Begin typing your search above and press return to search.
ഭൂതവായ
Posted On date_range 10 Jun 2024 8:00 AM IST
Updated On date_range 10 Jun 2024 8:00 AM IST
ഭീമാകാരമൊരു രൂപം
ഭൂമി വിഴുങ്ങുന്ന ദിക്കിൽ
ഭക്തിയോടെ നിന്നു ഞാനും.
ഏകവുമനേകവും
വഹിക്കും
വഴിയാണതിന്റെ
പെരുത്ത വായ
ഒന്നുമറിഞ്ഞില്ലൊന്നിനെയും
ഓരോന്നായെല്ലാം,
ഒതുങ്ങിയകപ്പെട്ടതിന്റെ
വായിൽ.
അതെന്നെ,
വിഴുങ്ങുമെന്നു,
അറിയുന്നതാണിന്നെന്റെ ദുഃഖം,
അതിന്റെ നാവിൽ
തൂങ്ങി നിന്നെന്റെ
കൈ കഴച്ചു,
ഉടൽ വലിഞ്ഞു.
പെരുത്ത വായിൽനിന്നു
പൊടിയും,
രക്തവും മാംസാവശിഷ്ടങ്ങളും,
മരണവും
എന്നിൽ വീണു മൂടിനിൽക്കേ,
ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം
തെളിയുന്നു മേലെ
കാർമേഘങ്ങൾ മൂടിയ
നക്ഷത്രങ്ങൾക്കിടയിൽ.