ഇഴച്ചിലായൊരാൾ വന്ന്
ഇഴച്ചിലായൊരാൾ വന്നു ശ്രമിച്ചകത്തെത്തുവാനായ്
അരം നിവർത്തിയങ്ങോട്ടു തുരക്കുന്നതേ ക്ഷണത്തിൽ
കരം നിവർത്തൊരോങ്ങലിൽ വീണു ചുരുണ്ടുകൂടുന്നു
ഞരമ്പിനോരത്തപൂർണ ക്ഷതം ചുവന്നിരിക്കുന്നു.
തലയ്ക്കലുന്നം നോക്കിയിരിപ്പുറപ്പിച്ചൊരാൾ തന്റെ
ഇഴച്ചിലിൽ പിഴച്ചു, വലിച്ചൊരേറിൽപ്പെട്ടു പാഞ്ഞു,
വഴിക്കിറുത്തിട്ട വാലനക്കത്തിലുറച്ചു നിന്നു
അടുത്ത വട്ടത്തേയ്ക്കിതി ശ്രമം സുഭദ്രമാക്കിയെന്ന്.
തിരിച്ചു വിട്ടാലുമൊരുത്തനീ വഴിക്കുതന്നെയാ-
ണിഴച്ചിലിൻ ഗതി തിരിച്ചുവക്കുന്നതെന്നുറപ്പ്,
മറിഞ്ഞടിച്ചു കിടപ്പിലും സ്ഥിരോത്സാഹിക്കൊരൊറ്റ ലക്ഷ്യ-
മിഴഞ്ഞിഴഞ്ഞെന്നിലമർന്നു പൊങ്ങിക്കുമിഞ്ഞു കൂടാൻ.
സൊയമ്പനാം മറ്റൊരിഴച്ചിൽകാരനീ വളക്കുഴി-
പ്പടിക്കലിൽനിന്നു കൂടുന്നു നടത്തവണ്ടിക്കൊപ്പം,
എഞ്ചിനോളം പിടിച്ചിഴഞ്ഞെത്തുന്നതിൻ രസത്തിലാശാൻ
ഒന്നിറുക്കി, പ്പൊഴിഞ്ഞെങ്കിലു, മത്തിണർപ്പിലുണ്ടഗ്നി.
പുഴുത്ത നാട്യപ്പഴത്തിലൂടൊരുത്തനാമിഴച്ചിൽ
ചെരിഞ്ഞകത്തേക്കൊരീമ്പലിൽ നുഴഞ്ഞൊളിച്ചു ചാടവെ
പിടിച്ചു പല്ലിൻ പടുത്വ, മിരിച്ചെറിഞ്ഞെന്നാകിലും
അതിൻ പ്രകോപനപ്പുളി, പ്പെരിച്ചിൽ ഗന്ധമഗാധം.
മിടുക്കനാമൊരാൾ തന്റെ എരിച്ചിലിന്നിഴച്ചിലും
വലിച്ചു നീട്ടിപ്പിടിച്ചു, ‘മഗ്നി മീളേ’*യുരുവിട്ടും
മുതിർന്നതും, തൽക്ഷണം കാറ്റൂതി, ക്കെടുത്തി വിട്ടാലും
കനൽകൊളുത്തിന്റെയിഴച്ചിലുണ്ടിപ്പരിസരത്തെങ്ങും.
മേത്തു** തൊട്ടുള്ളക്കളികളങ്ങിരിക്കട്ടെയെന്നൊരു
കർശനപ്രകാശമിട്ടു രാപ്പകൽ സുരക്ഷിതത്വം
രുചിച്ചിരിക്കവേ, നേരേ വരാതൊരിഴച്ചിലിന്റെ
പാതിരാ തുണ്ടകത്തിരുന്നിറുക്കലും മെരുക്കലും...
നടന്ന കയ്യേറ്റശ്രമങ്ങളൊക്കെയും പ്രാണിസാഗര-
ത്തിര‘ത്തുടു’പ്പാലുള്ള കുഞ്ഞു തട്ടൽ പോൽ, ഇടയ്ക്കീ-
പൂമേനിക്കുള്ള ഉണർത്തുപാട്ടുകൾ, മറിച്ചീ വഴി
പുഴുക്കുടത്തിലേയ്ക്കാരു വരുന്നു കയ്യിടാനായ്?
==========
കുറിപ്പ്:
* - അഗ്നിമീളേ പുരോഹിതം
* *- ദേഹത്ത്