കാട്ടുപൂക്കൾ
കാണണമെന്നവൻ
കാട്ടുപൂക്കൾ വേണമെന്നവൾ.
പൊറാട്ടയടിക്കുമ്പോൾ
കാട്ടുപൂക്കൾ വിരിഞ്ഞു ഗന്ധം പരക്കുന്നു.
ഉപ്പിച്ചി രാജേഷിനെ കാട്ടുപൂക്കൾ പറിക്കാൻ
രണ്ട് ഗ്ലാസ് നാടൻ വാങ്ങിക്കൊടുത്തു
കാട്ടിലേക്കു പറഞ്ഞയച്ചു.
കാട്ടിലെത്തിയ ഉപ്പിച്ചിയെ
ആന ചവിട്ടിക്കൊന്നു.
മരിച്ചുകിടക്കുമ്പോഴും കയ്യിൽ
ഐരാണി പൂക്കൾ ഉണ്ടായിരുന്നുവെന്ന്
നാടൻ വിറ്റിരുന്ന കണ്ണേട്ടൻ
സ്വകാര്യമായി പറഞ്ഞു.
ഉപ്പിച്ചിയും കാട്ടാനയും ഐരാണിയും
സ്വപ്നങ്ങളിൽ പലതവണ മിന്നി.
കുറച്ചുദിവസം കഴിഞ്ഞവൾ പിന്നെയും
കാട്ടുപൂക്കൾ ചോദിച്ചു.
സാവധാനം എണ്ണയിൽ
ഇളകിപൊരിയുന്ന ഉള്ളിവടയിലവൻ
കാട്ടുപൂക്കൾ ചിരിക്കുന്നത് കണ്ടു.
പരിപ്പുവട, നെയ്യപ്പം, നെയ്പത്തൽ...
അങ്ങനെ ഒരുപാട് പൂക്കൾ
വിടർന്നുകൊണ്ടേയിരുന്നു.
മനസ്സ് കാട്ടുവള്ളികളിൽ
ഊഞ്ഞാലാടി.
പണ്ടാരിപ്പണി പെട്ടെന്ന് തീർത്ത്
എണ്ണക്കടികളെല്ലാം മാലയായി കോർത്ത്
പുതിയതരം പൂക്കളുമായി അവനിറങ്ങി.