ബുദ്ധജാതകം
1. ബുദ്ധപഥം എവിടെയോ സ്വയം നഷ്ടപ്പെട്ടുപോയ ഒരാളാവണം ബുദ്ധന്‍. അതോര്‍ത്തെടുക്കുകയാവണം അയാളെപ്പോഴും. നമ്മളയാളെ അരയാല്‍ത്തണലിലിരുത്തി. ധ്യാനമെന്നു വാഴ്ത്തി. തിരിച്ചെടുക്കാനാവാത്ത ഒരാളെ അത്രയും ഗൂഢമായി തിരയുകയായിരുന്നു അയാളെന്ന് ആരറിയാന്‍? വീടും കുടിയും തന്‍റേതെന്നൂറ്റം കൊണ്ടതെല്ലാം അയാള്‍ക്കതിനായി ഉപേക്ഷിക്കേണ്ടി വന്നു. അവനവനെത്തിരയുകയെന്നതെത്ര ക്ലിഷ്ടസാധ്യമായ യജ്ഞമാണെന്ന് അവനവനുപോലും തിരിച്ചറിയുക അസാധ്യം. ശരിയാണ്, നമ്മളൊന്നും ബുദ്ധനാവാത്തത് തിരിച്ചെടുക്കാനാവാത്ത അവനവനില്‍ത്തന്നെ ജീവിക്കുന്നതിനാലാവാം. ഒരു...
Your Subscription Supports Independent Journalism
View Plans1. ബുദ്ധപഥം
എവിടെയോ സ്വയം
നഷ്ടപ്പെട്ടുപോയ ഒരാളാവണം
ബുദ്ധന്‍.
അതോര്‍ത്തെടുക്കുകയാവണം
അയാളെപ്പോഴും.
നമ്മളയാളെ
അരയാല്‍ത്തണലിലിരുത്തി.
ധ്യാനമെന്നു വാഴ്ത്തി.
തിരിച്ചെടുക്കാനാവാത്ത ഒരാളെ
അത്രയും ഗൂഢമായി
തിരയുകയായിരുന്നു അയാളെന്ന്
ആരറിയാന്‍?
വീടും കുടിയും
തന്‍റേതെന്നൂറ്റം കൊണ്ടതെല്ലാം
അയാള്‍ക്കതിനായി
ഉപേക്ഷിക്കേണ്ടി വന്നു.
അവനവനെത്തിരയുകയെന്നതെത്ര
ക്ലിഷ്ടസാധ്യമായ യജ്ഞമാണെന്ന്
അവനവനുപോലും
തിരിച്ചറിയുക അസാധ്യം.
ശരിയാണ്,
നമ്മളൊന്നും ബുദ്ധനാവാത്തത്
തിരിച്ചെടുക്കാനാവാത്ത
അവനവനില്‍ത്തന്നെ
ജീവിക്കുന്നതിനാലാവാം.
ഒരു മിഥ്യാധ്യാനത്തില്‍.
അത്രയും എളുപ്പത്തില്‍
ബുദ്ധനാവാമെങ്കില്‍
പിന്നെന്തു ബുദ്ധന്‍?
2. ധ്യാനമിഴികള്‍
ബുദ്ധനെ ഞാന്‍ നോക്കുമ്പോള്‍
ബുദ്ധന്‍റെ കണ്ണുകളിലേക്കു നോക്കും.
ധ്യാനത്തിലുള്ളൊരു ബുദ്ധപ്രതിമയാണ്.
അതെപ്പോഴും അടഞ്ഞുകിടന്നു.
അടഞ്ഞ കണ്ണുകള്‍ക്കകത്ത്
ബുദ്ധനെപ്പോഴും എന്നെ നോക്കുകയാണെന്ന്
ഞാന്‍ കരുതി.
ബുദ്ധന്‍റെ അടഞ്ഞ കണ്ണുകള്‍ക്കകത്താണ്
എന്‍റെ ജീവിതമെന്നു ഞാന്‍ കരുതി.
ബുദ്ധന്‍റെ കണ്ണുകള്‍ക്കകത്ത്
ഉറങ്ങുമ്പോഴും
കണ്ണടക്കാനാവുകയില്ലെന്ന്
എനിക്കു മനസ്സിലായി.
ബുദ്ധന്‍റെ അടഞ്ഞ കണ്ണുകള്‍ക്കകത്താണ്
എപ്പോഴും തുറന്നിരിക്കുന്ന
എന്‍റെ കണ്ണുകള്‍.
ബുദ്ധന്‍റെ അടഞ്ഞ കണ്ണുകള്‍
ഒരു തടവറയാകുമോ?
എന്‍റെ കണ്ണുകളെ
തടവിലിട്ടിരിക്കയാകുമോ?
ബുദ്ധന്‍റെ ധ്യാനത്തിലടഞ്ഞ
കണ്ണുകള്‍ക്കകത്താണ്
എന്‍റെ കണ്ണുകള്‍.
ധ്യാനം ഒരേ സമയം തടവും
തുറസ്സുമാണെന്നെനിക്ക് മനസ്സിലായി.
ഒരേ സമയം കയവും പരപ്പുമാണത്.
ഒരേസമയം അകവും പുറവുമാണത്.
നചികേതസ്സും യമദേവനുമായുള്ള
സംവാദമെന്നപോലെ
ഡേവിഡിന്റെയും ഗോളിയത്തിന്റെയും
അഭിമുഖമാണത്.
ബിന്ദുവും ആകാശവുമാണത്.
ഓർമക്കും മറവിക്കുമിടയിലെ
ആഴമറിയാ കിടങ്ങാണത്.
എന്‍റെ കണ്ണുകളിപ്പോള്‍
ആ കിടങ്ങിലാണ്.
നിങ്ങളെപ്പോഴുമിങ്ങനെ
മിണ്ടാതിരിക്കുന്നതെന്താണെന്ന്
കൂട്ടുകാരി ചോദിക്കുന്നു.
ഞാന്‍ ബുദ്ധനില്‍നിന്നും നോട്ടം
അവളിലേക്ക് മാറ്റുന്നു.
അവള്‍ കണ്ണടക്കുന്നു.
എന്‍റെ കണ്ണുകള്‍
അവളുടെ കണ്ണുകള്‍ക്കുള്ളിലാവുന്നു.
ആസക്തിയുടെ പെരുങ്കടലില്‍
സൂനാമിയിലെന്നതുപോലെ
തിരകളിലാഞ്ഞടിച്ച്
ഞാനവളില്‍ ചിതറി വീഴുന്നു.
ഞങ്ങളുടെ മല്‍പ്പിടിത്തത്തിനിടെ
കൈ തട്ടി വീഴുന്നു ബുദ്ധപ്രതിമ.
തകര്‍ന്നില്ലാതാവുന്നു
ധ്യാനനിമഗ്നമിരുന്ന കണ്ണുകള്‍.
ആ ഉടഞ്ഞ കണ്ണുകളില്‍
പരസ്പരം പുണര്‍ന്നു കിടക്കുമ്പോള്‍
അറിയാനാവും ധ്യാനത്തിെന്റ അധിത്യക.
3. കാരുണ്യമൂർച്ച
എന്‍റെ ആട്ടിൻകുട്ടിക്ക്
മുടന്തുണ്ടായിരുന്നില്ല,
ബുദ്ധനായിരുന്നു മുടന്ത്.
ബുദ്ധനെ തോളിലേറ്റാൻ
ആട്ടിൻകുട്ടിക്കാവുമായിരുന്നില്ല,
ബുദ്ധൻ തന്നെ ആട്ടിൻകുട്ടിയെ
തോളിലേറ്റി.
യാഗശാലയെത്തിയതും
ആട്ടിൻകുട്ടി
ബുദ്ധന്‍റെ ചുമലിറങ്ങി
എങ്ങോട്ടോ ഓടിപ്പോയി.
മുടന്തനായതിനാൽ
ബുദ്ധനോടാനായില്ല.
അവർ ബുദ്ധനെ
നവദ്വാരങ്ങളുമടച്ച്
ബലിപീഠത്തിലിരുത്തി.
ബുദ്ധനെന്തൊക്കെയോ
പറയാൻ ശ്രമിച്ചെങ്കിലും
നവദ്വാരങ്ങളുമടഞ്ഞതിനാൽ
ഉടലൊരു പിടച്ചിലായി.
കഴുത്തിലേക്ക്
താണിറങ്ങി വരും
കത്തിത്തലപ്പിന്‍റെ
മൂർച്ചയോളം
ഉയിരറിയില്ലൊരു
കരുണയും.