പൗര
തെരഞ്ഞെടുപ്പു ദിവസം
ബൂത്തിനു മുന്നിലെ തെരുവിൽ
പുലർച്ചെ അഞ്ചിനേ തുറന്ന
ആവി പൊന്തുന്ന ചായക്കടയിലിരുന്ന്
പുട്ടും കടലക്കറിയും തിന്നുമ്പോൾ
അടുത്തിരുന്ന്
ചായ ഊതിക്കുടിക്കുന്ന ഈ സ്ത്രീയാവാം
ബൂത്തിലെ ആദ്യ വോട്ടർ.
കൈയിലെ പേഴ്സിൽ നിന്നവർ
ചില്ലറയെണ്ണിയെടുക്കുമ്പോൾ
തിരിച്ചറിയൽ കാർഡുപോലെന്തോ
താഴെ വീണതു തിരികെവെച്ചു.
ക്യൂവിനു മുന്നിൽനിന്ന്
ഒന്നാമതായി വോട്ടു ചെയ്തശേഷം
പണിക്കു പോകാനുള്ളതാവും
ആദ്യത്തെ ബസ്സിന്.
വൈകീട്ട് ആറു കഴിഞ്ഞ്
ക്യൂവിനേറ്റവും പിറകിൽ
അവസാന വോട്ടർ.
പാറിപ്പരന്ന ആവിക്കിടയിൽ
രാവിലെക്കണ്ട പ്രസരിപ്പോർത്തു.
അവർ!
വിയർത്തൊട്ടി തണുത്ത മുഖം.
പണി മാറ്റിവരികയാണ്
തിരിച്ചറിയാക്കിതപ്പുമായ്.