Begin typing your search above and press return to search.
proflie-avatar
Login

ആലീസ് കൊച്ച്

poem
cancel

വറീതേട്ടൻ മീൻ പിടിക്കാൻ

പോകുമ്പോഴാണ് രസം.

മീനുകൾ ഓടിയെത്തും.

വറീതേട്ടൻ ചൂണ്ട

വെള്ളത്തിലിടില്ല

കയ്യിലുണ്ടാകും,

പിന്നെ മീനുകളോട് മിണ്ടലാണ്.

ഒരു മഴക്കാലത്ത്

വെള്ളത്തിൽ വീണ്

ജീവൻപോയ ആലീസിനെയോർക്കും.

വീണതാണോ ചാടിയതാണോന്ന്

നിശ്ചയമില്ല.

കൊച്ചിന് നീന്താനറിയാല്ലോ,

പിന്നെങ്ങനാ.

ചിന്തിച്ചാലൊരന്തോമില്ല.

വറീതേട്ടന് ചത്ത മീനിനെ കാണുന്നതിഷ്ടമല്ല

അതുകൊണ്ടാണ് മീൻ പിടിക്കാത്തത്.

ജോസൂട്ടി കളിയാക്കും

അപ്പനെന്നാത്തിനാ

മീൻ പിടിക്കാൻ പോകുന്നതെന്ന്?

അപ്പനതാ സന്തോഷമെങ്കിൽ

നിനക്കെന്താന്ന് ജോണിക്കുട്ടിയും.

പുഴവക്കിലിരുന്ന് മടുക്കുമ്പോൾ

വീട്ടിൽ ചെല്ലും,

മരിയച്ചേട്ടത്തിയുണ്ടാക്കി വെച്ച

വറുത്ത പോത്തിറച്ചിയും

ജോസൂട്ടി കൊണ്ടുവന്ന

പുതിയ ബ്രാൻഡും

ചേർത്തു ഒറ്റപ്പിടിയാ.

അപ്പോ ആലീസ് കൊച്ച്

കൺമുന്നിൽ വന്ന് അപ്പാ

അപ്പാന്നങ്ങനെ വിളിക്കും.

കൊച്ചിങ്ങനെ വിളിച്ചോണ്ടിരുന്നാൽ

അപ്പനെന്നതാടാ ചെയ്യുന്നതെന്ന്,

പിന്നെ പുഴവക്കത്തൊറ്റപ്പോക്കാ.

വറീതേട്ടൻ ചായ കുടിക്കുമ്പോളാണ്

അടുത്ത രസം.

കടുപ്പമില്ലെന്ന് മധുരം പോരാന്ന്,

എന്റെ ആലീസ് കൊച്ചൊണ്ടാരുന്നെങ്കിൽ...

അന്നേരമൊരു ചായയും കപ്പും

അതിയാ​ന്റെ മനസ്സിൽ

വഴുതി വീണു പൊട്ടും.

പിന്നെ വരാന്തയിലെ

ചാരുകസേരയിൽ ചെന്ന്

മലർന്നു കിടക്കും.

മരിയച്ചേട്ടത്തിയന്നേരം

വെറുതെ നെടുവീർപ്പിടും.

പള്ളിയിൽ പോകാത്ത

വറീതേട്ടനിപ്പോൾ മുടങ്ങാതെ

പള്ളിയിൽ പോകാൻ തുടങ്ങിയതായിരുന്നു

അടുത്ത രസം.

പാട്ട് സംഘത്തിനിടയിലേക്ക്

വെറുതെ നോക്കി നിൽക്കും.

ആലീസ് കൊച്ചിന്റെ അത്ര

നന്നായി പാടാൻ

ഇവിടിപ്പോൾ ആരാന്ന്

വെറുതേ ചിരിക്കും.

കവലേന്നു വരുമ്പോൾ

കുപ്പിവളകളും ജിലേബിയും

അലുവയും കൊണ്ടുവരും.

അത് ആലീസ് കൊച്ചിന്റെ പതിവായിരുന്നു.

എന്നിട്ട് മുറ്റത്തുനിന്ന്

ആലീസ് കൊച്ചേന്ന് വിളിക്കും.

നിങ്ങളിങ്ങനെ വിളിച്ചോണ്ടിരുന്നാൽ,

എ​ന്റെ കൊച്ചിനവിടെ

സ്വൈരം കിട്ടുമോന്ന്

മരിയച്ചേട്ടത്തി ചങ്ക് പൊട്ടിക്കും.

ആകാശത്തെന്തിനോ

കറുത്തമേഘങ്ങളപ്പോൾ

പെയ്യാൻ മറന്ന്

തിരികെ പോകും.

l

Show More expand_more
News Summary - weekly literature poem