Begin typing your search above and press return to search.
proflie-avatar
Login

ഒരു വീട്ടിലെന്തിരിക്കുന്നു

ഒരു വീട്ടിലെന്തിരിക്കുന്നു
cancel

ഇരുകൈകൾ വിടർത്തിയോരു നാൽക്കവല. വടക്കോട്ടുള്ളൊരു വീട്ടിൽ മരണം കിഴക്കേവീട്ടിൽ കല്യാണം തെക്കേതിൽ ഒരു പ്രസവം പിന്നെ പടിഞ്ഞാട്ടെ തിരണ്ടുകല്യാണം. നാലും കൽപിച്ച് നടന്നു വടക്കോട്ട്. ഉടുതുണിയും മുഖവും വിഷമം തേച്ച് നടത്തം മെല്ലെയാക്കിചെന്നു. പദവി, പൈസ, സംഘബലം കേമനായ കാരണവർ ഭാര്യ പോയിട്ടെട്ടാം മാസം താഴെവീണുപോയവൻ തലയിലും താഴത്തും വയ്ക്കാതെ മക്കൾ കൊണ്ടുനടന്നോരച്ഛൻ ഒടുവിൽ വിഷമം കണ്ടു സഹിക്കാതെ മരണത്തിനായി പ്രാർഥിച്ചവർ..! ഒരു കട്ടിൽ, ഒരൂന്നുവടി കുഴമ്പുനാറ്റം ഹോ മോചനം! കല്യാണത്തിന് ചോറൂണിന് ഡാർജിലിങ് യാത്രക്ക് പോകാൻ കഴിയാത്ത ദുഃഖം ഹോ മോചനം. ലീവ്, ഓഫീസ്,...

Your Subscription Supports Independent Journalism

View Plans

ഇരുകൈകൾ വിടർത്തിയോരു

നാൽക്കവല.

വടക്കോട്ടുള്ളൊരു വീട്ടിൽ മരണം

കിഴക്കേവീട്ടിൽ കല്യാണം

തെക്കേതിൽ ഒരു പ്രസവം

പിന്നെ

പടിഞ്ഞാട്ടെ തിരണ്ടുകല്യാണം.

നാലും കൽപിച്ച് നടന്നു

വടക്കോട്ട്.

ഉടുതുണിയും

മുഖവും വിഷമം തേച്ച്

നടത്തം മെല്ലെയാക്കിചെന്നു.

പദവി, പൈസ, സംഘബലം

കേമനായ കാരണവർ

ഭാര്യ പോയിട്ടെട്ടാം മാസം

താഴെവീണുപോയവൻ

തലയിലും താഴത്തും

വയ്ക്കാതെ മക്കൾ

കൊണ്ടുനടന്നോരച്ഛൻ

ഒടുവിൽ വിഷമം കണ്ടു സഹിക്കാതെ

മരണത്തിനായി

പ്രാർഥിച്ചവർ..!

ഒരു കട്ടിൽ, ഒരൂന്നുവടി

കുഴമ്പുനാറ്റം ഹോ മോചനം! കല്യാണത്തിന് ചോറൂണിന് ഡാർജിലിങ് യാത്രക്ക്

പോകാൻ കഴിയാത്ത ദുഃഖം ഹോ മോചനം.

ലീവ്, ഓഫീസ്, മീറ്റിങ്

അങ്ങനെയെല്ലാം വഴിക്കായിനിയെന്ന്

മക്കൾ മനം.

മരണവീട്ടിലേക്കുള്ളതിൽ

പാതി പഞ്ചാരയും

ചായയും പൊതിഞ്ഞ്

തെക്കോട്ട്.

അയയിലെ തുണികളുടെ

ഉണ്ണി മൂത്രപുണ്യാഹഗന്ധം.

ഉണ്ണിക്കണ്ണിലെ കൗതുകങ്ങൾ.

അമ്മയമ്മമ്മമാരുടെ പരിഭ്രമങ്ങൾ

ചുരന്ന അമിഞ്ഞകൾ​േപാൽ

മധുരിക്കും വർത്തമാനങ്ങൾ.

ആങ്കുട്ടിയാണെടാ

കരയരുതെന്നും

പെങ്കുട്ടിയാണെടാ

പൊട്ടിച്ചിരിക്കരുതെന്നും

വായ്ത്താരി കേൾപ്പിക്കും

ഉപദേശിയമ്മായിമാർ.

‘സുഖ’പ്രസവത്തിന്റെ വേദന തിന്നിട്ട്

അന്തംവിട്ടിരിക്കും പെറ്റമ്മമാർ.

പടിഞ്ഞാറെ വീട്ടിൽ

ഓടിച്ചാടി നടന്നവളെ

പിടിച്ചു കെട്ടിയിട്ടിട്ടുണ്ട്.

ഇവിടുന്നങ്ങോട്ട് നല്ലവണ്ണം സൂക്ഷിക്കണമെന്നും

അടക്കം ഒതുക്കം

എന്നുള്ളതെന്തോ

കാറ്റിലെവിടേയോ ഉണ്ട്

ഏഴാം നാളിലെ അടുക്കള കാണിക്കൽ ചടങ്ങ്

വിശദമായിത്തന്നെയുണ്ട്.

കിഴക്കോട്ട് പോകുമ്പോ ബിരിയാണി മണമുണ്ട്

കല്യാണ വീടിന്റെ കലപിലയുമുണ്ട്

കടമെടുത്തു

കയറുവാങ്ങി വച്ചൊരച്ഛനും

അമ്മയൊരുത്തിയുമുണ്ട്

കല്യാണം കഴിച്ചു‘കൊടുത്ത’

ബന്ധുക്കളും!

മരണവീട്ടിൽ ചിരിയുമുണ്ട്

കല്യാണ വീട്ടിൽ കരച്ചിലും

പ്രസൂതിവീട്ടിലമ്പരപ്പും

തിരണ്ട വീട്ടിലഗ്നിയും

ഒരു പേരിലെന്തിരിക്കുന്നു

എന്നതുപോൽ

ഒരു വീട്ടിലെന്തിരിക്കുന്നു

എന്നു ചിന്തയും!


News Summary - weekly literature poem