Begin typing your search above and press return to search.
proflie-avatar
Login

ചിന്താവിഷ്ടനായ പാറ

ചിന്താവിഷ്ടനായ പാറ
cancel

ആശാൻപാറയിലലകളൊടുങ്ങി ആകാശങ്ങളുറങ്ങി നരജീവിതവേദനകളടങ്ങി സ്ഫുടതാരങ്ങൾ മങ്ങി ഓങ്കാരത്തിരുനാദോന്മുഖരിത മോർമകളുണരുകയായി അദ്വൈതപ്രതിരൂപാത്മകമായ് വിശ്വമൊരണ്ഡാകൃതിയായ്! ഗുരുമുഖമൊന്നിലിടഞ്ഞിരുമിഴികളി ലഗ്നിശലാക പടർന്നു കർമോത്സാഹരഹസ്യമറി- ഞ്ഞുരകല്ലുകൾ മാറിയുരഞ്ഞു പ്രാണൻ പിടയും വേളകളിൽ പുതു ചിന്തകൾ ചിറകുകൾ നീട്ടി പൊന്താനുഴറിയ കാലുകൾ ബന്ധുര മായൊരു താളം തേടി! കേവല മാനവ ജീവിതരംഗം മലിനതമൂടി,യഭംഗം താണടിയുന്നൂ സാധുജനങ്ങൾ വീണടിയുന്നൂ പൂക്കൾ! ഉടജാന്തത്തിലൊരേകാന്തത്തിൽ പിടയും നിലവിളിയോടെ പടരും പ്രണയത്തീപ്പുക ചുറ്റി- ച്ചുടരും കണ്ണുകളോടെ മിന്നാമിന്നിപ്പൂവുകൾ...

Your Subscription Supports Independent Journalism

View Plans

ആശാൻപാറയിലലകളൊടുങ്ങി

ആകാശങ്ങളുറങ്ങി

നരജീവിതവേദനകളടങ്ങി

സ്ഫുടതാരങ്ങൾ മങ്ങി

ഓങ്കാരത്തിരുനാദോന്മുഖരിത

മോർമകളുണരുകയായി

അദ്വൈതപ്രതിരൂപാത്മകമായ്

വിശ്വമൊരണ്ഡാകൃതിയായ്!

ഗുരുമുഖമൊന്നിലിടഞ്ഞിരുമിഴികളി

ലഗ്നിശലാക പടർന്നു

കർമോത്സാഹരഹസ്യമറി-

ഞ്ഞുരകല്ലുകൾ മാറിയുരഞ്ഞു

പ്രാണൻ പിടയും വേളകളിൽ പുതു

ചിന്തകൾ ചിറകുകൾ നീട്ടി

പൊന്താനുഴറിയ കാലുകൾ ബന്ധുര

മായൊരു താളം തേടി!

കേവല മാനവ ജീവിതരംഗം

മലിനതമൂടി,യഭംഗം

താണടിയുന്നൂ സാധുജനങ്ങൾ

വീണടിയുന്നൂ പൂക്കൾ!

ഉടജാന്തത്തിലൊരേകാന്തത്തിൽ

പിടയും നിലവിളിയോടെ

പടരും പ്രണയത്തീപ്പുക ചുറ്റി-

ച്ചുടരും കണ്ണുകളോടെ

മിന്നാമിന്നിപ്പൂവുകൾ ചൂടിയ

ചുരുളൻ മുടിയിഴയോടെ

ഉഴവിൻചാലുകളിന്നും തീരാ

ദുരിതം നേദിക്കുന്നു

മുല്ലയിലഞ്ഞിത്തേന്മാവുകളു

മശോകവുമൊന്നായ് പൂത്തു

വന്നു വസന്തം നമ്മുടെ നാട്ടിലു

മെന്നറിയിക്കുകയായി!

ഗഗനം ഗഹനമതീതവിശാലം

അതിലലയുന്നൂ ഹൃദയം

ചിറകടി തളരാതുയരുകയായി

ശിഖരം തിരയുകയായി

സിംഹപ്രസവം കണ്ട കൊടുംകാ

ടുലയും ഗർജന ഘോഷം

പുതിയ കുടുംബത്തിൻ സന്ദേശം

മുഖരിതമാക്കുകയായി

നല്ല പിറപ്പുകൾ കാത്തുവളർത്താൻ

കാവൽനിൽക്കും സിംഹം

കൊന്നും വെന്നും വാഴും മാനവ

നേകുന്നൂ ഗുണപാഠം!

ഉപഗുപ്തപ്രതിഭാസംസ്കൃതിയായ്

പ്രണയം മാംസേതരമായ്

ഒന്നല്ലീനാമെല്ലാവരുമൊരു

കൈയാൽ വിരചിതമായി!

ദാഹത്തിനു കുളിർതണ്ണീർ വേണം

ലോകത്തിനു സ്നേഹം വേണം

കണ്ണുകളൊക്കെ മടങ്ങും, നന്മകൾ

മണ്ണായ്, വിസ്മൃതമാകുമ്പോൾ!

ഹിംസാവർഷം കൊണ്ടു കൊഴുത്തൂ

തിന്മക്കൊടുവനമെമ്പാടും

പകരം വേണം നന്മപ്പൂന്തോട്ടങ്ങൾ

അഹിംസാമാർഗങ്ങൾ

അക്ഷരമെന്നയനശ്വരചൈത-

ന്യത്തിൽ നിന്നുമകറ്റി

തൽപരകക്ഷികൾ മാനവരെപ്പല

തട്ടുകളാക്കി നിറുത്തി

കായക്ലേശമെഴും തൊഴിലുകളാൽ

ക്ഷീണിതരാക്കി മയക്കി

പാതിപ്പട്ടിണിയാക്കിപ്പലവിധ

പ്രാരബ്ധങ്ങൾ വളർത്തി

മസ്തിഷ്കപ്രക്ഷാളനമെന്ന

മഹായാഗങ്ങൾ നടത്തി

അപകർഷതയുടെ കൂരയിലവരെ

യുറക്കി, അയിത്തം ചാർത്തി

മണ്ണിൽ വിതയ്ക്കുന്നവരുടെ വിളവുക

ളെല്ലാം കൊള്ളയടിച്ചു

ഓരോ തൊഴിലിൻ കുറ്റിയിലോരോ

തലമുറ ബന്ധിതരായി

മാനവരൊറ്റക്കെട്ടായ് നിൽക്കും

ചരടുകൾ ദുർബലമായി

കേവലജീവിതമസ്വസ്ഥതയുടെ

കോലാഹലമായ് മാറി

‘ആശാൻപാറ’യിൽനിന്നുമിതിന്നൊരു

ബദൽസന്ദേശമുണർന്നു

'കന്മദ'മെന്നതുപോലെ സമൂഹ

ഞരമ്പിലൊരൂർജമുണർന്നു!

മാറ്റുക ജീർണതയുടെ നിയമങ്ങൾ

ജീർണിക്കും നാമല്ലെങ്കിൽ

നമ്മൾ നടക്കും മണ്ണിൽ ഇന്നും

വളരുകയാണസ്വസ്ഥതകൾ

തൊഴിലുകളെല്ലാമെല്ലാവർക്കും

ചെയ്യാം, തലമുറ പാലിക്കാം

കഴുകന്മാരുടെ ലോകം വേണ്ട

കരുതൽ വേണം സകലർക്കും

ക്ഷീണിക്കാത്ത മനീഷ മനുഷ്യർ-

ക്കെല്ലാമുണ്ടെന്നോർക്കേണം

കാലക്കേടുകളില്ലാതാക്കാൻ

കർമം ചെയ്യണമെല്ലാരും

അധ്വാനത്തിനു പൊന്നും വിലയാ

ണത്യാഗ്രഹമാണാപത്ത്

ശക്തിയിൽനിന്നും ശക്തിയിലേക്കു

കുതിക്കുക, മൃത്യുവിനിടമില്ല

ഉൽപന്നങ്ങളൊരിക്കൽ നശിക്കും

ഉൽപത്തിക്കതു കാരണമാകും

അസ്ഥിരമാണൈശ്വര്യം, ജീവിത

സ്വസ്ഥത തേടുകയാണാവശ്യം

മരണമൊരണലിപ്പാമ്പായ് നമ്മുടെ

വഴിയിൽ വന്നു ചുരുണ്ടു കിടക്കാം

പതറരുതെല്ലാം നേരായ് വരുവാൻ

പൊരുതണമൊരു നിമിഷം കളയാതെ

അട്ടിമറിക്കണമെല്ലാം പുതിയൊരു

സൃഷ്ടിസ്ഥിതിലയമുണ്ടാകേണം

വളരും ജിജ്ഞാസകളുൾക്കൊള്ളണ

മൂർജസ്വലമായീടണമെല്ലാം.

ആശാൻപാറയിൽനിന്നുമൊരുജ്ജ്വല

തേജോവലയമുയർന്നു

ആയതു ദൂരനഭസ്സിൽ, കൽപ-

മരത്തിലുഷസ്സായ് പൂത്തു!

തീരാതുള്ള വിചാരമേഘപടഹ-

ധ്വാനങ്ങളാൽ നിർഭരം

താഴാതുള്ളഭിവാഞ്ഛ കൊണ്ടുമഹിതോ

ത്സാഹം പകർന്നന്തരം

ആശാനാശയരൂപനായി സദയം

സന്ദേഹിയായ് സജ്ജനായ്

അമ്മാൻപാറയിലന്നു വന്നു പലതും

ചിന്തിച്ചു സന്തപ്തനായ്.

ഇതുവിധമമ്മാൻപാറ ചിന്ത ചെയ്തു

അതുവരെയുള്ളിലുണർന്നൊരോർമയെല്ലാം

പുതിയൊരു ലോകമുരുത്തിരിഞ്ഞു വന്നു

പഴയ വിലക്കുകളൊക്കെയും തകർന്നു

നവമൊരു ചേതനയാർന്നു പ്രാണനാളം

കേളികളാടിയുണർന്നു പുഷ്പവാടി

വേരുകളാഴ്ത്തിയുലഞ്ഞു ഗ്രാമവൃക്ഷം

തലകീഴായി മറിഞ്ഞു, പഴയലോകം

പുതിയതുകണ്ടു നടുങ്ങി, കീഴടങ്ങി

ആരു ഭരിക്കണമെന്നു നിശ്ചയിക്കാൻ

നേരധികാരികളായ് ജനാധിപത്യം!

കാലം വീണ്ടും കഴിഞ്ഞൂ, പലതരമിവിടെ-

ക്കൊള്ളകൾ പിന്തുടർന്നൂ

ലോകം താനേ ചലിച്ചൂ, സകലരുമവരായ്-

തീരുവാനാഗ്രഹിച്ചു

കൊന്നും വെന്നും ഭരിക്കുന്നവരൊടു കൊലവേ-

ണ്ടെന്നു ചൊല്ലാൻ തുനിഞ്ഞോർ

‘ആശാൻപാറ'പ്പടർപ്പിന്നടിയി,ലുറവയായ്

* *‘കരുണ’യെക്കണ്ടറിഞ്ഞു!!

========

* നെടുമങ്ങാട്-വേങ്കോട് ദേശത്ത് മഹാകവി കുമാരനാശാന് സ്വന്തമായുണ്ടായിരുന്ന വസ്തുവിൽ വളരെ വിസ്തൃതിയുള്ള ഒരു പാറയുണ്ടായിരുന്നു; ‘അമ്മാൻപാറ’. അതിപ്പോഴുമുണ്ട്! ആശാൻ പലപ്പോഴും അവിടെ വന്ന് പലതും ചിന്തിച്ചിരിക്കാറുണ്ടായിരുന്നു. ഇപ്പോൾ അത് ‘ആശാൻപാറ’ കൂടിയാണ്.

* * എവിടെയും കൊല്ലും ക്രൂരതകളും കൂടുന്നു. കരുണയെന്ന വികാരത്തിന് വിലയേറുന്നു.

News Summary - weekly literature poem