മനുഷ്യരെ പിടിക്കുന്നവർ
സന്ധ്യക്ക്,
പാലത്തിൽനിന്ന്
ആറ്റിലേക്ക് ഒരു ചൂണ്ട വീണപ്പോൾ
മരങ്ങൾ മനുഷ്യരെപ്പോലെ
ചുറ്റും കൂടിനിന്ന്
പിറുപിറുത്തു.
ചൂണ്ടയുടെ ഒരറ്റം ജീവിതത്തിലേക്ക്
അള്ളിപ്പിടിച്ചപ്പോൾ
മറ്റേത് ശ്വാസം കിട്ടാതെ
മരണത്തിലേക്ക്
താഴ്ന്നു താഴ്ന്നു പോയി.
ഒരു മീനും വിഴുങ്ങാതെ വിട്ട
കൊളുത്തുടക്കിയത്
വർഷങ്ങൾ മുന്നേ ആറ്റിൽ ചാടിയ
ഒരുത്തിയുടെ മുടിയിലായിരുന്നു.
ചത്ത് ചേറടിഞ്ഞ കണ്ണുകൾ തുറന്ന്
കുതറിയപ്പോൾ
പുഴമണ്ണ് കലങ്ങി മറിഞ്ഞൊഴുകി.
‘‘വിട്’’
നിലവിളി കുമിളകളായി
ഉയർന്നപ്പോൾ
ചൂണ്ടക്കാരൻ ചരടു വലിച്ചു.
അയാളുടെ വീട്ടിൽ
വിശന്നു കരയുന്ന കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.
‘‘വിട്’’
ചൂണ്ടയിൽ ശരീരമർപ്പിച്ച്
അയാൾ വലിച്ചടുപ്പിച്ചു.
വെള്ളത്തിന്റെ ഇരുണ്ട മേൽപ്പാളിക്കു താഴെ
മരണം അതിന്റെ അസ്തിത്വവുമായി
മല്ലിട്ടു.
‘‘വിട്!’’
മുടിക്കെട്ട് വിടർത്തിവെച്ച്
പാറക്കെട്ടുകളിൽ, ഉരക്കുഴികളിൽ
ഉരഞ്ഞ്
ചോര പൊടിഞ്ഞ്
ജലസസ്യങ്ങളുടെ വഴുക്കുന്ന ഇലകളിൽ
തൊട്ട് മുറിഞ്ഞ്
ഇരുട്ടിൽനിന്നും ഇരുട്ടിലേക്ക്
കടന്ന്,
അവൾ
രാത്രി അലിഞ്ഞിറങ്ങിയ
പുഴയുടെ ആഴങ്ങളിലേക്ക്
ഊളിയിട്ടു കയറി.
കൂടെ ചൂണ്ടക്കാരനും.