മഷിമേഘക്കറുപ്പുകൾ
ഒരുവളുടെ സ്നേഹം താങ്ങാനാവാതെ
മൗനിയായ ഒരാള്‍
പാടുന്നതെപ്പോഴായിരിക്കും?
മഞ്ഞുതൊട്ടിറങ്ങി വരും
പുലരിയില്‍
നഗരവഴിയേ
ഒറ്റയ്ക്കൊരു കുയിൽപ്പാട്ട് കേട്ട്
നടക്കുമ്പോഴോ?
ഒരുവളുടെ ഓര്‍മകള്‍
താങ്ങാനാവാതെ ഒരുവന്‍
സ്വപ്നങ്ങളെ മേയ്ക്കുന്നതെപ്പോഴായിരിക്കും?
ചന്തയിൽ വിലപേശാത്തവരെ നോക്കിനിൽക്കേ
പ്രകടിപ്പിക്കാൻ കഴിയാത്തൊരാനന്ദത്തെ
മീൻകാരിയുടെ
കണ്ണിറുക്കിച്ചിരിയിൽ
കാണുമ്പോഴോ?
നീലാകാശം നോക്കി
പ്രിയപ്പെട്ടവളുടെ വാക്കുകള്‍ക്ക്
കാതോര്‍ക്കുമ്പോഴോ?
ഒരുവളുടെ പിണക്കങ്ങൾ
താങ്ങാനാവാതെ
കണ്ണു നിറയുന്നതെപ്പോഴാവും?
സായാഹ്ന നടത്തത്തിൽ
കമ്യൂണിസ്റ്റ് പച്ചിലകൾ
പൊട്ടിച്ച് മണത്ത്
കരിംപച്ചക്കാടിനെ തന്നെ
കൂടെ കൂട്ടുമ്പോഴോ?
കാര്‍മേഘത്താളുകളിൽ
അവളുടെ
കൺമഷി പടർന്നത്
പ്രേമമായി
വായിച്ചെടുക്കുമ്പോഴോ?
ഒരുവളുടെ സന്തോഷം
താങ്ങാനാവാതെ
കണ്ണുകളിൽ വെളിച്ചവുമായി
ഒരുവൻ
ലോകത്തിന്
ചേരാത്തവനെന്ന് തോന്നി
നാളെകളിലേക്ക് പ്രതീക്ഷകളെ
ചാരിനിൽക്കുന്നതെപ്പോഴാവും?
ശൂന്യത പെരുകി
മൂടിക്കെട്ടിയ ദിനങ്ങളെ
ചിരിചൊരിയും
സന്ദേശങ്ങളാൽ
കുടഞ്ഞുകളയുമ്പോഴോ?
ഒരൊറ്റ മഴയിൽ
വിത്തുകളുതിരുമ്പോൾ
ഋതുവാതിലുകളിലെ
കൈവേലകൾക്ക്
നെഞ്ചിലെ നിഗൂഢനിറങ്ങളെ
കൈമാറുമ്പോഴോ?