിളിയോളമെത്തി നിൽക്കെ
വാതിൽ തുറന്ന് അവൾ
‘‘ദാ അങ്ങോട്ടിരിക്കൂ’’
അവൾ കസേരയെ ചൂണ്ടുന്നു
ഇല്ലാത്ത കസേരയെ
എങ്കിലും അങ്ങനെ സങ്കൽപിച്ചുകൊണ്ട്
അനുസരണയോടെ അതിലിരുന്നു.
മൗനം പുകഞ്ഞ് തമ്മിൽ മറഞ്ഞീടുമെന്നായി-
യെങ്കിലും അവൾതന്നെ തുടങ്ങട്ടെയെന്ന്
പഴയ പിണക്കങ്ങളുടെ പതിവിനെ
പിരിയാനാവാതെ നിൽക്കെ
അകത്തുന്നാരോ വിളിച്ചെന്ന ഭാവേന
തിടുക്കത്തിലവൾ തിരികെ നടന്നുമറയെ
നെഞ്ചിൻകൂടിനൊരു കൊളുത്തു
വന്നുവീണു.
ശ് ശ് ശ്...
പനിനീർപൂക്കളെ വാഴ്ത്തിപ്പാടുന്ന-
തേതൊരുവൻ
സ്വീകരണമുറിയിലപ്പോൾ!
തീൻമുറിയിലുമുണ്ടൊരാൾ!
ഓരോ ഇറക്ക് കാപ്പിയും ആസ്വദിച്ച്
ഊതിയൂതിക്കുടിക്കുന്നതിന്റെ ഒച്ച
കിതപ്പും ശീൽക്കാരവുമിഴചേർന്ന്
താക്കോൽപ്പഴുതിലൂടൊഴുകിവരുന്നു
ഏതൊരുവൻ കിടപ്പുമുറിയിൽ!
ഹൃദയം പിളരുന്നതുപോലെ...
ആരാണത്..?
ആരാണാ പാട്ടുകാരൻ?
പൂച്ച പറഞ്ഞു:
‘‘അതു നീയല്ലാതെ മറ്റാര്’’
ഞാനോ..!
‘‘നോക്കൂ
ഒന്നിരിക്കാനേ അവൾ പറഞ്ഞുള്ളൂ
ഇരിക്കാൻപോലും പറഞ്ഞില്ല
എന്നിട്ടും സ്വീകരണമുറിയിലും, തീൻ
മുറിയിലും, കിടപ്പുമുറിയിൽപ്പോലും
ക്ഷണിക്കപ്പെടാതെ കയറിച്ചെന്നു;
നീ സംശയങ്ങളുടേയും സങ്കൽപങ്ങളുടേയും മാത്രം കാമുകൻ
ഇനിയുമെന്തിനിവിടെ നിൽക്കണം?
അകത്തോ പുറത്തോ നിനക്കിരിപ്പിടമില്ലെന്നിരിക്കെ’’
നീയൊരു കള്ളിപ്പൂച്ചയാണ്
നിനക്കെന്തറിയാം, അവളെന്റെ നിഴൽ പോലെ കൂടെ.
‘‘നിനക്ക് നിന്റെ നിഴൽ,
അവൾക്ക് എന്റെ നിഴൽ,
നീ രണ്ടു കാലിൽ മുടന്തുമ്പോൾ
അവൾ നാലു കാലിൽ നിന്റെ കാഴ്ചക്കുമപ്പുറം ഓടുന്നു’’
ഇല്ല, ഞാനിത് വിശ്വസിക്കില്ല
നിന്റെ പൂച്ചക്കണ്ണിലല്ല ലോകം
‘‘ഞങ്ങൾ പൂച്ചകളെപ്പോലെ ഈ ഭൂമിയിൽ
ഏതൊരാണിനെയവൾ വിശ്വസിച്ചു..?
വേറെയാർക്കാണ് അവളുമായ് ഇത്രമാത്രം
രഹസ്യങ്ങളുടെ കെട്ടിയിരുപ്പുള്ളത്?
അവൾ ലോകത്തെ കാണുന്നതുപോലെ
കാണാൻ കഴിഞ്ഞിരുന്നെങ്കിൽ മുറിവേറ്റ
കാമുകരുടെ പാട്ട് ഇത്ര ഉച്ചത്തിലാവുമായിരുന്നില്ല.’’
ഹും... നിന്റെ പുലമ്പൽ വെറുമൊരടിമയുടേത്
‘‘കാണുന്നുവോ:
നിഗൂഢതകളുടെ നറുംപാൽ നുണഞ്ഞ്
ജീവിതകാമന പൂത്തിറങ്ങുമവൾതൻ മടിത്തട്ടിൽ
ലാളനയേറ്റു മയങ്ങുന്ന ഞങ്ങളെ’’
‘‘ഹാ..! എത്ര ആഡംബരമായ അടിമത്തം.’’