ദേഷ്യത്തിന്റെ സിക്കാഡകൾ
എവിടെ നിന്നാണ് മനോഹരമായ ദേഷ്യത്തിന്റെ സിക്കാഡകൾ ഉയർന്നുവരുന്നത് എത്ര ആഴത്തിൽനിന്നും കോൺക്രീറ്റിൽ കുടുങ്ങിയ പൈപ്പിൽനിന്നും, പൊട്ടിച്ചിതറുന്ന കുപ്പിച്ചില്ലു പോലുള്ള ജലകണികകൾ, നീണ്ട കാലത്തിനുശേഷം തടവിൽനിന്നും പുറത്തുവരുന്നപോലെ കുടുസ്സു വഴികളിൽ കുടുങ്ങിയ ചെമ്മരിയാടുകൾ പെട്ടെന്നു തുറന്ന ആകാശച്ചെരിവിലേക്കു തുറക്കുന്നപോലെ മുമ്പോട്ട് നീങ്ങാതെ സീറ്റിലിരുന്നു മടുത്ത് മടുത്ത് അയാൾ ട്രക്കിൽനിന്നും താഴെയിറങ്ങുന്നപോലെ അല്ലെങ്കിൽ ഇപ്പോൾ അയാളുടെ ഭാര്യ വിളിച്ചിട്ടും വിളിച്ചിട്ടും കിട്ടാതെ വലിച്ചെറിയുന്ന മൊബൈലിന്റെ ചില്ലുപോലെ, അതിൽ തെളിയുന്ന...
Your Subscription Supports Independent Journalism
View Plansഎവിടെ നിന്നാണ് മനോഹരമായ
ദേഷ്യത്തിന്റെ സിക്കാഡകൾ
ഉയർന്നുവരുന്നത്
എത്ര ആഴത്തിൽനിന്നും
കോൺക്രീറ്റിൽ കുടുങ്ങിയ പൈപ്പിൽനിന്നും,
പൊട്ടിച്ചിതറുന്ന
കുപ്പിച്ചില്ലു പോലുള്ള
ജലകണികകൾ,
നീണ്ട കാലത്തിനുശേഷം
തടവിൽനിന്നും പുറത്തുവരുന്നപോലെ
കുടുസ്സു വഴികളിൽ കുടുങ്ങിയ
ചെമ്മരിയാടുകൾ
പെട്ടെന്നു തുറന്ന ആകാശച്ചെരിവിലേക്കു
തുറക്കുന്നപോലെ
മുമ്പോട്ട് നീങ്ങാതെ
സീറ്റിലിരുന്നു മടുത്ത് മടുത്ത്
അയാൾ
ട്രക്കിൽനിന്നും താഴെയിറങ്ങുന്നപോലെ
അല്ലെങ്കിൽ
ഇപ്പോൾ അയാളുടെ ഭാര്യ
വിളിച്ചിട്ടും വിളിച്ചിട്ടും
കിട്ടാതെ വലിച്ചെറിയുന്ന
മൊബൈലിന്റെ ചില്ലുപോലെ,
അതിൽ തെളിയുന്ന വിള്ളലുപോലെ
ദേഷ്യത്തിന്റെ സിക്കാഡകൾക്ക്
പടർന്നു കയറാനും പിടിച്ചുനിൽക്കാനും
പൊട്ടിത്തെറിക്കാനും തിരിച്ചടിക്കാനും
എന്തൊരു കരുത്ത്.
ഈ ഊർജമൊക്കെ
കുറച്ചു നിമിഷം മുമ്പ്
ആരുമറിയാതെ പതുങ്ങിയിരുന്നത്
എവിടെയാവും
ഏതോ ഉം എന്ന മറുപടിയിലോ,
കേൾക്കാതെ അടുക്കളയിൽ കൂടി
കടന്നുപോയ കാറ്റിന്റെ ചുണ്ടിലോ,
വേർപെട്ട ബോഗിപോലെ െറയിലിൽ,
തനിച്ചുകിടന്ന,
പറയാൻ വന്ന വാക്കിലോ,
ഒരു സംശയത്തിന്റെ മുനയിലോ,
എപ്പോൾ വേണമെങ്കിലും വീഴാവുന്ന
ഒരു പേടിയുടെ വക്കത്തോ
എവിടെയാവും
ഏറ്റവും ആഴത്തിൽ
ഇരുട്ടു മാത്രമുള്ള
ഓർമയുടെ കടലിൽ
മിന്നുന്ന വിചിത്ര
ജലജീവികളുടെ രൂപത്തിലോ
തന്റെ തന്നെ
സ്വന്തം ഐഡിയോളജിയുടെ
പടവിലോ ഒക്കെയാവാം
ഈ ദേഷ്യങ്ങൾ മുട്ടയിടുന്നത്
മലയിടിച്ചിൽ നിന്നതും
കല്ലുകൾ ഉരസാതെ പിടിച്ചുനിൽക്കാൻ തുടങ്ങിയതും
മുമ്പിലുള്ള വണ്ടികൾ നീങ്ങിത്തുടങ്ങിയതും
മഞ്ഞനിറമുള്ള ഒരു പക്ഷി വന്ന്
ഒരാളുടെ കയ്യിലിരുന്ന ദേഷ്യം മുഴുവൻ
കൊത്തിക്കൊണ്ടുപോയതും ഒപ്പമായിരുന്നോ.